ഉന്നത വിദ്യാഭ്യാസരംഗത്തും വേണം ബ്രേക് ദ ചെയിൻ

സ്‌കൂളുകളിലും കോളജുകളിലും അധ്യയനദിനങ്ങൾ നഷ്ടമാകാത്ത തരത്തിൽ ജൂൺ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. രാവിലെ 8.30ന് തുടങ്ങി ഉച്ചക്ക് 1.30ന് അവസാനിക്കത്തക്കരീതിയിൽ ഓൺലൈൻ ക്ലാസുകൾ സജ്ജീകരിച്ചുകൊണ്ടായിരിക്കും ഇത്. ഉച്ചക്കുശേഷം വിദ്യാർഥികൾക്ക് താൽപര്യമുള്ള ‘മൂക്’  കോഴ്സുകൾക്ക് ചേരാനും അധ്യാപകർക്ക് നവീന ഓൺലൈൻ കോഴ്സുകൾ ചെയ്യാനും ഗവേഷണകാര്യങ്ങളിൽ മുഴുകാനും ഈ സമയക്രമം സഹായകമാകും. കലാലയങ്ങളിൽ പാഠ്യപ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയുന്നതുവരെ ക്ലാസുകൾ ഓൺലൈനായി നടത്താനുള്ള സംവിധാനങ്ങൾ കോളജുകൾ ഏർപ്പെടുത്തണം. ഇത് കൃത്യതയോടെ വിദ്യാർഥിപങ്കാളിത്തം ഉറപ്പുവരുത്തി നടത്താനുള്ള നിർദേശങ്ങൾ യൂനിവേഴ്സിറ്റികൾക്ക് സമർപ്പിച്ചിട്ടുണ്ട്. യൂനിവേഴ്സിറ്റി നിർദേശാനുസരണം ഓരോ കോളജിലെയും പ്രിൻസിപ്പൽമാരും അധ്യാപകരും വിദ്യാർഥിപ്രതിനിധികളും കൂട്ടായി ആലോചിച്ച് അടിസ്ഥാ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താതെ ഓൺലൈൻ ബോധനരീതി പ്രായോഗികമാക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇക്കാര്യത്തിൽ അധ്യാപക വിദ്യാർഥി സംഘടനകളുടെ പൂർണപിന്തുണ സർക്കാർ അഭ്യർഥിക്കുന്നു. ജൂൺ ഒന്നു മുതൽ കോളജുകളിലെ പ്രവൃത്തി പുനരാരംഭിക്കണം എന്നതുകൊണ്ട് വിദ്യാർഥികളുടെ അധ്യയനം നൂതന മാർഗങ്ങളിലൂടെ കൃത്യമായി ഉറപ്പുവരുത്തണമെന്നേ ഉദ്ദേശിക്കുന്നുള്ളൂ. വിദ്യാർഥികൾക്ക് ജീവിതത്തിലെ വിലപ്പെട്ട സമയവും അധ്യയനവർഷവും അവസരങ്ങളും പാഴായിപ്പോകരുത്. ഓൺലൈൻ സംവിധാനമൊരുക്കാൻ ഏതൊക്കെ സോഫ്റ്റ്്വെയറുകൾ ഉപയോഗിക്കാം എന്നത് കുട്ടികളുടെ എണ്ണവും പാഠ്യവിഷയവും അനുസരിച്ച് അധ്യാപകർക്ക് തീരുമാനിക്കാം. സൂം, ഗൂഗ്ൾ ക്ലാസ്റൂം, ഗൂഗ്ൾ മീറ്റ്, മൈക്രോസോഫ്റ്റ് എജുക്കേഷൻ, വെബിക്‌സ് തുടങ്ങിയ വിവിധ വിഡിയോ കോൺഫറൻസിങ് സങ്കേതങ്ങൾ ഇതിനായി ഉപയോഗിക്കാം. ഈ രംഗത്ത് പുതിയ സാങ്കേതികസംവിധാനങ്ങൾ വികസിപ്പിക്കാനും അധ്യാപകർക്കു കഴിയും. ‘അസാപി’െൻറയും ഐ.സി.ടി അക്കാദമിയുടെയും സാങ്കേതിക സംവിധാനങ്ങൾ പാഠ്യപ്രവർത്തനങ്ങൾക്കായി പൂർണ്ണമായും സൗജന്യമായി ഉപയോഗപ്പെടുത്താം. കോളേജുകളുടെ സമീപത്ത് താമസിക്കുന്ന അധ്യാപകർ കോളജുകളിലെത്തിയും അല്ലാത്തവർ വീടുകളിലിരുന്നും ക്ലാസുകളെടുക്കുന്ന രീതിയാണ് ഈ കോവിഡ് കാലത്ത് സ്വീകരിക്കേണ്ടത്.

ക്ലാസുകൾ റെക്കോഡ് ചെയ്ത് ലഭ്യമാക്കിയാൽ വിദ്യാർഥികൾക്ക് വീണ്ടും കേൾക്കാം. എടുത്ത ക്ലാസുകളുടെ വിവരങ്ങൾ വകുപ്പുതലവനെ ദിവസേനയോ ആഴ്ചാവസാനമോ അറിയിക്കുന്ന രീതിയാണ് വിദേശ സർവകലാശാലകൾ സ്വീകരിച്ചിരിക്കുന്നത്. ക്ലാസ് റൂം പഠനത്തിനു ബദലായല്ല ഓൺലൈൻ പഠനം. അമ്പതിലേറെ വിദ്യാർഥികളുള്ള ക്ലാസ് റൂമുകളിൽ സാമൂഹിക അകലം പാലിച്ച് ക്ലാസെടുക്കാനോ ഹോസ്റ്റലുകളിൽ വിദ്യാർഥികളെ താമസിപ്പിച്ച് പഠിപ്പിക്കാനോ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ല. അതിനാൽതന്നെ അധിക പഠനത്തിനു മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിലപാട് തൽക്കാലം മാറ്റിെവച്ചേ മതിയാവൂ. വിഖ്യാത സർവകലാശാലകളായ ഓക്സ്ഫഡും കേംബ്രിജും ഗ്ലാസ്ഗോയും സൗത്ത് കരോൈലനയുമൊക്കെ സമയബന്ധിതമായി ക്ലാസുകളും പരീക്ഷകളും മൂല്യനിർണയങ്ങളും ഓൺലൈനിൽ നടത്തി അധ്യയനം സുഗമമായി നടക്കുന്ന രീതിയിലേക്ക് താൽക്കാലികമായി മാറിക്കഴിഞ്ഞു. ഘട്ടംഘട്ടമായി അവലോകനങ്ങൾ നടത്തി നമുക്കും അവരെപ്പോലെ സാധാരണ രീതിയിലേക്കു മാറാം എന്നാണ് സർക്കാറിെൻറ കണക്കുകൂട്ടൽ.

അധ്യാപകന് കലാലയം സ്ഥിതിചെയ്യുന്ന മറ്റൊരു ജില്ലയിലേക്ക് യാത്രചെയ്ത് ഓൺലൈൻ ക്ലാസ് എടുക്കേണ്ട ആവശ്യമില്ല. പകരം അധ്യാപകർക്ക് വീടുകളിലിരുന്നോ തൊട്ടടുത്ത കോളജുകളിലെത്തിയോ ക്ലാസെടുക്കാം, വിദ്യാർഥികളുമായി സംവദിക്കാം. ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ-സ്വകാര്യ വ്യത്യാസങ്ങളില്ലാതെ കോളജുകളിലെ സാങ്കേതിക സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ യൂനിവേഴ്സിറ്റികൾ ഒരുക്കണം. എൻജി. കോളജ് വിദ്യാർഥികളുടെ പ്രായോഗിക പരിശീലനത്തിന് െവർച്വൽ ലാബുകളും സിമുലേഷൻ ലാബുകളും വിട്ടുനൽകാൻ ഐ.ഐ.ടികൾ ഉൾപ്പെടെ തയാറായിരിക്കുകയാണ്. അങ്ങനെ ചെയ്യാൻ കഴിയാത്ത വിഷയങ്ങളിൽ ലാബുകളുടെ വിഡിയോ െഡമോൺസ്ട്രേഷൻ വഴി താൽക്കാലികമായി കുട്ടികളെ പ്രാക്ടിക്കലുകളും പഠിപ്പിക്കാം. നേരിട്ടു ചെയ്തുള്ള പരിചയത്തിെൻറ അഭാവം താൽക്കാലികമായി ഉണ്ടാവുമെങ്കിലും കോവിഡ് കാലയളവിനുശേഷം ആ നൈപുണ്യങ്ങളും വിദ്യാർഥികൾക്ക് സ്വായത്തമാക്കാൻ പുതിയ രീതി സഹായകമാകും. വിദ്യാർഥികൾ ക്ലാസുകളിൽ കൃത്യതയോടെ പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്താൻ വിദ്യാർഥികളുടെ ഹാജർനില ശേഖരിക്കണം. സ്വന്തം വീടുകളിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് തൊട്ടടുത്ത കോളജുകളിലോ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ലൈബ്രറികളിലോ ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി സൗകര്യം ഒരുക്കാവുന്നതേയുള്ളൂ. ഇന്റർനെറ്റ് കണക്ഷനോടുകൂടിയുള്ള ലാപ്ടോപ്പുകളോ സ്മാർട്ട് ഫോണുകളോ താൽക്കാലികമായി വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതു ചിന്തിക്കാം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മുഴുവൻ എസ്.സി/എസ്.ടി വിദ്യാർഥികൾക്കും തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതികളിൽ ഇതിനകംതന്നെ ലാപ്ടോപ്പുകൾ നൽകിയിട്ടുണ്ട്. ശേഷിക്കുന്ന വിദ്യാർഥികളിൽ സ്വന്തമായോ വീട്ടിലോ കമ്പ്യൂട്ടറുകളില്ലാത്ത പാവപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രസ്തുത സൗകര്യം ഒരുക്കാൻ ശ്രദ്ധിക്കണം. ആരോഗ്യരംഗത്തു മാത്രമല്ല ഉന്നത വിദ്യാഭ്യാസരംഗത്തും വേണം ഒരു ബ്രേക് ദ ചെയിൻ. പരമ്പരാഗത പാഠ്യ, പഠന, മൂല്യനിർണയ സംവിധാനങ്ങളുടെ സൂക്ഷ്മനിരീക്ഷണവും അവലോകനവും പുനർവായനയും പൊളിച്ചെഴുത്തും ഈ കോവിഡ്കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ട്.

LatestDaily

Read Previous

താരാകോരൻ

Read Next

കാത്തിരിക്കുന്നത് പട്ടിണി നാളുകൾ