സംശയിക്കേണ്ട ഇത് പോലീസ് സ്റ്റേഷനാണ്

കാഞ്ഞങ്ങാട്:  പരാതികളുമായെത്തുന്നവർ ആദ്യമൊന്ന് ശങ്കിച്ച് നിൽക്കും. ഇത് പോലീസ് സ്റ്റേഷൻ തന്നെയാണോ. ശങ്കിക്കേണ്ട ഇത് ബേക്കൽ പോലീസ് സ്റ്റേഷനാണ്. അകവും പുറവുമാകെ മിനുക്കി വർണ്ണാഭമായിരിക്കുന്ന ബേക്കൽ പോലീസ് സ്റ്റേഷനെ ഇപ്പോൾ ആരുമൊന്ന് ഇമവെട്ടാതെ നോക്കിനിന്ന് പോകും.

സ്റ്റേഷൻ നവീകരണ പ്രവർത്തനത്തിനായി സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചപ്പോഴാണ് സ്റ്റേഷന്റെ മുഖഛായ മാറ്റാൻ ആശയമുണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വനിരകളുടെ മുന്നിൽ എസ്ഐ, പി. അജിത്ത്കുമാറും, മുൻ പോലീസ് ഇൻസ്പെക്ടർ നിസാമും ഉത്സാഹിച്ചതോടെ സ്റ്റേഷനിലെ മുഴുവൻ പോലീസുദ്യോഗസ്ഥരും ഉദ്യമത്തിൽ പങ്കാളികളായി.

സഹ പ്രവർത്തികൾക്ക് സർക്കാർ ഫണ്ട് 10 ലക്ഷം പേരെന്ന് വന്നതോടെ സന്നദ്ധ പ്രവർത്തകർക്കൊപ്പം പോലീസുകാരും കൈകോർത്തു. കാൽനൂറ്റാണ്ടിലേറെ  പഴക്കമുള്ള സ്റ്റേഷൻ കെട്ടിടം ചോർന്നൊലിച്ച നിലയിലായിരുന്നു. സ്റ്റേഷന് നാല് ചുറ്റും കാട്മൂടി, തുരുമ്പെടുത്ത് നശിച്ച വാഹന കൂമ്പാരം, പാമ്പുകൾ ഉൾപ്പെടെ ഇഴജന്തുക്കളുടെ  താവളമായ സ്റ്റേഷൻ പരിസരം. ഇത് കേരളത്തിലെ പോലീസ് സ്റ്റേഷനാണോ എന്ന് പോലും തോന്നിപ്പോകുന്ന പരിസ്ഥിതിയിലായിരുന്നു ഒരു മാസം മുമ്പ് വരെ പോലീസ് സ്റ്റേഷൻ.

സ്റ്റേഷൻ മോടിപിടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ, പോലീസുകാർ ആദ്യം ചെയ്തത് സ്റ്റേഷൻ വളപ്പിലെ കാടുകൾ വെട്ടിത്തെളിക്കുകയായിരുന്നു. പിന്നാലെ വാഹനകൂമ്പാരം പൂർണ്ണമായി കാസർകോട് ഏആർ ക്യാമ്പിലേക്ക് മാറ്റി. സ്റ്റേഷൻ കെട്ടിടത്തിനടുത്തുണ്ടായിരുന്ന പഴയ ഷെഡ്ഡ് പൊളിച്ചുമാറ്റി. ചോർന്നൊലിക്കുകയായിരുന്ന കെട്ടിടത്തിനാവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പിന്നീട് കെട്ടിടത്തെ വർണ്ണാഭമാക്കുന്ന പ്രവർത്തി ആരംഭിച്ചു.

അയൽവാസികളായ സ്ഥലമുടകൾ  ചുറ്റുമതിൽ കെട്ടിയതോടെ സ്റ്റേഷന്റെ മുഖഛായയാകെ മാറി. സ്ററേഷൻ മുറ്റം ഇന്റർലോക്ക് പാകി. പരാതിയുമായെത്തുന്നവർക്ക് ആഡംബര ഇരിപ്പിടങ്ങളും ടെലിവിഷൻ സൗകര്യവുമൊനരുക്കിയിട്ടുണ്ട്. പ്രധാന ഹാളുകളിലുൾപ്പെടെ ഇന്റീരിയൽ ജോലികൾ പൂർത്തീയാക്കിയത് സ്റ്റേഷനെ  ഏറെ മനോഹരമാക്കി.  പുറത്ത് കൂടി മോടി കൂട്ടിയതോടെ പോലീസ് സ്റ്റേഷന്റെ മുഖഛായ അപ്പാടെ മാറി.

കാസർകോട് -കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലൂടെ രാത്രി സമയത്ത് സഞ്ചരിക്കുന്നവർ നോക്കിനിന്ന് പോകും വിധം വിവിധ തരത്തിലുള്ള വർണ്ണ പ്രകാശത്താൽ അലംകൃതമാണ് ബേക്കൽ പോലീസ് സ്റ്റേഷൻ. സംശയിക്കണ്ട ഇത് പോലീസ് സ്റ്റേഷൻ തന്നെയാണ്.

Read Previous

കാഞ്ഞങ്ങാട്ട് ഗ്യാസ് വിതരണ പൈപ്പ് ലൈൻ വേഗം പൂർത്തിയാവും

Read Next

ജില്ലയിൽ ആരോഗ്യ പ്രവർത്തനം കുത്തഴിഞ്ഞു