ബംഗാൾ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ സ്ഫോടനം; 2 മരണം

കൊല്‍ക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്‍റെ വസതിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പാർട്ടി ബൂത്ത് പ്രസിഡന്‍റ് രാജ്കുമാർ മന്നയുടെ വീട്ടിലാണ് സ്ഫോടനം നടന്നത്. രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഭുപാട്ടിനഗറിലാണ് സ്ഫോടനം നടന്നത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ചവർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് കരുതുന്നത്. തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറി അഭിഷേക് ബാനർജി ശനിയാഴ്ച പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്ന വീട്. പ്രാദേശിക നേതാവിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന അസംസ്കൃത ബോംബ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ മൺവീടിന്‍റെ മേൽക്കൂര തെറിച്ചുപോയി.

തൃണമൂൽ കോൺഗ്രസാണ് സ്ഫോടനത്തിന് പിന്നിലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എല്ലായ്പ്പോഴും തൃണമൂൽ കോൺഗ്രസ് നടത്താറുള്ളതാണെന്നും അതിനാൽ ഈ സംഭവത്തിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ഘോഷ് ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ ബോംബ് സൂക്ഷിച്ചിരുന്നുവെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് സുകണ്ഠ മജുംദർ ആരോപിച്ചു.

K editor

Read Previous

രാഷ്ട്രീയ കുറ്റവാളികൾക്കും പുറത്തിറങ്ങാം: ശിക്ഷാ ഇളവ് പ്രഖ്യാപിച്ച് സർക്കാർ

Read Next

പണം തന്നില്ലെങ്കിൽ ശാഖകൾ ഉപരോധിക്കും; ബാങ്കിനെതിരെ കോഴിക്കോട് മേയർ