പാമ്പിൻ മാളത്തിൽ ബോംബ്; പരിശോധിച്ച പോലീസിന് കിട്ടിയത് കൂടോത്ര പാത്രങ്ങൾ

കാഞ്ഞങ്ങാട്: ഇടവഴിയിലെ പാമ്പിൻ മാളത്തിൽ ബോംബെന്ന വിവരത്തെ തുടർന്ന കുതിച്ചെത്തിയ പോലീസിന് കിട്ടിയതാവട്ടെ കൂടോത്രം ചെയ്ത കുടങ്ങൾ. പൊയിനാച്ചി പെരുമ്പള ബേനൂരിൽ സ്വകാര്യ വ്യക്തിയുടെ കവുങ്ങിൻത്തോട്ടത്തിലേക്കുള്ള ഇടവഴിയിലെ മാളത്തിൽ ബോംബ് ഒളിപ്പിച്ചിട്ടുള്ളതായി  വിവരം ലഭിച്ചതിനെത്തുടർന്ന് രാത്രി 7 മണിയോടെ മേൽപ്പറനമ്പ് എസ്.ഐ, എം.പി. പത്മനാഭനും പോലീസ് പാർട്ടിയും സ്ഥലത്തേക്ക് പാഞ്ഞെത്തി.

രണ്ട് ചെറു കുടങ്ങൾ ചരടിൽ കൊർത്തുകെട്ടി മൂടിവെച്ച നിലയിലായിരുന്ന. പോലീസ് ഇത് കെട്ടഴിച്ച് പരിശോധിച്ചപ്പോൾ ആരോവെച്ച കൂടോത്രമാണെന്ന് മനസ്സിലായി. മുളക്, മഞ്ഞൾ പൊടി, അരിമണി എന്നിവയായിരുന്നു കുടത്തിലുണ്ടായിരുന്നത്.

വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് തടിച്ച് കൂടിയിരുന്നു. ബോംബ് നാട്ടുകാരേയും പോലീസിനേയും മണിക്കൂറോളം പരിഭ്രാന്തിയിലാഴ്ത്തി. കൂടോത്ര ബോംബിൽ പരാതിക്കാരോ പ്രതികളോ ഇല്ലാത്തതിനാൽ പോലീസ് തുടർനടപടി അവസാനിപ്പിക്കുകയായിരുന്നു.

Read Previous

ശുദ്ധ കുടിവെള്ളത്തിന് കളങ്കമില്ലാത്ത കാൽവെയ്പ്പ്

Read Next

ടാറ്റ കോവിഡ് ആശുപത്രി ഇന്ന് പ്രവർത്തനം തുടങ്ങും