വേലിയേറ്റം വില്ലനായ പഞ്ചവടിപ്പാലം

പാലാരിവട്ടം പാലം അപകടത്തിലായപ്പോൾ ഇടയ്‌ക്കിടെ ഉയർന്നുകേട്ട പേരായിരുന്നു പഞ്ചവടിപ്പാലം. കെ.ജി. ജോർജ് സംവിധാനം ചെയ്ത ഈ ചിത്രം മുപ്പത്തിയഞ്ച് വർഷങ്ങൾക്കു ശേഷം വീണ്ടും വാർത്തകളിൽ ഇടംനേടിയത് കൊച്ചിയിലെ പാലാരിവട്ടം പാലം അപകടത്തിലായതിനെ തുടർന്നായിരുന്നു. ഒരു ആക്ഷേപഹാസ്യ സിനിമ സത്യമാകുന്നതിന് കേരളം അങ്ങനെ സാക്ഷിയായി. പാലാരിവട്ടം അഴിമതി കേസ് പരിഗണിച്ചപ്പോൾ കോടതിയും ചോദിച്ചു. ഇതെന്താ പഞ്ചവടി പാലമാണോ എന്ന്.

ഐരാവതക്കുഴി എന്ന ഗ്രാമത്തിൽ പുഴയ്ക്ക് കുറുകെയാണ് 200 അടി നീളത്തിൽ പഞ്ചവടിപ്പാലം നിർമ്മിച്ചത്. കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ നിർമ്മിച്ച താത്കാലിക പാലം ഏറെ പണിപ്പെട്ടാണ് പിന്നീട് സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ പൊളിച്ചു മാറ്റിയത്.

പറഞ്ഞു വരുന്നത് സിനിമാക്കഥയല്ല. സിനിമാക്കഥയെ വെല്ലുന്ന ഒരു സംഭവം കഴിഞ്ഞ ആഴ്ച കണ്ണൂർ ജില്ലയിലെ തലശേരിയിലുമുണ്ടായി. നാല് പതിറ്റാണ്ടിലേറെയായി കേൾക്കാൻ തുടങ്ങിയ തലശേരി- മാഹി ബൈപ്പാസ് എന്ന സ്വപ്നം യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ പഞ്ചവടിപ്പാലം പിറക്കുന്നത്.

ചിറക്കുനിയിൽ നിന്നു നെട്ടൂരിലേക്കുള്ള വഴിയിലെ പാലത്തിന്റെ ബീമുകളാണ് തകർന്ന് വീണത്. ഉദ്ഘാടനത്തിനു മുമ്പ് വീണത് കൊണ്ട് അപകടമൊന്നുമുണ്ടായില്ലെന്ന് ആശ്വാസിക്കാം. ദേശീയപാതാ അതോറിറ്റി വിഭാഗത്തിനായിരുന്നു പാലത്തിന്റെ മേൽനോട്ട ചുമതല. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാറിന് ആശ്വാസവുമായി.

വേലിയേറ്റമാണ് പാലത്തിന്റെ ബീം തകരാൻ കാരണമായതെന്നാണ് ദേശീയപാതാ വിഭാഗം കണ്ടെത്തിയത്. വേലിയേറ്റം വരുമ്പോൾ ഇളകി വീഴുന്ന ബീം വച്ചു കൊണ്ടാണോ ആയിരക്കണക്കിന് യാത്രക്കാർ ഇതുവഴി പോകേണ്ടതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

പാലം വീണെന്ന് കേൾക്കുമ്പോൾ തന്നെ മന്ത്രിമാരും പ്രതിപക്ഷ നേതാവും നേതാക്കളും എല്ലാം എത്തി. കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷിക്കണമെന്നു വരെ സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രത്തിനെതിരെ മാത്രമല്ല, സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷം പ്രതികൂട്ടിലാക്കി.

കേന്ദ്ര സർക്കാർ ഫണ്ടുകൊണ്ടു നിർമിക്കുന്നതാണെങ്കിലും സംസ്ഥാന സർക്കാരിനാണ് ഇതിന്റെ പ്രവൃത്തി നടത്തിപ്പ്.

അതുകൊണ്ടുതന്നെ പിണറായി സർക്കാരിന് ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല. തലശേരി-മാഹി ബൈപ്പാസ് റോഡ് നിർമാണത്തിന്റെ ഉദ്ഘാടന വേളയിൽ സ്ഥലമേറ്റെടുപ്പ് നടത്തിയ മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പുകഴ്‌ത്തിയിരുന്നു.

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായാണ് ഇതിനെ മുഖ്യമന്ത്രിയും സർക്കാരും വിശേഷിപ്പിച്ചത്. ദേ​ശീ​യ​പാ​ത​ ​ബൈ​പാ​സി​ന്റെ​ ​പാ​ലം​ ​ത​ക​രു​മ്പോ​ൾ​ ​​, ഇ​തു​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​മാ​ത്രം​ പ​ദ്ധ​തി​യാ​യി​ ​ ​മാ​റു​ന്നത് എ​ന്തു​കൊ​ണ്ടാ​ണെന്നും ​ചെ​ന്നി​ത്ത​ല​ ​ചോ​ദി​ച്ചു​ ​ ‘വലിയ വെള്ളപ്പൊക്കത്തിൽ അതിശക്തമായ ഒഴുക്കുള്ള തു കൊണ്ടാണ് പാലത്തിന്റെ ബീ മുകൾ തകർന്നു വീണതെന്നാണ് പറയുന്നത്.

