ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കോൺഗ്രസ് എ.ഐ.സി.സി ആസ്ഥാനത്ത് തിങ്കളാഴ്ച വൈകീട്ട് നാലിന് യോഗം ചേരും. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും ഭാരവാഹികളും പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി.സി.സി) പ്രസിഡന്റുമാരും സംസ്ഥാന കോർഡിനേറ്റർമാരും യോഗത്തിൽ പങ്കെടുക്കും. മുതിർന്ന നേതാക്കളുടെ പലായനം തുടരുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.
12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും 150 ദിവസം നടന്ന് ഇന്ത്യയുടെ ഹൃദയം പിടിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാജ്യത്തെ ഒന്നിപ്പിക്കാൻ ഒറ്റക്കെട്ടായി നീങ്ങാം എന്നതാണ് യാത്രയുടെ മുദ്രാവാക്യം. സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം എന്നിങ്ങനെ രാജ്യം പ്രതിസന്ധി നേരിടുന്ന മൂന്ന് പ്രധാന കാര്യങ്ങളാണ് കോണ്ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. സെപ്റ്റംബർ ഏഴിന് വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. കാൽനടയായി 3,570 കിലോമീറ്റർ സഞ്ചരിച്ചിക്കുന്ന യാത്ര ജമ്മു കശ്മീരിൽ സമാപിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 സന്നദ്ധപ്രവർത്തകരാണ് യാത്രയിലെ സ്ഥിരം അംഗങ്ങൾ. അതാത് സംസ്ഥാനങ്ങളിൽ നിന്നുള്ള 200 താൽക്കാലിക അംഗങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും 300 അംഗങ്ങളാണ് ജാഥയിൽ ഉണ്ടാവുക. സാമൂഹിക പ്രവർത്തകർ, കലാ പ്രവർത്തകർ, എഴുത്തുകാർ, സാധാരണക്കാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ ജാഥയിൽ പങ്കെടുക്കുമെന്ന് പാർട്ടി ദേശീയ നേതാക്കൾ അറിയിച്ചു. ചില സമാജ് വാദി, ലോഹ്യാവാദി സംഘടനകൾ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.