അയോധ്യയില്‍ ചാവേറാക്രമണം നടത്തും;പോപ്പുലർ ഫ്രണ്ട് നേതാവ് ഭീഷണിക്കത്ത് അയച്ചെന്ന് ബിജെപി എംഎല്‍എ

ന്യൂഡൽഹി: തീവ്രവാദ ബന്ധത്തിന്‍റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ തനിക്ക് ഭീഷണി കത്ത് ലഭിച്ചെന്ന് ബിജെപി എംഎൽഎ. പോപ്പുലർ ഫ്രണ്ട് അംഗത്തിന്‍റെ പേരിലാണ് മഹാരാഷ്ട്രയിൽ നിന്നുള്ള എംഎൽഎ വിജയകുമാർ ദേശ്മുഖിന് ഭീഷണി കത്ത് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് ഷാഫി ബിരാജ്ദാറിനെതിരെ എംഎൽഎ പരാതി നൽകിയിട്ടുണ്ട്.

അയോധ്യയിലെ രാം മന്ദിറിലും കൃഷ്ണ ജന്മഭൂമി മന്ദിറിലും ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ റഡാറിൽ ഉണ്ടെന്നും ശിരഛേദം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ സോളാപൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേന്ദ്ര ഏജൻസികളുടെ വ്യാപകമായ റെയ്ഡിനും അറസ്റ്റിനും ശേഷമാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചത്. അഞ്ച് വർഷത്തേക്കാണ് വിലക്ക്. പോപ്പുലർ ഫ്രണ്ടിന് പുറമെ അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളും നിരോധിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട്, റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഏച്ച്ആർഒ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ എന്നിവയാണ് നിരോധിച്ച സംഘടനകൾ.

Read Previous

ആരോഗ്യപ്രവര്‍ത്തകരുടെ കുടിയേറ്റം; കേരളവും യുകെയും ധാരണാ പത്രം ഒപ്പിടും

Read Next

പോരാടാൻ തരൂരും ഖാർഗെയും; അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു