വാഹനാപകടത്തിൽ മരിച്ച ചൈതന്യയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്ക്കരിച്ചു

പയ്യന്നൂർ: കൊല്ലം ചെങ്കോട്ട ദേശീയപാതയിൽ കാർ ബുള്ളറ്റ് ബൈക്കിലിടിച്ച് മരണപ്പെട്ട അലാമിപ്പള്ളിയിലെ വി. അജയന്റെ മകൾ ചൈതന്യയുടെ 19, മൃതദേഹം  മാതൃഗൃഹമായ പയ്യന്നൂർ കണ്ടങ്കാളിയിലെ വീട്ടിലെത്തിച്ച ശേഷം സംസ്ക്കരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കൊല്ലത്ത് നിന്ന് ഇന്ന് രാവിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ മകളുടെ മരണവിവരമറിഞ്ഞ് ഗൾഫിൽ നിന്നുെമത്തിയ പിതാവ് അജയൻ അന്ത്യചുംബനം നൽകി.

അൽപ്പസമയം വീട്ടിൽ വെച്ച മൃതദേഹത്തെ ബന്ധുക്കൾ കണ്ണീരോടെ യാത്രയാക്കി. ചൈതന്യയുട മാതാവ് ഷീബ നേരത്തെ മരിച്ചതാണ്. അജയൻ – ഷീബ ദമ്പതികളുടെ ഏകമകളാണ് ചൈതന്യ. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയായ ചൈതന്യ  വെക്കേഷൻ സമയത്ത് പിതാവിനെ കാണാൻ ഗൾഫിലെത്താറുണ്ട്. മാസങ്ങളോളം പിതാവിനൊപ്പം വിദേശത്ത് ചെലവഴിച്ച് നാട്ടിൽ മടങ്ങാറാണ് പതിവ്. ഗൾഫിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തിരുന്ന ചൈതന്യ പിതാവിന്റെയടുത്ത് നിന്നും രണ്ട് മാസം മുമ്പ് കൊല്ലം എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങിയതാണ്.

അഞ്ച് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ മോട്ടോർ ബൈക്കുകളിലായി കോളേജിൽ നിന്നും തെൻമല ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വിനോദയാത്ര പോയി മടങ്ങവെയുണ്ടായ അപകടത്തിലാണ് ചൈതന്യ മരണപ്പെട്ടത്. സഹപാഠിയായ കൊല്ലം കുണ്ടറയിലെ ഗോവിന്ദും 20, അപകടത്തിൽ മരിച്ചിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു.

LatestDaily

Read Previous

കാറ്റാടി ടവർ നിർമ്മാണം നിർത്തിവെച്ചു

Read Next

തിരുവോണമടുത്തു; വ്യാപാര മേഖലയിൽ മാന്ദ്യം