ചിത്രാദരം പ്രശംസ പിടിച്ചുപറ്റി

കാഞ്ഞങ്ങാട്: ലോക്ഡൗണിനെത്തുടർന്ന് പ്രതിസന്ധിയിലായ ചിത്രകാരന്മാരുടെ നിസ്സഹായതയിലും കോവിഡ് പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ച് നൂറോളം ചിത്രകാരന്മാർ ഒത്തൊരുമിച്ചപ്പോൾ, അത് കേരളം കണ്ട ഏറ്റവും വലിയ ചുമർച്ചിത്രമായി. കാഞ്ഞങ്ങാട്ടെ പ്രശസ്ത ചിത്രകാരൻ പല്ലവ നാരായണന്റെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറോളം ചിത്രകാരന്മാർ കോവിഡ് വിരുദ്ധ പോരാട്ടത്തിലെ പോരാളികൾക്ക് ആദരമർപ്പിച്ച് ചിത്രാദരം ഒരുക്കിയത്. കോട്ടച്ചേരി ബസ്്സ്റ്റാന്റിലെ കൂറ്റൻ ഭിത്തിയിലാണ് 30 അടി നീളവും 40 അടി വീതിയുമുള്ള കൂറ്റൻ ചുവർചിത്രം കലാകാരന്മാർ ചേർന്നൊരുക്കിയത്. 5 ദിവസത്തെ അധ്വാനത്തിന്റെ ഫലമായാണ് കാഞ്ഞങ്ങാട്ടെ വർണ്ണ വിസ്മയം. ചിത്രത്തിൽ സംസ്ഥാന മുഖ്യമന്ത്രി, ജില്ലാ കലക്ടർ ഡോ.ഡി.സജിത്ത് ബാബു എന്നിവർക്ക് പുറമെ പോലീസ്, ആരോഗ്യവകുപ്പ് എന്നിവർക്കും ആദരമർപ്പിക്കുന്നു. ബ്രഷ് റൈറ്റിങ്ങ് ആർടിസ്റ്റ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ചിത്രം തയ്യാറാക്കിയത്. കാഞ്ഞങ്ങാട്ടെ ചുമർച്ചിത്രം കാണാൻ ജില്ലാ കലക്ടർ ഡി. സജിത്ത് ബാബു നേരിട്ടെത്തിയിരുന്നു. ചിത്രരചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കലക്ടർ അഭിനന്ദനമറിയിച്ചു.

LatestDaily

Read Previous

തീപ്പൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു

Read Next

കാസർകോട്ട് മദ്യവിൽപ്പനയിൽ ഇടിവ് വില്ലനായി വാറ്റു ചാരായം