ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: കാഞ്ഞങ്ങാട്ടെ ശിശുരോഗ വിദഗ്ധൻ ഡോക്ടർ പി. കൃഷ്ണൻ 64, പ്രതിയായ പെരിയ ലൈംഗിക പീഡനക്കേസ്സിൽ, ഡോക്ടറുടെ പീഡനത്തിനിരയായ പെൺകുട്ടി ചാഞ്ചാട്ടമില്ലാതെ ഉറച്ചു നിൽക്കുകയാണ്.
ബേക്കൽ പോലീസ് പെൺകുട്ടിയെ മജിസ്ത്രേട്ടിന് മുന്നിൽ ഹാജരാക്കുകയും പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു.
മൊഴിയുടെ തനിപകർപ്പ് ഉടൻ കേസ്സന്വേഷണ സംഘത്തിന് ലഭിക്കും. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ടാണ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
സ്വന്തം പിതാവിനും ഇളയസഹോദരിക്കും ഒപ്പമാണ് പെൺകുട്ടി ഡോ. പി. കൃഷ്ണന്റെ പെരിയ ടൗണിലുള്ള പരിശോധനാ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയത്.
സഹോദരിയെ ആദ്യം പരിശോധിച്ചതിന് ശേഷമാണ് പതിനേഴുകാരിയെ ഡോക്ടർ പരിശോധിച്ചത്. പരിശോധനയ്ക്കിടയിൽ തന്റെ രഹസ്യഭാഗങ്ങളിൽ ഡോക്ടർ താൽപ്പര്യപൂർവ്വം ഏറെ നേരം തടവിയെന്ന് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതിയിൽ പെൺകുട്ടി ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. പെൺകുട്ടിയുടെ രഹസ്യമൊഴി നിർണ്ണായകമാണെന്നും, രണ്ടുദിവസത്തിനകം രഹസ്യമൊഴി ലഭിക്കുമെന്നും, അതിന് ശേഷം അനന്തര നടപടികളിലേക്ക് കടക്കുമെന്നും പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
സർക്കാർ സർവ്വീസിലായിരുന്ന ഡോ. കൃഷ്ണൻ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ തസ്തികയിൽ നിന്ന് 4 വർഷം മുമ്പ് വിരമിച്ച ശേഷം പെരിയ ടൗണിൽ ക്ലിനിക്ക് സ്ഥാപിക്കുകയായിരുന്നു.
ക്ലിനിക്കുകളിലായാലും, ആശുപത്രികളിലായാലും പുരുഷ ഡോക്ടർ സ്ത്രീകളെ പരിശോധിക്കുമ്പോൾ, വനിതാ ജീവനക്കാരിയുടെ സാന്നിദ്ധ്യം അനിവാര്യമാണ്.
ക്ലിനിക്കുകളിൽ വനിതാ ജീവനക്കാരി ഇല്ലാത്ത സാഹചര്യത്തിൽ രോഗിണിയായ സ്ത്രീയുടെ ബന്ധുവിന്റെ സാന്നിദ്ധ്യത്തിലായിരിക്കണം പരിശോധന.
ഡോക്ടർ പി. കൃഷ്ണന്റെ ക്ലിനിക്കിലെത്തിയ പതിനേഴുകാരിയെ ഡോക്ടർ പരിശോധിക്കുമ്പോൾ, പെൺകുട്ടിയുടെ പിതാവ് പരിശോധനാ മുറിക്ക് പുറത്തായിരുന്നു.
പിതാവിന്റെ സാന്നിദ്ധ്യത്തിലല്ലെങ്കിൽ സഹോദരിയുടെ സാന്നിദ്ധ്യത്തിലെങ്കിലും, പെൺകുട്ടിയെ പരിശോധിക്കാമായിരുന്നിട്ടും, പിതാവിനെ പുറത്ത് മാറ്റി നിർത്തിയാണ് ഡോക്ടർ പി. കൃഷ്ണൻ പെൺകുട്ടിയെ പരിശോധിച്ചത്.
ഈ പരിശോധന ഡോക്ടർമാർക്കുള്ള മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള പെരുമാറ്റച്ചട്ടങ്ങൾക്ക് തീർത്തും വിരുദ്ധമാണ്.
പെൺകുട്ടിയുെട കുടുംബത്തിന് പണം വാഗ്ദാനം ചെയ്ത് പോക്സോ കേസ്സിൽ മൊഴി മാറ്റാനുള്ള നീക്കങ്ങൾ രഹസ്യമായി നടന്നുവെങ്കിലും, പെൺകുട്ടി ആദ്യം പോലീസിന് നൽകിയ മൊഴിയിൽ തന്നെ ഉറച്ചുനിൽക്കുകയാണ്.
പരാതിക്കാരി പതിനേഴുകാരിയായതിനാൽ, പോക്സോ നിയമമനുസരിച്ചുള്ള ഈ കേസ്സിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റകൃത്യം കൂടി ഉൾപ്പെടുമെന്നതിനാൽ, ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്താൽ ജാമ്യം അത്ര എളുപ്പമല്ല.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഹൈക്കോടതിയും ജാമ്യവ്യവസ്ഥകളിൽ ഇപ്പോൾ, വിട്ടുവീഴ്ചാ മനോഭാവം ഒട്ടും കാണിക്കുന്നില്ല.