സമരത്തിനിടെ രാഹുൽ ഗാന്ധി യുവ നേതാവിന്റെ ഷർട്ട് കീറിയെന്ന ആരോപണവുമായി ബിജെപി

ന്യൂഡൽഹി: വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് എന്നിവയ്ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒപ്പമുണ്ടായിരുന്ന യുവ നേതാവിന്‍റെ ഷർട്ട് കീറിയതായി ബിജെപിയുടെ ആരോപണം. സമരപ്പന്തലിൽ ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാവ് ദീപേന്ദർ എസ് ഹൂഡയുടെ ഷർട്ട് രാഹുൽ വലിച്ചുകീറിയെന്നാണ് ആരോപണം. ബിജെപി നേതാവും ഐടി വിഭാഗം മേധാവിയുമായ അമിത് മാളവ്യയാണ് ചിത്രം സഹിതം ട്വീറ്റ് ചെയ്തത്.

രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുകയായിരുന്ന രാഹുലിനെയും മറ്റുള്ളവരെയും വിജയ് ചൗക്കിൽ വച്ച് പോലീസ് തടഞ്ഞു. കേരളത്തിൽ നിന്നുൾപ്പെടെയുള്ള എം.പിമാർക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ന്യൂഡൽഹി ജില്ലയിലുടനീളം നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും അറിയിച്ചതിനെ തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഘർഷത്തിനിടെ ദീപേന്ദറിനെ ഡൽഹി പോലീസ് വാഹനത്തിലേക്ക് വലിച്ച് കയറ്റുമ്പോൾ സമീപത്തുണ്ടായിരുന്ന രാഹുൽ ഗാന്ധി ഉൾപ്പെടെ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനിടെ രാഹുൽ ദീപേന്ദറിന്റെ ഷർട്ടിൽ പിടിച്ചുവലിക്കുന്ന ചിത്രം പങ്കുവച്ചാണ്, ഇത് രാഹുലിന്റെ നാടകമാണെന്ന തരത്തിൽ ബിജെപി ആരോപണം ഉന്നയിക്കുന്നത്.

രാഹുൽ ഗാന്ധിക്ക് പുറമെ പ്രതിഷേധത്തിന്‍റെ മുൻ നിരയിൽ നിന്നിരുന്ന പ്രിയങ്ക ഗാന്ധിക്കെതിരെയും മാളവ്യ ആരോപണങ്ങൾ ഉന്നയിച്ചു. പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി തന്നെ തടയാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൈ പിടിച്ച് തിരിച്ചെന്നാണ് ആരോപണം.

K editor

Read Previous

ലോകകപ്പ് സ്മരണയ്ക്കായി നാണയങ്ങളോ കറൻസിയോ പുറത്തിറക്കിയിട്ടില്ലെന്ന് ഖത്തർ

Read Next

കെ.കെ.രാഗേഷിന്റെ ഭാര്യയുടെ നിയമനം; കണ്ണൂർ വിസിയോട് വിശദീകരണം തേടി ഗവർണർ