ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇന്ത്യയിൽ തൊഴിലുറപ്പു പദ്ധതിയിൽ പണിയെടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. 2017 -18ൽ 18 നും 30 നും ഇടയ്ക്ക് പ്രായമുള്ള 58.69 ലക്ഷം യുവജനങ്ങൾ തൊഴിലുറപ്പിൽ പണിയെടുത്തു; 2018 -19 ൽ അത് 70.71 ലക്ഷമായി ഉയർന്നു; 2019-20ൽ വർഷാവസാനത്തെ കണക്ക് മുൻവർഷത്തേക്കാൾ കൂടിയിരിക്കും.
ഇൗ പ്രവണത, കൊവിഡ് കാലത്ത്, കേരളത്തിലും ശക്തമാവുന്നു .’വിദ്യാസമ്പന്നരായ യുവജനങ്ങളിപ്പോൾ തൊഴിലുറപ്പു പദ്ധതിയിൽ പങ്കുചേരുന്നു’വെന്ന തലക്കെട്ടിലുള്ള, കോഴിക്കോട് നിന്നുള്ള ഒരു പത്രറിപ്പോർട്ടിൽ, ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 988 ചെറുപ്പക്കാർ പുതുതായി തൊഴിലുറപ്പിൽ പണിയെടുക്കുന്നു വെന്നും ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ 18840 യുവജനങ്ങൾ ഈ ജോലിക്കായി ഇപ്പോൾ രജിസ്റ്റർ ചെയ്തുവെന്നും പറയുന്നു.
ഈ വിഷയത്തിൽ പ്രകടമായിക്കണ്ട രണ്ട് പ്രത്യേകതകളും റിപ്പോർട്ട് വ്യക്തമാക്കുന്നു . ഒന്ന്, ജില്ലയിൽ ആദ്യമായിട്ടാണ് യുവാക്കളായ പുരുഷന്മാർ ഈ ജോലി തേടിയെത്തുന്നത്. രണ്ട്, തൊഴിലുറപ്പു പണിക്കായി എത്തിയവരിൽ നല്ലൊരു പങ്ക് ബി ടെക്, മറ്റു ബിരുദങ്ങൾ, പോളിടെക്നിക്, ഐടിഐ എന്നിവയും മറ്റ് യോഗ്യതകളും കരസ്ഥമാക്കിയവരാണ്.
എല്ലാ തൊഴിലുകൾക്കും മാന്യത ഉണ്ടെന്ന തത്വം നിലനിൽക്കുമ്പോഴും, ഇന്ത്യയിലെ ലക്ഷക്കണക്കിനു ചെറുപ്പക്കാർ തൊഴിലുറപ്പ് ജോലിക്ക് എത്തപ്പെടുന്നത് അസ്വസ്ഥജനകമാണ്. 18 നും 30 നും ഇടയ്ക്കുള്ള വയസ് എന്നത് ഒരു വ്യക്തിയുടെ തൊഴിൽ മേഖലയിലേക്കുള്ള രംഗപ്രവേശത്തിന്റെ ഘട്ടമാണ്.
ഈ ഘട്ടത്തിൽ തന്നെ ഒരാൾ 292 രൂപ മാത്രം ദിവസക്കൂലിയുള്ള, ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രം വർഷം പരമാവധി 100 ദിവസം കിട്ടിയേക്കാവുന്ന, ’അവിദഗ്ദ്ധ കായിക പണി’ക്കായി എത്തുന്നുവെങ്കിൽ അതൊരു ദൈന്യതയുടെ പ്രതിഫലനമാണ്. മറ്റു മെച്ചപ്പെട്ട തൊഴിലുകൾക്കുള്ള അവസരമില്ലായ്മയാണ് ഇതിൽ പ്രധാനമെന്നത് വളരെ പ്രകടമായ വസ്തുതയാണ്.
കോവിഡിനു മുമ്പ് തന്നെ തൊഴിൽ സ്ഥിരതയും വേതന ദൃഢതയും അനുഭവിക്കാൻ നമ്മുടെ നാട്ടിൽ ഭാഗ്യം ഉണ്ടായിരുന്നത് തൊഴിലെടുക്കുന്ന ആറു പേരിൽ ഒരാൾക്ക് മാത്രമായിരുന്നു. മഹാമാരിയുടെ കാലത്തെ നിയന്ത്രണങ്ങൾ മൂലം സമ്പത്ത് വ്യവസ്ഥയുടെ 25 ശതമാനം മാത്രമേ പ്രവർത്തിക്കാൻ കഴിഞ്ഞുള്ളൂ.
