ബഷീർ വെള്ളിക്കോത്ത് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി സ്ഥാനം രാജിവെച്ചു

തൊട്ട് പിന്നാലെ വൈസ് പ്രസിഡണ്ട് ഏ. ഹമീദ്ഹാജിയും രാജി നൽകി ഇരുവരുടെയും രാജി ഖാസി മുത്തുക്കോയ തങ്ങൾ സ്വീകരിച്ചു
 
കാഞ്ഞങ്ങാട്: ശൃംഗാര ശബ്ദരേഖ വിവാദത്തിൽപ്പെട്ട കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ജനറൽ സിക്രട്ടറി ബഷീർ വെള്ളിക്കോത്ത് സ്ഥാനം രാജിവെച്ചു. ബശീറിന് തൊട്ട് പിന്നാലെ സംയുക്ത മുസ്ലീം ജമാഅത്ത് സീനിയർ വൈസ് പ്രസിഡണ്ട് ഹമീദ്ഹാജിയും രാജിവെച്ചു. ഇരുരാജികളും സ്വീകരിച്ച് സംയുക്ത ഖാസി സയ്യിദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ ജനറൽ സിക്രട്ടറിയുടെ ചുമതല സിക്രട്ടറി എം. മൊയ്തു മൗലവിക്ക് നൽകി.

മൂന്ന് വർഷം മുമ്പത്തെ വിവാദം ഇപ്പോൾ പൊക്കിയെടുത്ത് വിവാദ ശബ്ദരേഖ വീണ്ടും പ്രചരിപ്പിച്ച് തന്നെയും, താൻ ജനറൽ സിക്രട്ടറിയായ സംയുക്ത മുസ്ലീം ജമാഅത്തിനെയും അപകീർത്തിപ്പെടുത്താൻ ഉപജാപക സംഘം ശ്രമം നടത്തുന്നതായി ആരോപിച്ചാണ് ബശീർ ജനറൽ സിക്രട്ടറി സ്ഥാനം രാജി വെച്ചത്. താൻ മൂലം സംയുക്ത മുസ്ലീം ജമാഅത്തിന് ഒരു പോറൽ പോലും ഏൽക്കരുതെന്ന് കരുതിയാണ് ജനറൽ സിക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതെന്ന് ബഷീർ അറിയിച്ചു. സ്വന്തം അഭിമാനസംരക്ഷണത്തിനും, വ്യക്തിമാഹാത്മ്യത്തിനുമുപരി സംയുക്ത മുസ്ലീം ജമാഅത്തിന്റെ നിലനിൽപ്പിനാണ് മുൻഗണനയെന്ന് രാജിക്കത്തിൽ ബശീർ വെള്ളിക്കോത്ത് വ്യക്തമാക്കിയിരുന്നു.

ഒപ്പം ആഗ്രഹിച്ച പദവി ലഭിക്കാത്തതിന്റെ പേരിൽ മുൻക്ലിപ്പുകൾ വ്യാപകമായി പ്രചരിപ്പിച്ച് തന്റെയും, കുടുംബത്തിന്റെയും യശസ്സും അഭിമാനവും പിച്ചിച്ചീന്തിയ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് ഏ. ഹമീദ്ഹാജിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ബശീർ വെള്ളിക്കോത്ത് ആവശ്യപ്പെടുകയുണ്ടായി. മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടർന്ന് ആക്ടിംഗ് പ്രസിഡണ്ട് സ്ഥാനത്തെത്തിയ ഏ. ഹമീദ്ഹാജിയെ പ്രസിഡണ്ട് സ്ഥാനത്ത് നിലനിർത്തിയില്ലെങ്കിൽ, പഴയ വോയ്സ് ക്ലിപ്പ് പുറത്ത് വിടുമെന്ന് ഹമീദ് ഹാജി ഭീഷണിപ്പെടുത്തിയതായും ബശീർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചതായി ഏ. ഹമീദ്ഹാജി ഖാസി മുത്തുക്കോയ തങ്ങളെ അറിയിച്ചത്.  ഇരുവരുടെയും രാജി സ്വീകരിച്ച് ഖാസി ജിഫ്്രി മുത്തുക്കോയ തങ്ങൾ ജനറൽ സിക്രട്ടറിയുടെ ചുമതല മുതിർന്ന ഭാരവാഹിയും സമസ്ത യുടെ ജില്ലാ നേതാവുമായ എം. മൊയ്തു മൗലവിക്ക് നൽകുകയായിരുന്നു.

Read Previous

ശൃംഗാര ശബ്ദരേഖ: ബശീർ കോടതിയിൽ ബോധിപ്പിച്ചതെല്ലാം കള്ളമെന്ന് തെളിഞ്ഞു

Read Next

ലേറ്റസ്റ്റ് റിപ്പോർട്ടർ മുഹമ്മദ് അസ് ലമിന് റോട്ടറി പുരസ്ക്കാരം