അമിത് ഷായുടെ ചെരുപ്പെടുക്കുന്ന ബിജെപി നേതാവ്; വിഡിയോ വൈറൽ

ഹൈദരാബാദ്: സെക്കന്ദരാബാദിലെ ഉജ്ജയിനി മഹാകാളി ക്ഷേത്രം സന്ദർശിക്കുന്നതിനിടെ തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെരുപ്പെടുക്കുന്ന വിഡിയോയെ ചൊല്ലി തെലങ്കാനയിൽ രാഷ്ട്രീയ വിവാദം. സംഭവത്തിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകനും സംസ്ഥാന മന്ത്രിയുമായ കെ.ടി.രാമ റാവു രൂക്ഷ ഭാഷയിലാണ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. തെലങ്കാനയിലെ ജനങ്ങൾ ഗുജറാത്തിന്റെ അടിമകളെ നിരീക്ഷിക്കുകയാണെന്നും തെലങ്കാനയുടെ ആത്മാഭിമാനത്തെ ഇകഴ്‌ത്താനുള്ള ഏതൊരു ശ്രമത്തെയും തിരുത്തുമെന്നും കെ.ടി.രാമ റാവു ട്വീറ്റ് ചെയ്‌തു. ‘തെലങ്കാന പ്രൈഡ്’(തെലങ്കാന അഭിമാനം) എന്ന ഹാഷ്‌ടാഗിലായിരുന്നു കെ.ടി.രാമ റാവുവിന്റെ ട്വീറ്റ്.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്)യുടെ നേതൃത്വത്തിൽ ‘തെലങ്കാന പ്രൈഡ്’ എന്ന ഹാഷ്‌ടാഗിന് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഉജ്ജയിനി മഹാകാളി ക്ഷേത്ര സന്ദർശനത്തിനു ശേഷം പുറത്തെത്തുന്ന അമിത് ഷായുടെ ചെരുപ്പെടുക്കാൻ ധൃതിയിൽ പോകുന്ന തെലങ്കാന ബിജെപി അധ്യക്ഷനെ‘അടിമ’ എന്നാണ് തെലങ്കാന രാഷ്ട്ര സമിതി സോഷ്യൽ മീഡിയ കൺവീനർ വൈ.സതീഷ് റെഡ്ഡി വിശേഷിപ്പിച്ചത്.

നൽഗൊണ്ട ജില്ലയിലെ മുനുഗോഡ് നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായാണ് അമിത് ഷാ തെലങ്കാന സന്ദർശിച്ചത്. തെലങ്കാനയിൽ സമര ഭേരി റാലികൾക്ക് നേതൃത്വം നൽകാൻ സംസ്ഥാനത്ത് തുടരുന്ന അമിത് ഷാ, കെ.ചന്ദ്രശേഖർ റാവു സർക്കാരിനെതിരെ ആരോപണം ശ‌ക്തമാക്കുന്നതിനിടെയാണ് വിഡിയോയുമായി ടിആർഎസ് തിരിച്ചടിച്ചത്. അഴിമതിയിൽ അടിമുടി കുളിച്ചു നിൽക്കുന്ന സർക്കാരാണ് തെലങ്കാനയിൽ നിലവിൽ ഉള്ളതെന്നും ദേശവിരുദ്ധരെ കൂട്ടുപിടിച്ച് വികസനത്തിൽ നിന്ന് തെലങ്കാനയെ പിന്നോട്ടടിപ്പിക്കുകയാണ് ടിആർഎസ് ചെയ്യുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.

K editor

Read Previous

പുറത്താക്കപ്പെട്ട വിദ്യാർഥിക്ക് പ്രവേശനം നല്‍കിയില്ല; പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ച് മുറിയിൽ പൂട്ടി

Read Next

പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം; പൊലീസുകാരനെ ചവിട്ടി വീഴ്ത്തി