ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പിന്നിലെ തലച്ചോറ് അപകടകരമാണെന്ന് സുപ്രീം കോടതി. മാവോയിസ്റ്റ് കേസിൽ പ്രൊഫസർ ജി എൻ സായിബാബ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദത്തെയോ മാവോയിസ്റ്റ് പ്രവർത്തനങ്ങളെയോ സംബന്ധിച്ചിടത്തോളം, നേരിട്ടുള്ള ഇടപെടൽ മാത്രമല്ല, അതിന് പിന്നിലെ തലച്ചോറും അപകടകരമാണെന്ന് ജസ്റ്റിസ് എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇത് പൊതുവായ നിരീക്ഷണമാണെന്നും കോടതി പറഞ്ഞു. പോളിയോ ബാധിച്ച് 90 ശതമാനം തളർന്ന പ്രൊഫസർ ജി എൻ സായിബാബ വീൽചെയറിലാണെന്നും അതിനാൽ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വീട്ടുതടങ്കലിലാക്കാമെന്നും സായിബാബയുടെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ എതിർക്കുകയും അർബൻ നക്സലുകൾ പതിവായി ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാറുണ്ടെന്നും വാദിച്ചു. പ്രതികൾക്ക് ജാമ്യഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കാം. കേസ് ഡിസംബർ എട്ടിന് കോടതി വീണ്ടും പരിഗണിക്കും. കേസിൽ മഹാരാഷ്ട്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. സായിബാബ ഉൾപ്പെടെയുള്ള പ്രതികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് ഹാജരായി.
2014ലാണ് ഡൽഹി സർവകലാശാലയിലെ പ്രൊഫസറായ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. സർവകലാശാലയുടെ കീഴിലുള്ള രാംലാൽ ആനന്ദ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. 2012 ൽ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുത്തതിനും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയതിനുമാണ് സായിബാബയ്ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 2017 ൽ ഗച്ച്റോളിയിലെ പ്രത്യേക കോടതി സായിബാബയ്ക്കും മറ്റ് നാല് പേർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന സായിബാബയെ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. അർബുദ ബാധിതയായ അമ്മയെ കാണാനോ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനോ സായിബാബയ്ക്ക് ജാമ്യം ലഭിച്ചില്ല.