ബേക്കൽ കവർച്ച : 3 പേർ അറസ്റ്റിൽ

ബേക്കൽ:  ബോക്കലിൽ സ്വർണ്ണ ഇടപാടുകാരന്റെ പണം തട്ടിപ്പിറിച്ച സംഭവത്തിലെ  സൂത്രധാരന്മാർ  അറസ്റ്റിൽ. ജൂൺ 14- ന് സന്ധ്യയ്ക്ക്  ഏരോൽകുന്നുമ്മലിലാണ് സംഭവം നടന്നത്.

പണമിടപാടുകാരനും,  പഴയ സ്വർണ്ണം വാങ്ങി വിൽപ്പന നടത്തുന്ന ഇടപാടുകാരനുമായ ഉദുമ പാക്യാര ബദരിയ നഗർ തളങ്കര ഹൗസിലെ ബി.ഏ ഹനീഫയെയാണ് കാറിലെത്തിയ സംഘം  തടഞ്ഞു നിർത്തി ബലപ്രയോഗത്തിലൂടെ  പണം നകവർന്നത്. ഒച്ചയുണ്ടാക്കാതിരിക്കാനായി മൂക്കും  വായും  പൊത്തിപ്പിടിച്ച ശേഷം  ഹനീഫയുടെ  പണവും  മൊബൈൽ ഫോണുമടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു.

ബാഗിനകത്ത് 2.25 ലക്ഷം രൂപയും, 2 മൊബൈലേേഫോണുകളും, 2 പവൻ സ്വർണ്ണവുമുണ്ടായിരുന്നതായാണ് ഹനീഫ പരാതിപ്പെട്ടത്.  ഇദ്ദേഹത്തിന്റെ  പരാതിയിൽ  ബേക്കൽ പോലീസ്  കേസെടുത്ത്  അന്വേഷണം നടത്തിവരുന്നതിനിടെയാണ്  കവർച്ചയുടെ സൂത്രധാരന്മാരെ പിടികൂടിത്.

ബേക്കൽ പാലക്കുന്ന് സ്വദേശിയായ അബ്ദുൾ സലാം 47, ഓട്ടോ ഡ്രൈവർമാരായ നെല്ലിക്കട്ടയിലെ സുജിത്ത് 25, തഫീർ 28, എന്നിവരെയാണ് ബേക്കൽ പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നിർദ്ദേശപ്രകാരം എസ് ഐ പി അജിത്ത് കുമാറും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്. കവർച്ചാ കേസിൽ  ബേക്കൽ പോലീസ്  ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു.

പിടിയിലായ പ്രതികൾ കവർച്ചക്കിരയായ ബി.ഏ ഹനീഫയുടെ നീക്കങ്ങൾ  കവർച്ച നടത്തിയ സംഘത്തിന്  ചോർത്തിക്കൊടുക്കുകയായിരുന്നു.  ഹനീഫയുടെ പണം  പിടിച്ചു പറിച്ച സംഘത്തെ  പിടികിട്ടാനുണ്ട്. ഇവർ  മലപ്പുറം  സ്വദേശികളാണെന്നാണ് പിടിയിലായ പ്രതികൾ പോലീസിനോട്  വെളിപ്പെടുത്തിയത്.  ഇവർക്കു വേണ്ടി അന്വേഷണം  ശക്തമാക്കിയിട്ടുണ്ട്.

പിടിയിലായ പ്രതികളിലൊരാളായ തഫീർ കർണ്ണാടക സ്വദേശിയാണ്. നെല്ലിക്കട്ടയിലാണ് ഇയാൾ താമസം. അബ്ദുൾ സലാം കോട്ടിക്കുളം  ജെ.എം റോഡിലാണ് താമസം. സലാം ചൂതാട്ടസംഘത്തിൽപ്പെട്ടയാളാണ്. ആർഭാട ജീവിതത്തിനായാണ് സംഘം  കവർച്ചയുടെ ആസൂത്രകന്മാരായതെന്നാണ് പോലീസിന്റെ നിഗമനം.

സ്വിഫ്റ്റ് കാറിലെത്തിയ മൂന്നംഗ സംഘമാണ് ഹനീഫയുടെ പണം തട്ടിയെടുത്തത്. ഇവരെയാണ് പിടികിട്ടാനുള്ളത്. കൂട്ടക്കവർച്ചക്കേസിൽ  പിടിയിലായ സംഘത്തെ ഇന്ന് കോടതിയിൽ  ഹാജരാക്കും.

LatestDaily

Read Previous

ഷംനയുമായി റഫീഖ് നിരന്തരം സംസാരിച്ചു; വിവാഹ മോചനം ആവശ്യപ്പെട്ടുവെന്ന് ഭാര്യ

Read Next

25 ലക്ഷം തട്ടിയ കേസ്സിൽ ഹൊസ്ദുർഗ്ഗ് ബാങ്കിൽ സൈബർസെൽ അന്വേഷണം