ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും; മെഹബൂബ മുഫ്തി ഭാഗമാകും

ശ്രീനഗർ: സുരക്ഷാ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തിവച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപുര മുതൽ പാംപോർ വരെ 20 കിലോമീറ്റർ യാത്ര നടത്തും. പിഡിപി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും യാത്രയുടെ ഭാഗമാകും.

ഇന്നലത്തെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഇന്നത്തെ യാത്രയ്ക്കായി വലിയ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്ര കടന്നുപോകുന്ന റോഡിന്‍റെ ഇരുവശത്തും ജമ്മു കശ്മീർ പൊലീസിനെ വിന്യസിക്കും. രാഹുൽ ഗാന്ധിക്ക് ചുറ്റും ‘ഡി’ ആകൃതിയിൽ വടംകൊണ്ട് വലയം സൃഷ്ടിക്കും. ജമ്മു കശ്മീർ പൊലീസ് വടം നിയന്ത്രിക്കും. ഇതിനായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സി.ആർ.പി.എഫിന്‍റെ സുരക്ഷ വടത്തിനുള്ളിലുണ്ടാകും. കൂടുതൽ സിആർപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ ജമ്മു കശ്മീരിലെ ബനിഹാലിൽ നിന്ന് ആരംഭിച്ച യാത്ര 4 കിലോമീറ്റർ പിന്നിട്ട് ജവാഹർ തുരങ്കം കടന്നപ്പോൾ ജനക്കൂട്ടം സുരക്ഷാ വലയം മറികടന്ന് രാഹുൽ ഗാന്ധിക്ക് നേരെ പാഞ്ഞടുത്തിരുന്നു. രാഹുൽ ഗാന്ധിക്ക് സുരക്ഷ ഒരുക്കേണ്ട ജമ്മു കശ്മീർ പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

K editor

Read Previous

ത്രിപുര സി.പി.എം എംഎൽഎയും തൃണമൂൽ മുൻ സംസ്ഥാന അധ്യക്ഷനും ബിജെപിയിൽ

Read Next

2022ൽ ഇന്ത്യന്‍ ബോക്സ് ഓഫീസ് നേടിയത് 10,637 കോടി!