ബൈക്ക് മോഷണ പരമ്പരയിൽ വട്ടം കറങ്ങി പോലീസ്

കാഞ്ഞങ്ങാട്ട് ഇന്നലെയും ഇന്നും വീണ്ടും ബൈക്ക് മോഷണം

കാഞ്ഞങ്ങാട്: മോട്ടോർ ബൈക്കുകളും സ്കൂട്ടറുകളും മോഷണം നിത്യ സംഭവമായതോടെ വട്ടം കറങ്ങി പോലീസ്.

കാസർകോട്ടും കാഞ്ഞങ്ങാട്ടും തുടർച്ചയായി ബൈക്ക് മോഷണം നടക്കുന്നതാണ് പോലീസിനെ കുഴക്കുന്നത്.  കാഞ്ഞങ്ങാട് നഗരത്തിൽ ഇന്നലെയും ഇന്ന് രാവിലെയും ബൈക്ക് മോഷണം നടന്നു.

മൂന്ന് ദിവസം മുമ്പും കാഞ്ഞങ്ങാട് നഗരത്തിൽ ബൈക്ക് മോഷണമുണ്ടായി. കാസർകോട് പഴയ ബസ്്സ്റ്റാന്റിലും തളങ്കരയിലും കഴിഞ്ഞ ദിവസം ബൈക്ക് മോഷണം നടന്നു.

കിഴക്കുംകരയിലെ രാമകൃഷ്ണന്റെ  സ്കൂട്ടിയാണ് ഇന്ന് രാവിലെ കുന്നുമ്മൽ പാൽ സൊസൈറ്റിക്ക് മുന്നിൽ നിന്നും മോഷണം പോയത്. വീട്ടിൽ നിന്നും കൊണ്ടു വന്ന പാൽ, സൊസൈറ്റിയിൽ നൽകുന്നതിനായി  സ്കൂട്ടി റോഡരികിൽ നിർത്തിയിട്ടതായിരുന്നു.

സൊസൈറ്റി തൊട്ടടുത്തായതിനാൽ താക്കോൽ സ്കൂട്ടിയിൽ നിന്നും എടുത്തില്ല. തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. കോട്ടച്ചേരി ട്രാഫിക്  സർക്കിളിന് സമീപത്താണ് ഇന്നലെ മോഷണം നടന്നത്. മടിക്കൈ പൂത്തക്കാലിലെ മിഥുന്റെ സ്കൂട്ടിയാണ് മോഷണം പോയത്.

ട്രാഫിക് സർക്കിളിനടുത്തുള്ള കടയിലെ ജീവനക്കാരനായ മിഥുൻ കടക്ക് മുന്നിൽ നിർത്തിയിട്ടതായിരുന്നു സ്കൂട്ടി. താക്കോൽ ഡിക്കിയിൽ സൂക്ഷിച്ചിരുന്നു. ഉച്ചയ്ക്ക് സ്കൂട്ടിയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണമെടുക്കാനെത്തിയപ്പോഴാണ് വാഹനം മോഷണം പോയതായി അറിഞ്ഞത്.

മൂന്ന് ദിവസം മുമ്പ് പഴയ കൈലാസ് തിയ്യേറ്ററിനടുത്തും ബൈക്ക് മോഷണം നടന്നു. കാസർകോട്ട് നിന്നും മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചായിരുന്നു ഇവിടെനിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ചത്. ചട്ടഞ്ചാൽ സ്വദേശിയായ യുവാവാണ് മോഷണ പരമ്പരയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയം.

താക്കോൽ വാഹനത്തിൽ തന്നെയുള്ള സ്കൂട്ടിയെ കണ്ടാൽ മോഷ്ടിച്ച് കൊണ്ടുപോവുകയും മറ്റൊരിടത്ത് ഉപേക്ഷിച്ച് അവിടെനിന്നും മറ്റൊരു ബൈക്കുമായി കടന്നുകളയുകയും ചെയ്യുന്നത് വിനോദമാക്കിയ ചട്ടഞ്ചാൽ സ്വദേശിയെ പോലീസ് തിരയുന്നുണ്ട്്.

2 വർഷം മുമ്പ് സമാനമായ മോഷണം നടത്തിയ ചട്ടഞ്ചാൽ യുവാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ്  ചെയ്തിരുന്നു.

Read Previous

യൂത്ത് കോൺഗ്രസ്സ് സിപിഐ ഓഫീസ് തകർത്തു

Read Next

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: പയ്യന്നൂരില്‍ കേസുകള്‍ 9