ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വാഹനം കെട്ടിവലിക്കാനുപയോഗിച്ച കയർ കഴുത്തിൽ കുരുങ്ങി ബെക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. ഇന്നലെ രാത്രി 8.40-ന് കോട്ടച്ചേരി ഇഖ്ബാൽ ജംങ്ങ്ഷനിലാണ് കഴുത്തിൽ കയർ കുരുങ്ങി റോഡിൽ തലയിടിച്ച് വീണ് യുവാവ് മരിച്ചത്. മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശിയും, രാവണേശ്വരത്ത് താമസക്കാരനുമായ രതീഷിനാണ് 35, ഇന്നലെ രാത്രി ബൈക്കോടിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി ദാരുണാന്ത്യമുണ്ടായത്.
എഞ്ചിൻ തകരാർ മൂലം വഴിയിൽക്കിടന്ന ഗുഡ്സ് ഓട്ടോയെ മറ്റൊരു വാഹനം കയർകെട്ടി വലിച്ചുകൊണ്ടുപോകുന്നതിനിടെ ഇഖ്ബാൽ ജംങ്ങ്ഷനിൽ കാഞ്ഞങ്ങാട് നിന്നും രാവണേശ്വരത്തേയ്ക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രതീഷിന്റെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ രതീഷിന്റെ കഴുത്തിൽ കയർ കുരുങ്ങിയതുമൂലം ആഴത്തിൽ മുറിവേറ്റിരുന്നു.
സംഭവം നേരിൽക്കണ്ട നാട്ടുകാർ യുവാവിനെ ഉടൻതന്നെ തൊട്ടടുത്തുള്ള മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. തകരാറിലായ ഓട്ടോയെ കെട്ടിവലിച്ച് കൊണ്ടുപോയിരുന്ന വാഹനം ഇക്ബാൽ റോഡിലേക്ക് കയറിയതിന് തൊട്ടുപിന്നാലെയാണ് രതീഷ് തന്റെ ബൈക്കിൽ അതുവഴി വന്നത്. റോഡിന് കുറുകെയുണ്ടായിരുന്ന കയർ ശ്രദ്ധയിൽപ്പെടാത്തതിനെത്തുടർന്നായിരുന്നു അപകടം. മൃതദേഹം ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. രതീഷ് മടിക്കൈ കണ്ടംകുട്ടിച്ചാലിലെ പരേതനായ ഗുരുദേവന്റെയും, സുമതിയുടെയും മകനാണ്. ഭാര്യ സബിത. രണ്ട് മക്കളുണ്ട്.