ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ നടത്തിയ വ്യാജ പ്രചരണങ്ങൾക്കെതിരെ സിപിഎം ജില്ലാ സിക്രട്ടറിയേറ്റംഗമായ ഡോ. വി.പി.പി മുസ്തഫ രംഗത്ത്. കാഞ്ഞങ്ങാട് പഴയകടപ്പുറത്തുനിന്നുള്ള സിപിഎം അനുഭാവി ലീഗിൽ ചേർന്നതുമായി ബന്ധപ്പെട്ട് ബഷീർ വെള്ളിക്കോത്ത് വാട്സ്ആപ്പ് വഴി പുറത്തുവിട്ട ശബ്ദസന്ദേശത്തിനെതിരെയാണ് വി.പി.പി മുസ്തഫ രംഗത്തെത്തിയത്. പഴയകടപ്പുറത്തെ സിപിഎം അനുഭാവിയായ മഹമൂദ് ലീഗിൽ ചേർന്നതിനെ അഭിനന്ദിച്ച് ബഷീർ പുറത്തുവിട്ട ശബ്ദ സന്ദേശത്തിലാണ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്നത്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം പ്രകടിപ്പിച്ചു കൊണ്ടുള്ള ശബ്ദ സന്ദേശത്തിലെ നുണകളെ ഖണ്ഡിച്ചു കൊണ്ട് ഡോ. വി.പി.പി മുസ്തഫ പുറത്തുവിട്ട ശബ്ദസന്ദേശമാണ് ഇപ്പോൾ നവമാധ്യമ കൂട്ടായ്മകളിലെ ചർച്ചാവിഷയം.
കമ്മ്യൂണിസ്റ്റ് പാർട്ടി ഇസ്്ലാം വിരുദ്ധമാണെന്നും, ഏകീകൃത സിവിൽ കോഡ് വിഷയത്തിലും, മുത്തലാഖ് വിഷയത്തിലും, ആർ.എസ്.എസ് കാണിക്കാത്ത ആവേശം മാർക്സിസ്റ്റ് പാർട്ടി കാണിച്ചെന്നും, ആരോപിക്കുന്ന ബഷീർ അതേ ശബ്ദസന്ദേശത്തിൽത്തന്നെ മുഖ്യമന്ത്രി പിണറായി ആർ.എസ്.എസ് പക്ഷപാതിയാണെന്നും ആരോപിക്കുന്നു. ലീഗ് നേതാവ് കാണിക്കുന്നത് അപഹാസ്യമായ രാഷ്ട്രീയ നിലപാടാണെന്ന വാദവുമായാണ് വി.പി.പി മുസ്തഫ രംഗത്തു വന്നത്. നുണ പറയുന്നതിനെ വെറുക്കുന്ന മതമായ ഇസ്്ലാമിന്റെ പേരിൽ മതപരമായ വർഗ്ഗീയത ഉദ്ദീപിപ്പിക്കുന്ന ബഷീർ, കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ തെറ്റിദ്ധാരണ പരത്തുകയാണെന്നാണ് വി.പി.പി മുസ്തഫയുടെ വാദം.
പച്ചക്കള്ളങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന ബഷീർ പാർട്ടി ഗ്രാമമായ മടിക്കൈയിൽ മുസ്്ലിം മതവിശ്വാസികളെ ബാങ്ക് വിളിക്കാനും, നിസ്ക്കരിക്കാനും അനുവദിക്കുന്നില്ലെന്ന് കണ്ണൂരിലെ ഒരു യോഗത്തിൽ പ്രസംഗിച്ചിരുന്നു. സിപിഎം- ആർ.എസ്.എസിനേക്കാൾ അപകടകാരിയെന്ന നിലയിൽ ബഷീർ പുറത്തുവിട്ട ശബ്ദസന്ദേശം ആർ.എസ്.എസിനെ വെള്ള പൂശുന്നതും അത്യന്തം അപകടം പിടിച്ചതുമായ രാഷ്ട്രീയ ബോധം ഉത്പാദിപ്പിക്കുന്നതുമാണ്. ചൈനയിൽ ഇസ്്ലാം മതവിശ്വാസികൾക്ക് ആരാധനയ്ക്ക് അവകാശമില്ലെന്ന തരത്തിലാണ് ബഷീർ തന്റെ ശബ്ദസന്ദേശം പുറത്തുവിട്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മതനിഷേധത്തിന് ഉദാഹരണമായാണ് ഇത് ചൂണ്ടിക്കാട്ടിയത്. ഈ വാദങ്ങളെ വസ്തുതകളുടെ പിൻബലത്തിൽ ഡോ. വി.പി.പി മുസ്തഫ ഖണ്ഡിച്ചിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയുള്ള വ്യാജ ആരോപണങ്ങളിൽ തുറന്ന സംവാദത്തിന് തയ്യാറാണെന്ന് ഡോ.വി.പി.പി മുസതഫ അറിയിച്ചിട്ടുണ്ട്. പാർട്ടിക്കെതിരെ ലീഗ് 1940 മുതൽ നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ ഏറ്റുപറച്ചിൽ മാത്രമാണ് ബഷീർ വെള്ളിക്കോത്തിന്റെ ശബ്ദസന്ദേശമെന്നാണ് മുസ്തഫയുടെ അഭിപ്രായം. രാഷ്ട്രീയ ലക്ഷ്യം കൊണ്ടുള്ള നുണ പ്രചാരണങ്ങൾ റംസാൻ വ്രതകാലത്ത് ഉചിതമായില്ലെന്നാണ് ബഷീറിനെതിരെ യുള്ള ശബ്ദ സന്ദേശത്തിൽ ഡോ. വി.പി.പി മുസ്തഫ പറയുന്നത്. ഹദീസുകളിൽ പറഞ്ഞിട്ടുള്ളത് കള്ളം പറയുന്നവരുടെ വായിൽ ഇരുമ്പ് കൊളുത്തിട്ട് വലിക്കുക എന്ന ശിക്ഷയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതവിശ്വാസ പ്രകാരമുള്ള പാരത്രിക ലോകത്തിൽ ബഷീർ ഈ ശിക്ഷക്കർഹനാണെന്നും വി.പി.പി മുസ്തഫ തന്റെ ശബ്ദസന്ദേശത്തിൽ ഭംഗ്യന്തരേണ വ്യക്തമാക്കുന്നു.