ബേക്കൽ ഡിവൈഎസ്പി ഓഫീസ് ഉദ്ഘാടനം ചെയ്തു; അമ്പലത്തറയിലേയും രാജപുരത്തേയും ജനങ്ങൾക്ക് തിരിച്ചടി

കാഞ്ഞങ്ങാട്: ബേക്കൽ ഡിവൈഎസ്പി ഓഫീസ് യാഥാർത്ഥ്യമായി.
ഇന്ന് രാവിലെ 10-30-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ബേക്കൽ പോലീസ് സബ് ഡിവിഷന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവ്വഹിച്ചത്. ബേക്കൽ പോലീസ് സ്റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഡിവൈഎസ്പി ഓഫീസിന്റെ പ്രവർത്തനം. ബേക്കലിൽ പുതിയ ഡിവൈഎസ്പിയെ നിയമിച്ചു. മേൽപ്പറമ്പ്, ആദൂർ, ബേഡകം, ബേക്കൽ, അമ്പലത്തറ, രാജപുരം പോലീസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തിയാണ് പുതിയ സബ് ഡിവിഷനുണ്ടാക്കിയത്.

കാഞ്ഞങ്ങാട് സബ് ഡിവിഷന് കീഴിലായിരുന്ന അമ്പലത്തറ, രാജപുരം പോലീസ് സ്റ്റേഷനുകൾ ഇനി മുതൽ ബേക്കൽ സബ്ഡിവിഷന് കീഴിലായിരിക്കും.  രാജപുരത്ത് നിന്നും 25 കിലോമീറ്ററും അമ്പലത്തറയിൽ നിന്നും 10 കിലോ മീറ്ററുമാണ് കാഞ്ഞങ്ങാട് സബ് ഡിവിഷൻ ഓഫീസിലേക്കുള്ള ദൂരം. രാജപുരം അമ്പലത്തറ പോലീസ് സ്റ്റേഷനുകൾ ബേക്കൽ സബ് ഡിവിഷൻ പരിധിയിലായതോടെ ഇരു പ്രദേശങ്ങളിലേയും ജനങ്ങൾക്ക് 10 കിലോമീറ്റർ കൂടുതൽ സഞ്ചരിച്ചാൽ മാത്രമെ ഡിവൈഎസ്പി ഓഫീസിലെത്താൻ കഴിയുകയുള്ളു.

രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പാണത്തൂരിലുള്ള ഒരാൾക്ക് ഡിവൈഎസ്പി ക്ക് പരാതി നൽകണമെങ്കിൽ ഇനി മുതൽ 55 കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ട ദുരവസ്ഥയുണ്ടായിട്ടുണ്ട്. ഹൊസ്ദുർഗ്, നീലേശ്വരം, ചന്തേര, ചീമേനി, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനുകൾ മാത്രമായിരിക്കും ഇന്ന് മുതൽ കാഞ്ഞങ്ങാട് സബ് ഡിവിഷന് കീഴിൽ. കുമ്പള, മഞ്ചേശ്വരം, ബേഡഡുക്ക, വിദ്യാനഗർ, കാസർകോട്, ട്രാഫിക് പോലീസ്, സ്റ്റേഷൻ കാസർകോട് എന്നിവ കാസർകോട് സബ് ഡിവിഷൻ കീഴിലുമാണ്

LatestDaily

Read Previous

ശബ്്ന ശസ്ത്രക്രിയാപിഴവിൽ ഡോക്ടർമാരെ പ്രതി ചേർത്ത് കേസ്സ് രജിസ്റ്റർ ചെയ്തു

Read Next

നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ച 3 കൗൺസിലർമാരെ ലീഗ് പരസ്യമായി താക്കീത് ചെയ്തു