ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
എസ്ഐ അജിത്ത് കുമാറിന് പരിക്ക് ബൂത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു
കാഞ്ഞങ്ങാട് : രാത്രി പോളിംഗ് സ്റ്റേഷന് മുന്നിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ബേക്കൽ എസ്ഐ, അജിത്ത്കുമാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് സ്ഥാനാർത്ഥികൾ ഉൾപ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ ഹദ്ദാദ് നഗറിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘർഷം. പള്ളിക്കര പഞ്ചായത്തിലെ രണ്ടാം വാർഡായ ഹദ്ദാദ് നഗറിലെ മദ്രസാ ഹാളിന് മുന്നിലാണ് യുഡിഎഫ് – എൽഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായത്.
ഹദ്ദാദ് നഗറിൽ സ്കൂൾ ഹാളിലായിരുന്നു സാധാരണ മുമ്പ് പോളിംഗ് ബൂത്തുകളായിരുന്നത്. കോവിഡ് സാഹചര്യത്തിൽ കൂടുതൽ സ്ഥല സൗകര്യം കണ്ടെത്തുന്നതിനായി ഇന്നത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഹദ്ദാദ് നഗറിലെ മദ്രസാ ഹാളിലേക്ക് മാറ്റുകയായിരുന്നു. ഇതേച്ചൊല്ലിയാണ് ഇരുമുന്നണികളിലെയും പ്രവർത്തകർ തമ്മിൽ പോളിംഗ് സ്റ്റേഷന് മുന്നിൽ സംഘടിച്ചത്.
പള്ളിക്കര പഞ്ചായത്തിൽ ഒന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി ഐഎൻഎല്ലിലെ കെ.കെ. അബ്ബാസ് 59, സിപിഎം ലോക്കൽ സിക്രട്ടറി പള്ളിക്കര പഞ്ചായത്ത് 22-ാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി എം. എച്ച് ഹാരിസ് 47, ഐഎൻഎല്ലിലെ ബേക്കലിലെ ഹനീഫ 36, യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് ചെയർമാൻ ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമായ ഹനീഫ കുന്നിൽ 63, എന്നിവരാണ് അറസ്റ്റിലായത്.
ബൂത്ത് ഏജൻസി ഫോറം നൽകി ബൂത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഹനീഫ കുന്നിലിനെ, ഐഎൻഎൽ പ്രവർത്തകർ ആക്രമിച്ചതായാണ് യുഡിഎഫ് ആരോപണം. ഇരു വിഭാഗവും സ്ഥലത്ത് സംഘടിച്ചതോടെ ബേക്കൽ പോലീസ് സ്ഥലത്തെത്തി ലാത്തിവീശി. സംഘർഷത്തിനിടയിൽ എസ്ഐ അജിത്ത് കുമാറിന്റെ വലതുകൈ വിരലിന് പരിക്കേറ്റു. കസ്റ്റഡിയിലെടുത്ത ഹനീഫ കുന്നിലിന് പോലീസ് വാഹനത്തിൽ ദേഹാസ്വാസ്ത്യമുണ്ടായതിനെ തുടർന്ന് പോലീസ് ഇദ്ദേഹത്തെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹനീഫയ്ക്ക് എൽഡിഎഫ് പ്രവർത്തകരുടെ മർദ്ദനമേറ്റതായി യുഡിഎഫ് നേതാക്കൾ പറഞ്ഞു.
സമാധാനപരമായി പോളിംഗ് നടത്തുന്നത് ചർച്ച ചെയ്യാൻ ബേക്കൽ സ്റ്റേഷനിൽ ഇരുവിഭാഗം നേതാക്കളെയും വിളിച്ചുവരുത്തി പോലീസ് ചർച്ച നടത്തിയെങ്കിലും പോലീസിന് മുന്നിലും നേതാക്കൾ പരസ്പരം കൊമ്പു കോർത്തു. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട്, എൽഡിഎഫിനെ പ്രതിനിധീകരിച്ച് മുൻ എംഎൽഏ, കെ. വി. കുഞ്ഞിരാമൻ, മധു മുതിയക്കാൽ, കെ. മണികണ്ഠൻ തുടങ്ങിയവരും പോലീസ് വിളിച്ച ചർച്ചയിൽ സംബന്ധിച്ചു. ബൂത്ത് പരിസരത്ത് സംഘർഷമുണ്ടാക്കിയതിന് അറസ്റ്റിലായ രണ്ട് സ്ഥാനാർത്ഥികൾ ഉൾപ്പടെ ഇരുവിഭാഗത്തിലുംപ്പെട്ട അമ്പതോളം പേർക്കെതിരെ ബേക്കൽ പോലീസ് കേസ്സെടുത്തു.