അപ്പോൾ ഇതിലും വലിയ വെള്ളപ്പൊക്കമുണ്ടായാൽ പാലം മുഴുവൻ ഒലിച്ചു പോകുകയില്ലേ…? ഈ പാലത്തിലൂടെ എങ്ങനെ ആളുകൾ സുരക്ഷിതരായി സഞ്ചരിക്കും’ തകർന്ന കോൺക്രീറ്റ് ബീമിൽ കമ്പികൾ ഉപയോഗിച്ചില്ലെന്നാണ് ഒറ്റനോട്ടത്തിൽ വ്യക്തമാകുന്നത് പിന്നെ ഈർക്കിൽ കൊണ്ടാണോ ഈ പാലം നിർമിച്ചത്.

മുഖ്യമന്ത്രിയെയും വിട്ടില്ല

കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിനെക്കാൾ സംസ്ഥാന ഭരണത്തെ വിചാരണ ചെയ്യുന്നതാണ് ക്ളച്ച് പിടിക്കുകയെന്ന് കണ്ട് പ്രതിപക്ഷനേതാവും കൂട്ടരും മാറ്റി ചവിട്ടി. മുഖ്യമന്ത്രിയുടെ വീടിന് അഞ്ചു കിലോമീറ്റർ ദൂരെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

പാലത്തിന്റെ തകർച്ചയ്ക്കു കാരണം അഴിമതിയാണെന്നത് സ്പഷ്ടമാണ്. ഇതുപോലെ പാലാരിവട്ടം പാലം ഉദ്ഘാടനം ചെയ്തതിനു ശേഷം തകർന്നപ്പോൾ തങ്ങൾക്ക് അതിൽ ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ് കൈയൊഴിയുകയാണ് മുഖ്യമന്ത്രി ചെയ്തത്. അതുപോലെ തന്നെയാണ് നെട്ടൂരിലെ പാലത്തിന്റെയും അവസ്ഥ. തലനാരിഴയ്ക്കാണ് ഇവിടെ വൻ അപകടമൊഴിവായത്. ഈ പഞ്ചവടി പാലം തകർന്ന സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇതുകൊണ്ടും തീർന്നില്ല. എങ്ങനെയെങ്കിലും ഭരണത്തിൽ നിന്ന് ഇറങ്ങും മുൻപെ പണി പൂർത്തിയാക്കി ഉദ്ഘാടന ശിലാഫലകത്തിൽ പേരു വരുത്താനുള്ള മുഖ്യമന്ത്രിയുടെ വെപ്രാളമാണ് പാലം തകരാൻ ഇടയാക്കിയതെന്നു സ്ഥലം എം.പിയായ കെ.മുരളീധരനും ആരോപിച്ചു.

എന്തായാലും പാലം തകർന്നു വീണു. ഇത് ആരുടെ തലയിൽ വെക്കണമെന്നു തല പുകഞ്ഞു ആലോചിക്കുകയായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും. കേന്ദ്രത്തിനു നേരെ ആഞ്ഞടിക്കുന്നതിനെക്കാൾ നല്ലത് കേരളത്തെ പിടിക്കുന്നതാണെന്ന് ബുദ്ധി കേന്ദ്രങ്ങൾ വിലയിരുത്തി. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നേരെ തിരിഞ്ഞപ്പോൾ പ്രതിപക്ഷം സംസ്ഥാന സർക്കാരിനു നേരെ പ്രതിഷേധം കടുപ്പിച്ചു.

ഡിസംബറിൽ പണി പൂർത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാർക്ക് നിർദേശം നൽകിയിരുന്നു. കനത്ത മഴയും കൊവിഡും നിർമ്മാണത്തിന് തടസമായെങ്കിലും കഴിഞ്ഞ ഒരു മാസമായി നിർമ്മാണം വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു.

എന്നാൽ അപകടത്തിൽ സർക്കാരും ഞെട്ടി. സർക്കാരിന്റെ ഞെട്ടൽ കരാറുകാരനെയും അറിയിച്ചു. പാലം പണിയിൽ വെള്ളം ചേർത്തതല്ല. വെള്ളത്തിൽ പാലം പണിതതാണ് തകരാൻ കാരണമായതെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ കണ്ടെത്തൽ.

ഇനി വെള്ളത്തിന് മുകളിൽ പാലം പണിയരുതെന്നു പോലും ചിലപ്പോൾ നിർദേശങ്ങൾ വന്നേക്കാം. കുറ്റം പുഴയുടെ തലയിൽകെട്ടിവെക്കാനുള്ള പുറപ്പാടായിരുന്നു അവരുടേത്. വേലിയേറ്റം വില്ലനായതാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക പരിശോധനയിൽ കണ്ടെത്തിയത്.

വേലിയേറ്റത്തെ തടഞ്ഞു നിറുത്താൻ ഇനി എന്തെങ്കിലും വഴി കണ്ടെത്തേണ്ടി വരും. ഈ ബൈപ്പാസിൽ തന്നെ മൂന്നു നാലും പാലങ്ങൾ വേറെയുമുണ്ട്. ഇനി അവിടെയെല്ലാം വേലിയേറ്റം വില്ലനായാൽ എത്ര പഞ്ചവടിപ്പാലങ്ങളുണ്ടാകുമെന്ന് കണ്ടറിയണം.

LatestDaily

Read Previous

പയ്യന്നൂരില്‍ വീണ്ടും അക്രമം; സജിത് ലാൽ സ്മാരക സ്തൂപം തകർത്തു

Read Next

മദ്യ ലഹരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി