ചോര കുടിക്കുന്ന രാഷ്ട്രീയം

മനസ്സിന്റെ ഇരുട്ട് പേറി നടക്കുന്ന അധമ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയായി മറ്റൊരു യുവാവിന്റെ ജീവൻ കൂടി നഷ്പ്പെട്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമാപനത്തിന് പിന്നാലെ കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ പ്രവർത്തകനെ ലീഗ് പ്രവർത്തകർ കുത്തിക്കൊന്നതിന് സമാനമായാണ് കൂത്തുപറമ്പ് പാനൂരിൽ ലീഗ് പ്രവർത്തകർ സിപിഎം ബോംബ് രാഷ്ട്രീയത്തിന്റെ ഇരയായത്.

ബോംബാക്രമണത്തിൽ ലീഗ് പ്രവർത്തകർ ആക്രമിക്കപ്പെട്ടതോടെ കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ പരസ്പരം കൊന്നു തീർത്തവരുടെ കണക്ക് പറഞ്ഞ് നിരപരാധി വേഷം ഭംഗിയായി ആടിത്തിമിർക്കുകയാണ്. ആരാണ് ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയതെന്ന സ്ഥിതി വിവരക്കണക്കുകൾ ശേഖരിച്ച് ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയതെന്ന സ്ഥിതി വിവരക്കണക്കുകൾ ശേഖരിച്ച് ഏറ്റവും മികച്ച കൊലയാളി പാർട്ടിയെ തെരഞ്ഞെടുക്കുന്ന തരത്തിലുള്ള മനുഷ്യത്വ രഹിതമായ ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും വിശുദ്ധ വേഷം കെട്ടേണ്ടതില്ലെന്നാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ തിരുവോണ ദിവസമാണ് സംസ്ഥാന തലസ്ഥാനത്ത് രണ്ട് യുവാക്കൾ രാഷ്ട്രീയ പകയുടെ കൊലക്കത്തിക്കിരയായത്. ഇതുപോലെ തെരഞ്ഞെടുപ്പ് കാലത്താണ് ചീമേനിയിൽ അഞ്ച് സിപിഎം പ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ തീയിട്ട് ചുട്ടു കൊന്നത്. മനുഷ്യരെ വെട്ടിക്കൊന്നും, ചുട്ടു തിന്നും നടത്തുന്ന രാഷ്ട്രീയ കാപാലികത്വത്തിന്റെ ഏറ്റവുമൊടുവിലത്തെ സംഭവമാണ് കൂത്തുപറമ്പ് പാനൂരിൽ നടന്നത്. പരസ്പരം വെട്ടിമരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ വിശുദ്ധ വേഷം കെട്ടി ആക്രമത്തെ അപലപിക്കുന്നത് ചെകുത്താൻ സുവിശേഷം വായിക്കുന്നതിന് തുല്യമാണ്.

രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ ബിജെപി ആയാലും, സിപിഎമ്മായാലും, കോൺഗ്രസായാലും ഒരേ തരത്തിൽ കുറ്റക്കാരാണ്. കേരളത്തിൽ ഈ മൂന്ന് രാഷ്ട്രീയ പാർട്ടികളും നടത്തിയ മനുഷ്യത്വ രഹിതമായ രാഷ്ട്രീയ കൊലപാതകങ്ങൾ നിരവധിയാണ്. നാഥനില്ലാതാക്കപ്പെട്ട കുടുംബങ്ങുളിൽ നിന്നുമുയരുന്ന വിലാപങ്ങൾക്ക് കാരണം കേരളത്തിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ കണ്ണില്ലാത്ത ക്രൂരതയാണ്. മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ അഭിമന്യുവിന്റെ ഇരുട്ടിന്റെ കുത്തിമലർത്തിയ എസ്ഡിപിഐ എന്ന രാഷ്ട്രീയ കക്ഷിയും, രാഷ്ട്രീയ കൊലപാതകികളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ബുദ്ധിയും, വിവേകവും, നല്ലതും, ചീത്തയും തിരിച്ചറിയാനുള്ള കഴിവുമാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്. മനുഷ്യനെന്ന പദത്തിന്റെ അർത്ഥം തന്നെ മനീഷിയുള്ളവനെന്നാണ്. മനീഷിയെന്നാൽ ബുദ്ധിയെന്നർത്ഥം. മനുഷ്യൻ എന്ന പദത്തിന്റെ മഹത്തായ അർത്ഥതലങ്ങളെ നിരസിക്കുന്ന വിധത്തിലാണ് കേരളത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ മനുഷ്യൻ പരസ്പരം കൊന്നു തീർത്ത് കുലം മുടിക്കുന്നത്.

കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ മൃഗീയമെന്നാക്ഷേപിക്കുന്നത് മൃഗങ്ങൾക്ക് പോലും നാണക്കേടാണ്. മൃഗങ്ങൾ ഒരിക്കലും സഹജീവികളെ കൊന്ന് രക്തം കുടിക്കാറില്ല. മൃഗങ്ങൾക്കുള്ള ഈ തിരിച്ചറിവെങ്കിലും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കുണ്ടാകുന്നില്ലെന്നത് ലജ്ജാകരമാണ്. നിരവധി കുടുംബങ്ങളെ നിരാലംബരാക്കിയ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കണക്ക്ാ പറയേണ്ട ബാധ്യത കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. പരസ്പരം കൊന്ന് തീർത്ത് രകാലം മുടിക്കാനൊരുങ്ങുന്ന രാഷ്ട്രീയ പാർട്ടികൾ കൊലക്കത്തി താഴെ വെച്ചില്ലെങ്കിൽ നിരാലംബരുടെ കണ്ണീർ പ്രവാഹത്തിൽ അവരുടെ രാഷ്ട്രീയ ദുർഗ്ഗങ്ങൾ തകർന്നടിയുക തന്നെ ചെയ്യും.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പ് : എംഎൽഏക്കെതിരെ വീണ്ടും കേസ്

Read Next

നീലകണ്ഠനും,ഗോവിന്ദൻ നായരും ഉദുമ തെരഞ്ഞെടുപ്പിൽ വിട്ടുനിന്നു