ബസ് ചാർജ് മിനിമം 10 രൂപയാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശിപാര്‍ശ.

കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയത്. റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11 ന് ഉന്നതതല യോഗം ചേരും.

അഞ്ച് കിലോമീറ്ററിന് മിനിമം ചാർജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് കമ്മീഷന്‍റെ പ്രധാന ശിപാർശ. തുടർന്നുള്ള ഓരോ രണ്ട് കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം. മിനിമം ചാർജ് 12 രൂപയാക്കിയുള്ള മറ്റൊരു ശിപാർശയും കമ്മീഷൻ റിപ്പോർട്ടിലുണ്ട്.

വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനമാക്കാനും ശിപാർശ ചെയ്തിട്ടുണ്ട്.

മിനിമം ചാർജ് എട്ട് രൂപയായി തുടരുകയാണെങ്കിൽ, ദൂരം കുറക്കണമെന്നും ശിപാർശയിലുണ്ട്.

കോവിഡ് കാലത്തേക്ക് മാത്രമുള്ള നിരക്ക് വർധനയാണിത്. അതിനാൽ ഇടതു മുന്നണിയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഗതാഗത വകുപ്പിന്‍റെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചാലുടൻ പ്രഖ്യാപനമുണ്ടായേക്കും. നിരക്ക് കൂടുന്നതോടെ ബസിൽ സാമൂഹിക അകലം ഏർപ്പെടുത്തുമോയെന്ന് വ്യക്തമല്ല.

നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് കമ്മീഷൻ റിപ്പോർട്ട് വേഗത്തിൽ സമർപ്പിച്ചത്.

നേരത്തെ 50 ശതമാനം ചാർജ് വർധിപ്പിച്ചത് ബസുകളിലെ സാമൂഹിക അകലം ഒഴിവാക്കിയതോടെ സർക്കാർ പിൻവലിച്ചിരുന്നു. ഇതിനെതിരെ ബസുടമകൾ കോടതിയെ സമീപിച്ചതോടെയാണ് കമ്മീഷനോട് റിപ്പോർട്ട് വേഗത്തിലാക്കാൻ സർക്കാർ ആവശ്യപ്പെട്ടത്.

LatestDaily

Read Previous

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസിൽ പ്രതി അബ്ദുള്‍ സലാം കീഴടങ്ങി

Read Next

വെള്ളരിക്കുണ്ട് പള്ളി വികാരിക്കെതിരെ ആരോപണങ്ങളുമായി ട്രസ്റ്റിമാർ