ഉണ്ണിത്താന്റെ വീടിന് കരിങ്കൊടി

കാഞ്ഞങ്ങാട്: രാജ്മോഹൻ ഉണ്ണിത്താന്റെ പടന്നക്കാട്ടെ ക്യാമ്പ് ഹൗസിന് മുന്നിൽ കരിങ്കൊടിയും പോസ്റ്ററും.  ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തിന്റെ പടന്നക്കാട്ടെ താമസ സ്ഥലത്തെ ഗേറ്റിന് മുന്നിൽ സേവ് കോൺഗ്രസിന്റെ പേരിൽ കരിങ്കൊടിയും പോസ്റ്ററും പ്രത്യക്ഷപ്പെട്ടത്. “മിസ്റ്റർ ഉണ്ണിത്താൻ, കൊല്ലത്തുനിന്നും അഭയം തേടിയെത്തിയത് കാഞ്ഞങ്ങാട്ടെ കോൺഗ്രസിന്റെ കുഴി തോണ്ടാനാണോ” എന്നാണ് ഗേറ്റിൽ സ്ഥാപിച്ച പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. എഴുതിത്തയ്യാറാക്കിയ പോസ്റ്ററിന് താഴെ സേവ് കോൺഗ്രസ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

കരിങ്കൊടിയും പോസ്റ്ററും ഗേറ്റിൽ കെട്ടിയിട്ടത് ആരാണെന്ന് വ്യക്തമല്ല. കാസർകോട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജില്ലയിൽ സ്ഥിര താമസമാക്കിയ ഉണ്ണിത്താൻ ജില്ലയിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്ന് ആക്ഷേപമുണ്ട്.  ഡിസിസി നേതൃത്വത്തിന് അനഭിമതനായ ഉണ്ണിത്താൻ ജില്ലയിൽ സ്വന്തം നിലയിൽ ഗ്രൂപ്പ് പ്രവർത്തനങ്ങളിലേർപ്പെട്ടതിൽ ജില്ലയിലെ കോൺഗ്രസ്സിനകത്ത് ശക്തമായ പ്രതിഷേധമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർതഥി നിർണ്ണയത്തിലും തന്റെ അനുയായികൾക്ക് സീറ്റ് തരപ്പെടുത്താൻ ഉണ്ണിത്താൻ ശ്രമിച്ചിരുന്നു. ഉണ്ണിത്താൻ ജില്ലയിലെ കോൺഗ്രസ്സിനെത്തന്നെ വിഴുങ്ങുമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇദ്ദേഹത്തിന്റെ ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ് പോസ്റ്ററിന്റേയും കരിങ്കൊടിയുടെയും രൂപത്തിൽ പുറത്തുവന്നതെന്ന് കരുതുന്നു.

Read Previous

മന്ത്രി ഇ. ചന്ദ്രശേഖരന് എതിരെ മടിക്കൈ സിപിഎമ്മിലും എതിർപ്പ്

Read Next

ഔഫ് വധക്കേസിൽ കുറ്റപത്രം ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയായി