ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മറ്റൊരു പാർട്ടിയുടെ ജില്ലാ ഖജാൻജി

ഉദുമ: ഉദുമ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടായി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട കേവീസ് ബാലകൃഷ്ണൻ ബിഡിജെഎസ് രാഷ്ട്രീയപ്പാർട്ടിയുടെ കാസർകോട് ജില്ലാ ട്രഷറർ.

എസ്എൻഡിപി യൂണിയൻ നേതാവ് വെള്ളാപ്പള്ളി നടേശൻ രൂപീകരിച്ച രാഷ്ട്രീയപ്പാർട്ടിയാണ് ബിഡിജെഎസ്.

കഴിഞ്ഞ മൂന്നു വർഷത്തിലധികമായി ബാലകൃഷ്ണൻ കേവീസ് ബിഡിജെഎസ് ജില്ലാ ഖജാൻജി സ്ഥാനം വഹിച്ചു വരികയാണ്.

ഈ പദവി ഇന്നും ശിരസ്സാ വഹിക്കുമ്പോഴാണ്, ഇക്കഴിഞ്ഞ ദിവസം ബാലകൃഷ്ണനെ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടായി ചട്ടഞ്ചാലിൽ ചേർന്ന ഡിസിസി ഭാരവാഹികളുടെ യോഗം തിരഞ്ഞെടുത്തത്.

ഒരേ സമയം ഒരാൾ രണ്ടു രാഷ്ട്രീയപ്പാർട്ടികളുടെ ഭാരവാഹിത്വത്തിൽ ഏർപ്പെട്ട നടപടിയെക്കുറിച്ച് കോൺഗ്രസ്സിന്റെ പുതിയ വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ കേവീസിനെ  വിളിച്ചപ്പോൾ, ബിഡിജെഎസ് ട്രഷറർ സ്ഥാനം താൻ രാജി വെച്ചുവെന്ന് ബാലകൃഷ്ണൻ പറഞ്ഞു.

ചോദ്യം: മാഷിനെ ഉദുമ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തുവല്ലേ-?

ഉ: അതെ ഞാൻ കോൺഗ്രസ് ഉദുമ ബ്ലോക്ക് വൈസ് പ്രസിഡണ്ടാണ്.

ചോദ്യം: താങ്കൾ ബിഡിജെഎസിന്റെ ജില്ലാ ട്രഷറർ ആയിരുന്നുവല്ലോ-?

ഉ:  ആയിരുന്നു. ആ പദവി ഞാൻ രാജിവെച്ചു

ചോ: എപ്പോഴാണ് രാജി വെച്ചത്-?

ഉ: അതു നേരത്തെ രാജി വെച്ചു.

ചോ: രാജിക്കത്ത് കൊടുത്തുവോ-?

ഉ: കൊടുത്തു.

ചോ: ആർക്ക് കൊടുത്തു-?

ഉ: അതെന്താണ് അങ്ങിനെ ചോദിക്കുന്നത്.

ചോ: അല്ല –  രാജിക്കത്ത് സംസ്ഥാന കമ്മിറ്റിക്ക് കൊടുത്തുവോ, അതോ ജില്ലാ പ്രസിഡണ്ടിന് കൊടുത്തുവോ-?

ഉ: അത് – അതിന്റെ വഴി പോലെയുള്ളവർക്ക് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് ബാലൻ അൽപ്പം ദേഷ്യത്തിൽ മാഷ് ഫോൺ ബന്ധം വിഛേദിച്ചു.

ബിഡിജെഎസ് പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് കാസർകോട്ടെ ബാലകൃഷ്ണൻ പാറക്കട്ടയാണ്. ബാലകൃഷ്ണനെ ഇന്ന് കാലത്ത് 10 മണിക്ക് ലേറ്റസ്റ്റിൽ നിന്ന് ഫോണിൽ വിളിച്ചു.

ചോ: ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ പാറക്കട്ടയല്ലേ-?

ഉ: അതെ.

ചോ: ലേറ്റസ്റ്റ് പത്രത്തിൽ നിന്നാണ്.

ഉ: മനസ്സിലായി പറഞ്ഞോളൂ.

ചോ: ബാലകൃഷ്ണൻ കേവീസ് ബിഡിജെഎസ് ജില്ലാ ട്രഷറർ അല്ലേ-?

ഉ: അതെ, അദ്ദേഹം ഇപ്പോഴും പാർട്ടിയുടെ ജില്ലാ ട്രഷറർ ആണ്.

ചോ: അദ്ദേഹത്തെ ഉദുമ മണ്ഡലം കോൺ. വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തിട്ടുണ്ടല്ലോ-?

ഉ: അത് അറിഞ്ഞു.

ചോ: അപ്പോൾ ഒരാൾക്ക് രണ്ടു പാർട്ടികളിൽ സ്ഥാനം പാടുണ്ടോ-?

ഉ: പാടില്ല-ബിഡിജെഎസ് ഖജാൻജി സ്ഥാനം ഒഴിയുന്നുവെന്ന് ബാലകൃഷ്ണൻ മാഷ് മുമ്പ് വിളിച്ചു പറഞ്ഞിരുന്നു.

ചോ: രാജിക്കത്ത് തന്നിട്ടുണ്ടോ-?

ഉ: രാജിക്കത്ത് ഇതുവരെയായും, തന്നിട്ടില്ല.

ചോ: താങ്കൾക്ക് ജോലി വല്ലതുമുണ്ടോ-?

ഉ: ഞാൻ ന്യൂലക്കി ലോട്ടറിയുടെ കാസർകോട്ടെ ഏജന്റാണ്. സഹകരിച്ചതിന് ഗണേശ് പാറക്കട്ടയ്ക്ക് നന്ദി പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

പാറക്കട്ടയെ വിളിച്ചത് ഇന്ന് രാവിലെ 10 മണിക്കും, ബാലകൃഷ്ണൻ കേവീസിനെ വിളിച്ചത് രാവിലെ 11 മണിക്കുമാണ്.

ഫലത്തിൽ ബിഡിജെഎസ് ജില്ലാ ഖജാൻജിയുടെ സ്ഥാനം വഹിക്കുമ്പോൾ തന്നെയാണ് ബാലകൃഷ്ണൻ കേവീസിനെ ഉദുമ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.

LatestDaily

Read Previous

വീടുവിട്ട വീട്ടമ്മ തിരിച്ചെത്തിയില്ല

Read Next

ഇഖ്ബാൽ നഗറിൽ ഗുണ്ടാ വിളയാട്ടം മണ്ണിറക്കിയവരിൽ നിന്ന് ലക്ഷം രൂപ ഗുണ്ടാപിരിവ്