75 ശതമാനവും അടഞ്ഞു കിടന്നതിനാൽ പണി നഷ്ടമായത് 20 കോടിയിൽപ്പരം ആൾക്കാർക്കാണ്. ഈ പ്രതികൂല സാഹചര്യത്തിൽ തൊഴിലുറപ്പ് രംഗത്തേക്ക് കൂടുതൽ പേർ എത്തുന്നത് സ്വാഭാവികം.
2005 ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് അന്നത്തെ പ്രതിപക്ഷം ഉയർത്തിയ ആക്ഷേപം അത് അരനൂറ്റാണ്ടോളം ഇന്ത്യയുടെ ഭരണം കയ്യാളിയിരുന്നവരുടെ നയപരിപാടികളിലെ വൈകല്യങ്ങളുടെ അടയാളമാണെന്നായിരുന്നു.
കുറച്ചൊക്കെ സത്യം ഉണ്ടായിരുന്ന ആരോപണമായിരുന്നു അതെങ്കിലും വിമർശകരായവർ അധികാരത്തിൽ ഏറിയിട്ടും തൊഴിലുറപ്പുപദ്ധതി അനുസ്യുതം തുടരുകയും വർഷംപ്രതി അതിനായി കൂടുതൽ തുക നീക്കിവയ്ക്കുകയും ചെയ്തു. അതായത്, നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളുടെ നടുവിൽ, ഒഴിവാക്കാനാകാത്ത പദ്ധതിയായി അതു തുടരുന്നു. ഒരു ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയായി ആവിഷ്കരിക്കപ്പെട്ട തൊഴിലുറപ്പ് പദ്ധതിക്ക് ദുർബലരായവരുടെ ഇല്ലായ്മകളിൽ വിശപ്പ് എന്ന കൊടിയ ദുഃഖത്തെ അകറ്റാനായി എന്നത് വലിയ നേട്ടം തന്നെയാണ്.
എന്നാൽ, ദാരിദ്ര്യത്തിന്റെ മറ്റ് ഇല്ലായ്മകൾക്ക് ശമനം നൽകാൻ അതിന് കെൽപ്പില്ലാതെ പോയി.
ഈ പരിമിതിയുടെ ഏറ്റവും വലിയ തെളിവാണ് ഇന്ത്യയിലെ എട്ടു കോടിയോളം ജനങ്ങൾ, ഈ പദ്ധതി ഉണ്ടായിട്ടും, തൊഴിൽ തേടി അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ടി വന്നത്.
ഒരു വർഷം ഒരു കോടിയോളം പേർ പുതുതായി ജോലി തേടി എത്തപ്പെടുന്ന നമ്മുടെ രാജ്യത്ത്, ഏവർക്കും തൊഴിലെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ, ഇന്നത്തെ നിലയിൽ, ഏറെ വർഷങ്ങൾ വേണ്ടിവരും എന്നത് യാഥാർത്ഥ്യമാണ്.
അതുകൊണ്ട് ഇപ്പോൾ മുട്ടുശാന്തിയായെങ്കിലും വർത്തിച്ചുകൊണ്ടിരിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ കാലത്തിനൊത്ത പരിഷ്കാരങ്ങൾ വരുത്തുന്നത് ആശ്വാസകരമാകും. ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രം തൊഴിലുറപ്പ് എന്നത് രണ്ടുപേരെന്ന നിലയിൽ ഉയർത്താവുന്നതാണ്.
തൊഴിൽ ദിനങ്ങളുടെ ഇപ്പോഴത്തെ പരിധി 50 ശതമാനം കണ്ടു ഉയർത്തുന്നതും കൂടുതൽ ശാന്തിദായകമാകും. സാങ്കേതിക പരിജ്ഞാനവും മറ്റ് യോഗ്യതകളും ഉള്ളവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ പാകത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അനുവദിച്ചിട്ടുള്ള ജോലികളുടെ ഇപ്പോഴത്തെ പട്ടിക വിപുലീകരിക്കേണ്ടതുണ്ട്.
നിലവിലെ താഴ്ന്ന നിലയിലുള്ള വേതനം കുറെക്കൂടി ഭേദപ്പെട്ട തലത്തിലേക്ക് ഉയർത്തേണ്ടതും അനിവാര്യമാകുന്നു.