ബേക്കലിൽ നടന്നത് ഹണിട്രാപ്പ്: തട്ടിപ്പിനിരയായത് തൃശൂർ സ്വദേശി

ബേക്കൽ: ബേക്കലിൽ ശനിയാഴ്ച നടന്നത് ഹണിട്രാപ്പിന് സമാനമായ തട്ടിപ്പ്.

തൃശൂർ സ്വദേശിയായ വെൽഡിംഗ് തൊഴിലാളിയാണ് കുമ്പള ക്വാർട്ടേഴ്സിൽ താമസിക്കുന്ന അമ്പതുകാരിയുടെ തട്ടിപ്പിനിരയായത്.

തൃശൂർ വട്ടംതൊട്ട സ്വദേശി റിജോയ് കുമ്പള സ്വദേശിനിയുമായി ഫോൺ വഴി പരിചയപ്പെട്ടത് 9 മാസം മുമ്പാണ്. പരിചയം വളർന്ന് സ്നേഹബന്ധത്തിലെത്തിയതോടെ ഇരുവരും ഫേസ്ബുക്ക് വഴി ചാറ്റിംഗും ആരംഭിച്ചു.

തനിക്ക് 20 വയസ്സാണെന്നാണ് കുമ്പള സ്വദേശിനി റിജോയിയെ അറിയിച്ചത്. ഇരുപത് വയസ്സുള്ള യുവതിയുടെ ഫോട്ടോ കുമ്പളയിലെ അമ്പതുകാരി റിജോയിയുമായി പങ്കുവെച്ചത്.

ഏറ്റവുമൊടുവിൽ സെപ്തംബർ 19-ന് ബേക്കൽകോട്ടയിൽ സംഗമിക്കാമെന്ന് കാമുകി അറിയിച്ചതോടെ റിജോയ് സുഹൃത്തായ അജീഷുമൊന്നിച്ച് ഇരുചക്രവാഹനത്തിൽ ബേക്കലിലെത്തി. ശനിയാഴ്ച ഉച്ചയോടെ ബേക്കൽ കോട്ട പരിസരത്തെത്തിയ റിജോയിയെത്തേടി അൽപ്പ നേരത്തിനകം ഫേസ്ബുക്ക് പ്രണയിനിയും എത്തി.

പർദ്ദ ധരിച്ചെത്തിയ കാമുകിയുടെ മുഖാവരണം മാറ്റാൻ യുവാവ് ഏറെ നിർബ്ബന്ധിച്ചെങ്കിലും, കാമുകി സമ്മതിച്ചില്ല. പ്രകോപിതനായ യുവാവ് കൈയ്യിലിരുന്ന കത്തിയെടുത്ത് സ്ത്രീക്ക് നേരെ വീശിയതോടെ ഇവർ ഭയന്ന് നിലവിളിച്ചു.

ഇതോടെ നാട്ടുകാർ ഓടിയെത്തി ഇരുവരെയും തടഞ്ഞു നിർത്തി ബേക്കൽ പോലീസിൽ വിവരമറിയിച്ചു.

ബേക്കൽ എസ്ഐ, പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പോലീസെത്തി ഇരുവരെയും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. 

പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ ഇത്രനാളും വഞ്ചിച്ചത് ഇരുപതുകാരിയല്ല, പകരം വായിൽ പല്ലില്ലാത്ത 50 കഴിഞ്ഞ സ്ത്രീയാണെന്ന് തൃശൂർ യുവാവ് തിരിച്ചറിഞ്ഞത്.

ഇരുവരും തമ്മിലുണ്ടായ പരിചയ ബന്ധത്തിനിടെ പല തവണയായി സ്ത്രീ യുവാവിൽ നിന്ന് 25,000 രൂപയോളം ഗൂഗിൾ പേ വഴി തട്ടിയെടുത്തിരുന്നു. ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ ഇരുവരെയും പോലീസ് വിട്ടയച്ചു.

കാസർകോട് ജില്ലയിൽ പലയിടങ്ങളായി നടന്ന ഹണിട്രാപ്പ് തട്ടിപ്പുകളുടെ  മറ്റൊരുപതിപ്പാണ് ബേക്കലിൽ അരങ്ങേറിയത്. കുമ്പള സ്വദേശിനിയായ സ്ത്രീ മുമ്പും ഇത്തരം തട്ടിപ്പുകൾ നടത്തിയിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

LatestDaily

Read Previous

സർക്കാർ കെട്ടിടത്തിൽ ജനകീയ ഹോട്ടൽ ജില്ലാ കലക്ടർക്ക് പരാതി

Read Next

ഗർഭിണി കുഴഞ്ഞു വീണ് മരിച്ചു