ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: തൃശ്ശൂർ സ്വദേശിയുടെ വാഹനത്തിൽ നിന്നും അനധികൃതമെന്ന് പറഞ്ഞ് പിടിച്ചെടുത്ത പണം കർണ്ണാടക സ്വദേശിയുടേതാക്കി എഫ്ഐആർ റജിസ്റ്റർ ചെയ്ത ബേക്കൽ പോലീസിന്റെ നടപടിക്കെതിരെ യുവാവ് മുഖ്യമന്ത്രിക്കും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കും, കാസർകോട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.
തൃശ്ശൂർ മാള വില്ലുമംഗലത്ത് വീട്ടിൽ കൃഷ്ണൻ കുട്ടിയുടെ മകൻ വി. കെ. സുനോജിന്റെ കാറിൽ നിന്ന് മാർച്ച് 2 നാണ് ബേക്കൽ പോലീസ് 3.48 ലക്ഷം രൂപ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നടക്കുന്ന വാഹന പരിശോധനയ്ക്കിടെയാണ് പെരിയാട്ടടുക്കത്ത് സുനോജിന്റെ കാർ തടഞ്ഞു നിർത്തി പോലീസ് പരിശോധിച്ചത്.
ഫർണിച്ചർ വ്യാപാരിയായ സുനോജ് കാസർകോട്ടേയ്ക്ക് ഫർണിച്ചർ സാമഗ്രികൾ വാങ്ങാനാണ് പണവുമായെത്തിയത്. പ്രസ്തുത സംഭവത്തിൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത 168/2021 എഫ്ഐആറിൽ ദക്ഷിണ കർണാടക ബൽത്തങ്ങാടി ലൈല വില്ലേജിൽ കുദ്രോളി ഹൗസിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് ഇഖ്ബാലിനെ പ്രതി ചേർത്ത നടപടിയാണ് സംശയങ്ങൾക്കിട നൽകിയിരിക്കുന്നത്. സുനോജിനെ വാഹനസഹിതം ബേക്കൽ പോലീസ് സ്റ്റേഷനിലെത്തിച്ചാണ് കാറിലുണ്ടായിരുന്ന 3,48,000 രൂപ ബേക്കൽ പോലീസ് ഇൻസ്പെക്ടർ പിടിച്ചെടുത്തത്.
പണം കോടതിയിൽ ഹാജരാക്കുമെന്നും തെളിവ് ഹാജരാക്കിയാൽ കൈപ്പറ്റാമെന്നുമാണ് ബേക്കൽ പോലീസ് ഇൻസ്പെക്ടർ സുനോജിനെ അറിയിച്ചത്. പിറ്റേ ദിവസം അഭിഭാഷകൻ വഴി കോടതിയെ സമീപിച്ചപ്പോഴാണ് പിടിച്ചെടുത്ത തുകയുടെ അവകാശി കർണ്ണാടക സ്വദേശിയാണെന്ന വിവരം സുനോജ് അറിഞ്ഞത്.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണം പണയം വെച്ച് കിട്ടിയ പണവുമായാണ് ഇദ്ദേഹം ബിസിനസ്സ് ആവശ്യാർത്ഥം കാസർകോട്ടെത്തിയത്. സ്വർണ്ണം പണയം വെച്ചതിന്റെ രേഖകളും ഇദ്ദേഹം പോലീസിനെ കാണിച്ചിരുന്നു. തന്റെ കെ.എൽ.45.ഡി. 3737 നമ്പർ കാറിൽ നിന്നും ബേക്കൽ പോലീസ് പണമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് സ്റ്റേഷനിലെ ക്യാമറയിലുണ്ടാകുമെന്നും സുനോജ് പറഞ്ഞു.
നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തന്റെ കാറിൽ നിന്നും പിടിച്ചെടുത്ത പണത്തിന് മറ്റൊരവകാശിയെയുണ്ടാക്കിയ ബേക്കൽ പോലീസ് ഇൻസ്പെക്ടർ തന്നോട് ചതി ചെയ്തുവെന്നാണ് സുനോജ് പറയുന്നത്. പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത കേസ്സിൽ പ്രതി മുഹമ്മദ് ഇക്ബാലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇദ്ദേഹം പറഞ്ഞു.