കടലിൽ കാണാതായ വിദ്യാർത്ഥി അജ്മലിന്റെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മീനാപ്പീസ് ബല്ലാക്കടപ്പുറം വടകരമുക്കിലെ സക്കറിയയുടെ മകനും, ഹോസ്ദുർഗ്ഗ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ഒമ്പതാംതരം വിദ്യാർത്ഥിയുമായ അജ്മലിന്റെ 14, മൃതദേഹമാണ് ഇന്ന് രാവിലെ ബല്ലാകടപ്പുറത്ത് കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമാണ് അജ്മൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതാകുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മത്സ്യത്തൊഴിലാളികളായ മനോജ്, നന്ദു, മഹേഷ്, ലക്ഷ്മണൻ, സജിത്ത് എന്നിവർ ഉടൻ തന്നെ കടലിൽ രക്ഷാപ്രവർത്തനമാരംഭിച്ചു. തൊട്ടുപിന്നാലെ തന്നെ കാഞ്ഞങ്ങാട് അഗ്നി രക്ഷാ നിലയത്തിൽ നിന്നും രക്ഷാ പ്രവർത്തകരെത്തി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

കടലിൽ രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ച പത്തംഗ സംഘത്തെ മത്സ്യബന്ധന വകുപ്പ് ഗോവയിൽ നിന്നും വിളിച്ചു വരുത്തിയിരുന്നു. അഗ്നി രക്ഷാ സേനയും, മത്സ്യത്തൊഴിലാളികളും, ഗോവയിൽ നിന്നെത്തിയ സംഘവും മണിക്കൂറുകളോളം പുലരുംവരെ കടലിൽ നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ വിഫലമായെങ്കിലും, ഇന്ന് രാവിലെ അജ്മലിന്റെ മൃതദേഹം ബല്ലാ കടപ്പുറത്ത് കരയ്ക്കടിഞ്ഞു. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതശരീരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

Read Previous

കോഴിക്കോട്ട് 21.75 കോടിയുടെ സ്വർണ്ണം പിടികൂടി

Read Next

അജ്മൽ കടലിലേക്ക് താഴ്ന്നത് കരയിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെ