കറുപ്പിനെന്താ ഓറഞ്ച് നിറം

അപകടങ്ങൾ ഒരിക്കലും മുൻകൂട്ടി അറിയിച്ചല്ല വരുന്നത് –  കടലിലായാലും ആകാശപരപ്പിലായലും.

കരയിലെ  അപകടങ്ങളെക്കാളേറെ കപ്പലോ വിമാനമോ അപകടത്തിൽ പെട്ടാൽ അതിന്  ഏറെ വാർത്താ പ്രാധാന്യം ലഭിക്കുന്നത് ഇവ രണ്ടും വ്യത്യസ്തമായ പാതയിലൂടെ പ്രയാണം ചെയ്യുന്നത് കൊണ്ടാണ്. ജനങ്ങൾക്ക് പൊതുവെ കൗതുക കാഴ്ചയാണല്ലോ കടലിലൂടെയും ആകാശത്തിലൂടെയുമുള്ള ഇവയുടെ യാത്രയിലെ പ്രത്യേകതകൾ.

കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന രണ്ട് ദുരന്തങ്ങൾ തന്നെ എടുക്കാം.

മൂന്നാർ രാജമലയ്ക്ക് സമീപം പെട്ടിമുടിയിലെ  ഉരുൾപൊട്ടലിൽ ഉണ്ടായ മരണ നിരക്ക് ,  അതേ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാന അപകടത്തിൽ ഉണ്ടായ മരണ സംഖ്യയേക്കാൽ ഏറെ കൂടുതൽ ആയിരുന്നുവല്ലോ.

പക്ഷേ വിമാന ദുരന്ത വാർത്ത, പെട്ടിമുടി ഉരുൾപൊട്ടലിന്റെ പ്രാധന്യത്തിന്റെ ഗൗരവം കുറച്ചില്ലേ?   എല്ലാവരുടെയും ശ്രദ്ധ  അന്നും അടുത്ത ദിവസങ്ങളിലും  കരിപ്പൂരിലേക്കല്ലേ തിരിഞ്ഞത് ?      

∙ബ്ലാക്ക് ബോക്സ്‌

വിമാനം അപകടത്തിൽ  പെട്ടാൽ ഒരു “ബ്ലാക്ക് ബോക്സ്” ഉടനെ വാർത്തയിൽ ഇടം പിടിക്കും. എന്താണ് ഈ ബ്ലാക്ക് ബോക്സ്‌? കറുത്ത പെട്ടിയാണെന്ന് ഭാഷാമാറ്റം.

പക്ഷേ ഈ കറുത്തവന്റെ യഥാർത്ഥ നിറം കറുപ്പല്ല,  തിളങ്ങുന്ന ഓറഞ്ചു വർണമാണ്.  വിമാനം  അപകടത്തിൽ പെട്ടാൽ അതിന്റെ  കാരണങ്ങൾ അറിയാൻ വഴിയൊരുക്കുന്ന ഈ ‘മാന്ത്രിക കുടുക്ക’ എളുപ്പത്തിൽ കണ്ടെത്താനാണ് അതിന് കടുത്ത ഓറഞ്ചു നിറം നൽകിയിട്ടുള്ളത്.   

വിമാനങ്ങളിൽ എഫ്.ഡി.ആറും), സി.വി. ആറും  ഉൾപ്പെടുന്ന  ബ്ലാക്ക് ബോക്സുവഴിയും  (Black Box)  കപ്പലുകളിൽ വി.ഡി.ആർ  പരിശോധനയിലൂടെയും സഞ്ചാരത്തിനിടെ സംഭവിക്കുന്ന അനിഷ്ട സംഭവങ്ങളുടെ നിജസ്ഥിതി  അറിയാൻ സാധിക്കുന്നു. പൊതുവെ ഈ വിവര ശേഖര ഉപകരണത്തെ ബ്ലാക്ക് ബോക്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. മർച്ചന്റ് നേവിയുടെ  കപ്പലുകളിൽ  ബ്ലാക്ക് ബോക്സ്‌ എന്നത് ഒരു സാങ്കൽപ്പിക നാമം മാത്രമാണ്‌.

ബ്രിട്ടീഷ് സേന വിഭാഗത്തിലെ ഒരു വാചക ശൈലിയുമായി ബന്ധപ്പെട്ടാണ് ബ്ലാക്ക് ബോക്സ്‌ എന്ന പേര് വന്നതെന്നും ബോക്സിനകത്തെ കറുത്ത നിറമാണ് അതിന് കാരണമായതെന്നും  പറയപ്പെടുന്നുണ്ട്.

വിമാനങ്ങളിൽ ഇതിന്റെ സ്ഥാനം വാലറ്റത്താണ്. അപകടമുണ്ടായാൽ അതിന്റെ ആഘാതം താരതമ്യേന കുറവായി  അനുഭവപ്പെടുന്നത്  പിന്നിലാണത്രെ.

അതുകൊണ്ടാണ് ബ്ലാക്ക് ബോക്സ്‌ അവിടെ സ്ഥാപിക്കുന്നത്. അപകടമുണ്ടായാൽ ഏത് കാലാവസ്ഥയെയും ആഘാതത്തെയും  അതിജീവിക്കാൻ പ്രാപ്തമായ ഘടനാവൈദഗ്ദ്യത്തോടെയാണിവയുടെ നിർമാണം.

