ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി മാറ്റിവച്ചത് 800 കോടി; കെജ്‌രിവാള്‍

ന്യൂഡൽഹി: ഡൽഹി സർക്കാരിനെ വീഴ്ത്താന്‍ ബിജെപി 800 കോടി രൂപ നീക്കിവച്ചിരിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ഒരാൾക്ക് 20 കോടി രൂപ വീതം നൽകി 40 എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

“ഡൽഹി സർക്കാരിനെ വീഴ്ത്താൻ അവർ 800 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഓരോ എം.എൽ.എമാർക്കും 20 കോടിയാണ് വില. രാജ്യം തീർച്ചയായും അറിയേണ്ടതുണ്ട്, ആരുടെ പണമാണ് ഇതെന്നും എവിടെ നിന്നാണ് ഈ പണം വന്നതെന്നുമുള്ള കാര്യം. സർക്കാർ സ്ഥിരപ്പെട്ടതാണ്. ഡൽഹിയിലെ നല്ല പ്രവർത്തനങ്ങൾ തുടരും” അദ്ദേഹം ട്വീറ്റ് ചെയ്തു.

70 അംഗ ഡൽഹി നിയമസഭയിൽ എഎപിക്ക് 62 എംഎൽഎമാരാണുള്ളത്. ബിജെപിക്ക് 8 എം.എൽ.എമാരാണുള്ളത്. വിവാദ മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ ഇ.ഡി-സി.ബി.ഐ നടപടിയെടുത്തതിനെ തുടർന്ന് അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയിൽ എ.എ.പി അടിയന്തര യോഗം വിളിച്ചെങ്കിലും എം.എൽ.എമാരിൽ പലരും എത്തിയിരുന്നില്ല. രാവിലെ 11 മണിക്ക് അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയിൽ ചേർന്ന യോഗത്തിൽ 40 എംഎൽഎമാരാണ് പങ്കെടുത്തത്.

Read Previous

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം; ഭൂവുടമകളുമായി ചർച്ച നടത്തിയേക്കും

Read Next

‘കോണ്‍ഗ്രസ് നേതാക്കള്‍ വടികൊടുത്തു അടി വാങ്ങുന്നു’