പ്ലസ്ടു ഉപരി പഠനം അന്തിമ തീരുമാനത്തിന് മുമ്പ്

ഹയര്‍ സെക്കണ്ടറി പാസായവര്‍ ശരിയായതും ഉറച്ചതുമായ തീരുമാനം സമയോചിതം കൈക്കൊണ്ട് വേണം ഉപരിപഠനപാത തെരഞ്ഞെടുക്കുവാൻ.

ആഗോളവൽക്കരണത്തിലൂടെ രൂപം പ്രാപിച്ച ആധുനിക പശ്ചാത്തലത്തിൽ നമ്മുടെ രാജ്യത്ത് തന്നെ തൊഴിലവസരങ്ങൾ നിരവധിയാണെങ്കിലും ശരാശരി പ്ലസ്ടുക്കാരന് അവയിലധികവും സാധാരണ ഗതിയിൽ അപ്രാപ്യമായ തരത്തിലുള്ളതാണ്.

എങ്കിലും ഇന്നും ആകർഷകവും അനവധി തൊഴിൽ സാധ്യതകളൊരുക്കുന്നതുമായ കോഴ്സുകൾ പലതും  കേരളത്തിൽ തന്നെ ഉണ്ടെന്നതും ആശ്വാസകരമാണ്.

ഏതൊരു കോഴ്സ് തെരഞ്ഞെടുക്കുമ്പോഴും ഇവിടെയും അഭിരുചി, കഴിവ്, മാർക്ക് തുടങ്ങിയവ തീർച്ചയായും പരിഗണിക്കേണ്ടതാണ്.

എഞ്ചിനീയറിങ്, മെഡിക്കൽ പോലുള്ള ഉന്നത കോഴ്സുകളും  പാരാ മെഡിക്കൽ, നഴ്സി ങ് , നിയമം, അധ്യാപനം, ജേർണലിസം മുതലായ സാധാരണ നിലയിലെ കോഴ്സുകളും പ്ലസ്ടുക്കാർക്ക് കൂടുതൽ സൗകര്യത്തോടെ പഠിക്കാൻ ഇപ്പോൾ സംസ്ഥാനത്ത് തന്നെ സംവിധാനമുണ്ട്.

കൂടാതെ പുതിയ കാലത്തെ പുത്തൻ ആകർഷക കോഴ്സുകളായ ഹോസ്പിറ്റാലിറ്റി, മെക്കാട്രോണിക്സ്, ഫാഷൻ ടെക്നോളജി, ബയോടെക്നോളജി, ഏവിയേഷൻ മേഖലകളിലും പ്ലസുകാർക്ക് അവസരങ്ങളുണ്ട്.

എഞ്ചിനീയറിങ്, മെഡിക്കൽ പഠനമേഖലകളിലെ പ്രവേശനം പൊതുപ്രവേശന പരീക്ഷകളിലൂടെയാണ് സാധ്യമാകുന്നത്.

പാരാ  മെഡിക്കല്‍ മേഖലയിലെ പഠനം ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലൂടെയും സ്വകാര്യ സ്ഥാപനങ്ങളുടെ മെഡിക്കൽ കോഴ്സുകളിലൂടെയും സാധ്യമാണ്.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെ മൗലാനാ ഹോസ്പിറ്റലിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ടും അൽശിഫാ ട്രസ്റ്റിന്റെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനത്തിലും ചില പാരാമെഡിക്കൽ കോഴ്സുകൾ ഉണ്ട്. കോഴിക്കോട് ജില്ലയിൽ നാഷണൽ ഹോസ്പിറ്റൽ ട്രസ്റ്റ്, എ.ഐ.എം. എസ് കോംട്രസ്റ്റ് എന്നീ സ്ഥാപനങ്ങളിൽ ഈ രംഗത്തെ കോഴ്സുകളുണ്ട്.

വിദേശത്ത് മികച്ച പ്രതിഫലം ലഭ്യമാകുന്ന ഒരു പരമ്പരാഗത തൊഴിൽ മേഖലയാണ് നഴ്സിങ്. വിദേശ തൊഴിൽ സാധ്യതകൂടിയുള്ളതിനാൽ ഈ കോഴ്സിന് ഇപ്പോഴും ആകർഷകത്വം നിലനിൽക്കുന്നുണ്ട്.

പ്ലസ്ടുവിൽ 50% മാർക്കോടെ സയൻസ് വിഷയങ്ങളിൽ വിജയിച്ച വർക്കാണ് പഠന യോഗ്യത, സംസ്ഥാനത്ത് ബി.എസ്.സി. നഴ്സിങ്ങും ജനറൽ നഴ്സിങ് ആന്റ് മിഡ് വൈഫറി ഡിപ്ലോമ കോഴ്സും ഈ രംഗത്തുണ്ട്.

ഇവയിൽ ബി.എസ്.സി നഴ്സിങിന് പ്രാധാന്യം ഏറെയാണ്.ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ബി.എസ്.സി. കോഴ്സിൽ പഠനത്തിന് മെഡിക്കൽ എൻട്രൻസ് പാസാകണം.സ്വകാര്യ മേഖലയിൽ കോഴ്സിന് വിവിധ ജില്ലകളില്‍  ഒന്നിലധികം പഠനകേന്ദ്രങ്ങൾ ഉണ്ട്.

പ്ലസ് ടു വിജയത്തോടൊപ്പം ദ്വിവത്സര ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ പ്രെെമറി മേഖലയിൽ അധ്യാപന യോഗ്യത നേടാം.പന്ത്രണ്ടിന് ശേഷം ഡിഗ്രി പഠനം വിജയകരമായി പൂർത്തീകരിക്കുകയും തുടർന്ന് ബി.എഡ്, ട്രെെനിങ് കോഴ്സ് വിജയകരമായി പൂർത്തീകരിക്കുകയുമാണെങ്കിൽ ഹൈസ്കൂൾ അധ്യാപകനായും ജോലി നേടാം.

പ്ലസ്ടു വിജയികൾക്ക് നിയമപഠനത്തിന് സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ സ്ഥാപനങ്ങളിൽ ഒന്നിലധികം കോഴ്സുകളുണ്ട്.

ഇതിൽ എൽ.എൽ.ബി ബിരുദം പഞ്ചവത്സര പഠനപദ്ധതിയാണ്.

അഭിഭാഷകൻ, നോട്ടറി, നിയമോപദേഷ്ടാവ് എന്നീ നിലകളിൽ ഈ രംഗത്തുള്ളവർക്ക് ശോഭിക്കാൻ കഴിയും, അധ്വാനത്തിന്റെ തിളക്കത്തിൽ പണവും പെരുമയും സമ്പാദിക്കാൻ കഴിയുന്ന പത്രപ്രവർത്തന മേഖലയിലേക്കും പ്ലസ്ടുക്കാർക്ക് എളുപ്പം കടന്നുവരാം.

ഉപരിപഠനത്തിലൂടെയും കഴിവിലൂടെയും സംസ്ഥാനത്ത് തന്നെ പത്രപ്രവർത്തകർക്ക് അച്ചടിമാധ്യമങ്ങളിലും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലും ശോഭനമായ ഭാവി കണ്ടെത്താൻ കഴിയു ന്നതാണ്.

പ്ലസ്ടുവിന് ശേഷം നടേ വിവരിച്ച പഠനപാതകളിലൊന്നും മോഹമില്ലാത്തവർക്ക് സാധാരണ പഠന മേഖലകളായ ബി.എ, ബി.എസ്.സി, ബി.കോം ഡിഗ്രി പഠനത്തിലേക്ക് കടന്നുവരാവുന്നതാണ്.

ഈ പഠന മേഖലയിലേക്ക് വരുമ്പോഴും ഭാവി ലക്ഷ്യം  ശരിയായി പരിഗണിക്കണം.സ്വന്തം ഭാവി നിശ്ചയിക്കുവാൻ ഏതൊരാള്‍ക്കും അവസരം കെെവരുന്ന പത്തിനും പന്ത്രണ്ടിനും ശേഷമുള്ള  ഉപരിപഠന ജങ്ഷനിൽ ശരിയായ തീരുമാനമെടുക്കുക. തുടർപഠനം നടത്തുക.

വിജയാശംസകളോടെ…

LatestDaily

Read Previous

കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തി പാലങ്ങള്‍ അടച്ചു

Read Next

വിവേകപൂർണ്ണമായ സമീപനം വേണം