ഹിമാചലില്‍ ബിജെപി ഉടന്‍ പ്രകടന പത്രിക പുറത്തിറക്കും

ഷിംല: ഹിമാചൽ പ്രദേശിനായുള്ള പ്രകടനപത്രിക ബിജെപി ഉടൻ പുറത്തിറക്കും. ബി.ജെ.പിക്ക് തുടർഭരണം ഉറപ്പാണെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. ജെപി നദ്ദ ഷിംലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്. നദ്ദ ഞായറാഴ്ച വിവിധ റാലികളെ അഭിസംബോധന ചെയ്യും. അഞ്ച് തവണ വിജയിച്ച സേരജ് മണ്ഡലത്തിൽ നിന്നാണ് മുഖ്യമന്ത്രി ജയ്റാം താക്കൂർ മത്സരിക്കുന്നത്. ബി.ജെ.പി ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജയറാം താക്കൂറാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ ബി.ജെ.പിക്കാണ് മേൽക്കൈ.

മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ അഭാവത്തിൽ ഉയർത്തിക്കാട്ടാൻ മുഖമില്ലെന്നതാണ് കോൺഗ്രസിന്‍റെ പ്രധാന വെല്ലുവിളി. വീരഭദ്ര സിങ്ങിന്‍റെ ഭാര്യയും കോണ്‍ഗ്രസ് അധ്യക്ഷയുമായ പ്രതിഭാ സിംഗ് സംസ്ഥാന കോണ്‍ഗ്രസിന്‍റെ മുഖമാണെങ്കിലും അവർ മത്സരിക്കുന്നില്ല. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലായതിനാൽ പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. അടുത്തയാഴ്ച എട്ട് റാലികളെ പ്രിയങ്ക അഭിസംബോധന ചെയ്യും.

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പുതിയ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെ 40 താരപ്രചാരകർ സംസ്ഥാനത്തെത്തും. പഞ്ചാബ്-ഗുജറാത്ത് മോഡൽ പോലുള്ള വാഗ്ദാനങ്ങൾ നൽകി കളംപിടിക്കാനാണ് ആം ആദ്മി പാർട്ടി ശ്രമിക്കുന്നത്. ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും പാർട്ടിയുടെ മുഴുവൻ ശ്രദ്ധയും ഗുജറാത്തിലാണ്. 

K editor

Read Previous

രാജാജി നഗറിലെ റോഷന് നാളെ പുതിയ ശ്രവണ സഹായി കൈമാറുമെന്ന് ആര്യ രാജേന്ദ്രന്‍

Read Next

ഷാരോണിന്റെ മരണം: വനിതാ സുഹൃത്ത് ഞായറാഴ്ച ഹാജരാകണമെന്ന് അന്വേഷണ സംഘം