ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് വീണ്ടും രണ്ട് ബൈക്കുകൾ മോഷ്ടിച്ച് ഉപേക്ഷിച്ചു
കാഞ്ഞങ്ങാട്: മോഷ്ടാവിന് ഇരുചക്ര വാഹനമോഷണം നേരം പോക്കായതോടെ മുന്നറിയിപ്പുമായി പോലീസ്.
യാതൊരു കാരണവശാലും സ്കൂട്ടർ, ബൈക്കുകൾ പോലുള്ള വാഹനങ്ങളിൽ താക്കോൽ സൂക്ഷിക്കരുതെന്നാണ് ഹൊസ്ദുർഗ് എസ്.ഐ., പി.കെ. വിനോദ്കുമാർ നൽകുന്ന മുന്നറിയിപ്പ്.
ഇന്നലെ രണ്ട് ബൈക്കുകൾ കൂടി മോഷ്ടിച്ച് മറ്റ് സ്ഥലങ്ങളിൽ ഉപേക്ഷിച്ച് തസ്ക്കരൻ സ്ഥലം വിട്ടുവെങ്കിലും, പൊല്ലാപ്പ് പിടിച്ചത് പോലീസും വാഹന ഉടമകളുമാണ്.
കഴിഞ്ഞ ദിവസം പുതിയകോട്ട പള്ളിക്ക് സമീപത്തും, കോട്ടച്ചേരി ബസ്്സ്റ്റാന്റ് പരിസരത്ത് നിന്നുമായി ബൈക്കുകൾ മോഷണം പോയി. പുതിയകോട്ടയിൽ നിന്നും മോഷണം പോയ ബൈക്ക് രാത്രി കോട്ടച്ചേരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കോട്ടച്ചേരിയിൽ നിന്നും മോഷണം പോയ വാഹനത്തിൽ ഉടമയുടെ ഫോണും വിലപിടിപ്പുള്ള രേഖകളുമുണ്ടായിരുന്നതിനാൽ, ഇവർ രാത്രി ഒരുമണിവരെ വിവിധ ഇടങ്ങളിൽ അന്വേഷണം നടത്തി. മോഷണം നടക്കുന്നതിന്റെ ദൃശ്യം സിസിടിവിയിലും പതിഞ്ഞിരുന്നു.
ബൈക്ക് പിന്നീട് രാവിലെ പുതിയകോട്ട ഹെഡ്പോസ്റ്റോഫീസിന് സമീപം കണ്ടെത്തുകയായിരുന്നു.
കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്തുനിന്നും, കുന്നുമ്മൽ പാൽ സൊസൈറ്റിക്ക് സമീപത്തുനിന്നും പോയ വാഹനങ്ങളെക്കുറിച്ച് വിവരമൊന്നുമില്ല. മോഷണ ദൃശ്യം സിസിടിവി ക്യാമറകളിൽ പതിയുന്നുണ്ടെങ്കിലും, മോഷ്ടാവിന്റെ ദൃശ്യം വ്യക്തമാകാത്തത് പോലീസ് അന്വേഷണത്തെ കാര്യമായി ബാധിച്ചു.
സമാനമായ ബൈക്ക് മോഷണങ്ങൾ കാസർകോട് ടൗണിലും സമീപ പ്രദേശങ്ങളിലും നടക്കുന്നുണ്ട്.
താക്കോൽ സൂക്ഷിച്ച വാഹനങ്ങളാണ് മോഷണം പോയതെല്ലാമെന്നതിനാൽ ഒരു കാരണവശാലും താക്കോൽ വാഹനത്തിൽ സൂക്ഷിക്കാതിരിക്കുക മാത്രമാണ് ഇരുചക്രവാഹനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ആദ്യം സ്വീകരിക്കേണ്ട മാർഗമെന്നാണ് പോലീസ് നിർദ്ദേശം.