ബാങ്ക് വായ്പ മറച്ചുവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ളയ്ക്ക് കുരുക്ക്

കാഞ്ഞങ്ങാട്: ഗ്രാമീണ ബാങ്കിൽ നിന്നും 4 ലക്ഷം രൂപ വായ്പയെടുത്ത കാര്യം മറച്ചുവെച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാനായ ഐഎൻഎല്ലിലെ ബിൽടെക് അബ്ദുള്ളയ്ക്ക് കുരുക്ക്. തെരഞ്ഞെടുപ്പിൽ വ്യാജ സത്യവാങ്മൂലം നൽകിയ ബിൽടെക്കിനെതിരെ ഹൊസ്ദുർഗ് മുൻസിഫ് കോടതി കേസ്സെടുത്ത് നിയമനടപടികളാരംഭിച്ചു. യുഡിഎഫ് മുൻസിപ്പൽ കമ്മിറ്റി നിർദ്ദേശ പ്രകാരം മുസ്്ലീം ലീഗ് മുൻസിപ്പൽ സിക്രട്ടറി സാജിദ് പടന്നക്കാട് ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിലാണ് ബിൽടെക്കിനെതിരെ മുൻസിഫ് കോടതി വിചാരണ നടപടികളാരംഭിച്ചത്.

എഞ്ചിനീയറിംഗിന് പഠിക്കുകയായിരുന്ന മകൾക്ക് വേണ്ടി ബിൽടെക്ക് അബ്ദുല്ല നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ശാഖയിൽ നിന്നും 4 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്തിരുന്നു. ഭാര്യ, മകൾ, ബിൽടെക് എന്നിവർ ചേർന്നെടുത്ത വായ്പയുടെ തിരിച്ചടവിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് ബാങ്കധികൃതർ വായ്പ തുകയും പലിശയും തിരിച്ച് പിടിക്കുന്നതിന് ബിൽടെക്കിന്റെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്ത് കണ്ടുകെട്ടുന്നതിന് നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്.

ബിൽടെക്കിനെതിരായ ബാങ്കധികൃതരുടെ നിയമനടപടികൾ സ്വത്ത് കണ്ടുകെട്ടുന്നതിലേക്ക് നീങ്ങിയിട്ടും, വിവരം മറച്ചുവെച്ചുകൊണ്ട് ബിൽടെക് അബ്ദുല്ല വ്യാജ സത്യവാങ്ങ്മൂലം നൽകിയെന്നാണ് പരാതി. കാഞ്ഞങ്ങാട് നഗരസഭ കരുവളം 31-ാം വാർഡിൽ ഐഎൻഎല്ലിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിക്കുകയായിരുന്നു ബിൽടെക്.

സംഭവം പുറത്തുവന്നതോടെ യുഡിഏഫ് നേതൃത്വം കോടതിയെ സമീപിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യാജ സത്യവാങ്ങ്മൂലം നൽകിയ നഗസഭ വൈസ് ചെയർമാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കി കൗൺസിലർ അംഗത്വം റദ്ദാക്കുവാൻ ആവശ്യപ്പെടുമെന്ന് യുഡിഎഫ് അറിയിച്ചു.

LatestDaily

Read Previous

മൈസൂർ യുവതിയെ മജയാക്കാൻ ചെന്ന ഷാർജ കെഎംസിസി നേതാവിന് മർദ്ദനം

Read Next

സദാചാര ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല