കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഘട്ടംഘട്ടമായി നല്‍കിയാല്‍ മതി; വിജിലന്‍സ്

തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് നല്‍കുന്നതിലെ അഴിമതി അവസാനിപ്പിക്കാൻ ഘട്ടം ഘട്ടമായി പെർമിറ്റ് നൽകണമെന്ന ശുപാർശയുമായി വിജിലൻസ്‌. കെട്ടിടത്തിന്‍റെ അടിത്തറ നിർമ്മാണത്തിന് മാത്രമേ ആദ്യം പെർമിറ്റ് നൽകാവൂ. എൻജിനീയറിങ് വിഭാഗം പരിശോധിച്ച് പ്ലാൻ അനുസരിച്ചാണ് നിർമാണം നടത്തുന്നതെന്ന് ഉറപ്പാക്കിയ ശേഷമേ തുടർ നിർമ്മാണത്തിന് അനുമതി നൽകാവൂ എന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നടത്തിയ മിന്നൽ പരിശോധനയുമായി ബന്ധപ്പെട്ട് വിജിലൻസ് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി.

നിലവിൽ കെട്ടിട പെർമിറ്റിനുള്ള അപേക്ഷ ലഭിച്ച് നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഒക്യുപെൻസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ച ശേഷമാണ് ഉദ്യോഗസ്ഥർ സൈറ്റ് സന്ദർശിക്കുന്നത്. ഇത് അഴിമതിയിലേക്കാണ് നയിക്കുന്നത്. കെട്ടിടനികുതി പരിഷ്കരിക്കുമ്പോൾ അനുമതി വാങ്ങാതെ കൂടുതൽ നിർമാണങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതും എൻജിനീയറിങ് വിഭാഗം പരിശോധിക്കണം. കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമാണെങ്കിൽ കർശന നടപടി സ്വീകരിക്കാൻ നഗരസഭാ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകണമെന്നും വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

K editor

Read Previous

ശബരിമല ശ്രീകോവിൽ ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണി ഇന്ന് ആരംഭിക്കും

Read Next

സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യം; സ്ഥലം മാറ്റിയ നടപടിക്കെതിരെ ജഡ്ജി ഹൈക്കോടതിയിൽ