‘പെണ്‍കുട്ടികളെ സഹജീവികളായി കാണാന്‍ ആണ്‍കുട്ടികള്‍ക്ക് വീടുകളില്‍നിന്ന് പരിശീലനം നല്‍കണം’

തിരുവനന്തപുരം: പെണ്‍കുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള ആദ്യഘട്ട പരിശീലനം ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത് വീടുകളില്‍ നിന്നാണെന്നും സ്ത്രീകള്‍ക്ക് തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി. കാക്കനാട് ജില്ലാ അസൂത്രണ സമിതി ഹാളില്‍, കേരള വനിതാ കമ്മിഷനും എറണാകുളം ജില്ലാ പഞ്ചായത്തും പ്ലാനിങ് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

“ഭരണഘടന നിലവില്‍വന്നിട്ട് ഏഴ് പതിറ്റാണ്ടായെങ്കിലും ലിംഗനീതി എന്ന വിഷയം സംസാരിക്കേണ്ട അവസ്ഥയാണ് ഇന്നും. നിയമ നിര്‍മാണ വേദികളിലും സ്ത്രീകളുടെ സാന്നിധ്യം വിരളമായി മാറിക്കൊണ്ടിരിക്കുന്നു. പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്നതിനു പ്രത്യേക സംരക്ഷണ നിയമങ്ങള്‍ നിലവിലുണ്ട്. സ്ത്രീവിരുദ്ധ മനോഭാവങ്ങള്‍ക്കെതിരെ നിരന്തരമായ ഇടപെടലുകള്‍ സമൂഹത്തില്‍ അനിവാര്യമാണ്. അതുപോലെ എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനുള്ള അവകാശവുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കുകയും ഏറ്റവും നല്ല രീതിയില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യാന്‍ കഴിയണം. വാര്‍ഡ് തലത്തിലുള്ള സമിതികളുടെ പ്രവര്‍ത്തനം ദുരന്തങ്ങള്‍ സംഭവിക്കുന്നതു തടയുന്നതിനും സഹായകരമാകും. മികച്ച ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്ന ഓരോ ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് അവാര്‍ഡ് നല്‍കും.” പി. സതീദേവി പറഞ്ഞു. കുട്ടികളുമായി സൗഹൃദാന്തരീക്ഷം അധ്യാപകരുടേതു പോലെ മാതാപിതാക്കള്‍ക്കും സൃഷ്ടിക്കാന്‍ കഴിയണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ കൂട്ടിച്ചേർത്തു.

K editor

Read Previous

റിലീസിന് 3 ദിവസം കഴിഞ്ഞ് മാത്രമെ റിവ്യു നല്‍കാവൂ; അഭ്യർത്ഥനയുമായി തമിഴ് സിനിമാ നിർമാതാക്കൾ

Read Next

മറാഠിയിലേക്ക് നിമിഷ സജയന്‍; ‘ഹവാഹവായി’ ട്രെയിലര്‍ പുറത്ത്