ഏത് കൊടും ചൂടും തീയും അതിജീവിക്കും.20,000 അടി താഴ്ചയിൽ 30 ദിവസം അവിടെ കിടന്നാലും കേട് വരില്ല. 

വിമാനത്തിലെ ബ്ലാക്ക് ബോക്സിൽ എഫ്.ഡി. ആറിന് പുറമെ  സി.വി. ആറും  ഉണ്ടായിരിക്കും. കോക്പിറ്റി (പൈലറ്റും മറ്റും ഇരിക്കുന്നിടം) ലെയും മറ്റ് ജീവനക്കാരുടെയും (ക്രൂ )  സംഭാഷണങ്ങൾ, എഞ്ചിൻ ശബ്ദങ്ങൾ, റേഡിയോ സന്ദേശങ്ങൾ, എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനുമായുള്ള ആശയവിനിമയങ്ങൾ  തുടങ്ങിയ നിർണായക വിവരങ്ങൾ സി.വി. ആറിൽ നിന്ന് ലഭിക്കും.ഇതെല്ലാം  അപകട കാരണങ്ങൾ വിശകലനം ചെയ്യാൻ ഏറെ സഹായകമാണ്.

കരിപ്പൂർ ദുരന്തത്തിൽ ബ്ലാക്ക് ബോക്സ്‌ കണ്ടെത്തിയെന്നാണ് കിട്ടിയ വിവരം. പരിശോധന ഫലം പിറകെ വരാൻ കാത്തിരിക്കുക.കോക്ക്പിറ്റിലെ  സംഭാഷണങ്ങൾ നിർണ്ണായകമാകും.

വിമാനത്തിന്റെ സ്‌പീഡ്, പൊസിഷൻ, അൾട്ടിട്യൂഡ്, കാറ്റിന്റെ ശക്തി, ഇന്ധനത്തിന്റെ ഒഴുക്ക്, വെർട്ടിക്കൽ ആക്സിലറേഷൻ തുടങ്ങിയ നിർണായക വിവരങ്ങൾ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡിൽ നിന്ന് കിട്ടും.

∙ബ്ലാക്ക്  ബോക്സിന്റെ   തുടക്കം    

1950 തുകളിൽ ആസ്ട്രേലിയയിൽ  മെൽബോർണിലെ   എയ്‌റോ നോട്ടിക്കൽ റിസർച്ച് ലാബിൽ ഡേവിഡ് വാറെൻ എന്ന ആളാണ്  ആദ്യമായി ബ്ലാക്ക് ബോക്സിന്റെ സാധ്യതകൾ കണ്ടെത്തിയതെന്ന് പറയുന്നു.1960 മുതൽ  ആസ്ട്രേലിയയിലാണ് വിമാനങ്ങളിൽ ഡാറ്റാ റെക്കോർഡർ നിർബന്ധമാക്കിയതെന്ന് പറയപ്പെടുന്നു . 

∙കപ്പലുകളിൽ വി.ഡി.ആർ

കപ്പലുകളിലെ നിർണായക വിവരങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നത് വി.ഡി.ആർ. ) എന്ന ഉപകരണത്തിലാണ്.  നിരവധി നാവിഗേഷൻ നിയന്ത്രണ സംവിധാനങ്ങളുള്ള  ബ്രിഡ്ജ്  കപ്പലിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ്. 

റഡാറും സ്റ്റിയറിങ്ങും  അടക്കം സർവ്വ നാവിഗേഷൻ സംവിധാനങ്ങളും ഇവിടെയാണുള്ളത്. ഇതെല്ലാം വി.ഡി. ആറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

സഞ്ചാര പാതയിലെ  കൂട്ടിമുട്ടലുകൾ,  കടൽ ക്ഷോഭത്തിൽ കപ്പൽ തന്നെ മുങ്ങി മുങ്ങിപ്പോകുന്ന സംഭവങ്ങളുടെ കരണങ്ങളടക്കം മറ്റ് അനിഷ്ട  സംഭവങ്ങളെല്ലാം വി.ഡി.ആറിൽ നിന്ന്   ശേഖരിക്കാനാവും.

കപ്പൽ മുങ്ങിപ്പോകുമ്പോഴോ മറ്റ് അപകടങ്ങളിൽ പെട്ടാലോ രക്ഷ തേടാൻ പുറമെയുള്ളവരുടെ  ശ്രദ്ധയാകർഷിക്കാനുള്ള  ‘ഇപ്പറബ്’  (ഇ.പി.ഐ.ആർ.ബി    എന്ന ഉപകരണത്തിന് പുറമെയാണിത്.

അപകടത്തിൽ പെട്ട കപ്പലിൽ നിന്ന്  തൊട്ടടുത്ത സാറ്റലൈറ്റിലേക്ക് സിഗ്നലുകൾ വഴി കപ്പലിന്റെ സ്ഥാനം, തിരിച്ചറിയൽ നമ്പർ തുടങ്ങിയവ സംപ്രേക്ഷണം ചെയ്യുന്ന ഉപകരണമാണ് ഇപ്പറബ്.

LatestDaily

Read Previous

അമ്പലത്തറ പാറപ്പള്ളി ടൗണുകൾ അടച്ചിട്ടു

Read Next

കുവൈത്തിൽ തൂങ്ങി മരിച്ചു