വീടാക്രമിച്ച പ്രതികൾക്ക് ബങ്കളത്ത് തെരച്ചിൽ

നീലേശ്വരം: കർഷകത്തൊഴിലാളി തെക്കൻ ബങ്കളത്തെ, വടക്കെവീട്ടിൽ നാരായണന്റെ വീടാക്രമിച്ച കേസ്സിൽ ഒളിവിൽക്കഴിയുന്ന പ്രതികളെ തേടി നീലേശ്വരം പോലീസ് ഇന്നലെ പ്രതികളുടെ വീട്ടു പരിസരത്തു കൂടി ഒരു ഓട്ട പ്രദക്ഷിണം നടത്തി.

കേസ്സിലുൾപ്പെട്ട നാലു പ്രതികളും ഒളിവിൽ തന്നെയാണ്.

കേസ്സിൽ ഒന്നാം പ്രതി ഷിജുവാണ്. രണ്ടാം പ്രതി മഹേഷ്, സിപിഎം, ബങ്കളം ബ്രാഞ്ച് സിക്രട്ടറി അനി ബങ്കളത്തിന്റെ മാതാവ് യശോദയുടെ മൂത്തസഹോദരി മാധവിയുടെ മകനാണ്.

മൂന്നാംപ്രതി മേപ്പാറ ബിനു. നാലാം പ്രതി മനോജ് നീലേശ്വരത്ത് ഓട്ടോ ഡ്രൈവറാണ്.

പ്രതികൾ നാലുപേരും സിപിഎം അനുഭാവികൾ മാത്രമാണ്.

മദ്യലഹരിയിൽ വീടുകയറി ആക്രമണം നടത്തിയ പ്രതികളെ അന്വേഷിക്കുന്നുണ്ടെന്ന് വരുത്താൻ, പോലീസ് വെറുതെ ബങ്കളം ഭാഗങ്ങളിൽ ജീപ്പിൽ കറങ്ങിയത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണെന്നും, പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹരജി ഫയൽ ചെയ്യാനുള്ള നീക്കത്തിലാണെന്നും ബങ്കളത്തെ സിപിഎം  വൃത്തങ്ങൾ വെളിപ്പെടുത്തി.

ഇനി പ്രതികളെ ആത്മാർത്ഥമായി അറസ്റ്റ് ചെയ്യാൻ പോലീസിനും നാടുഭരിക്കുന്ന പാർട്ടിക്കും താൽപ്പര്യമുണ്ടെങ്കിൽ മണിക്കൂർ നേരം കൊണ്ട് നാലു പ്രതികളെയും അറസ്റ്റ് ചെയ്യാൻ കഴിയുമെന്നും, സിപിഎം വൃത്തങ്ങൾ പറഞ്ഞു.

നഗരസഭ ചെയർമാൻ വി.വി രമേശന്റെ മാതൃസഹോദരനാണ് ആക്രമണത്തിൽ കൈയ്യെല്ല് പൊട്ടിയ വി.വി നാരായണൻ.

നാരായണന്റെ മകൻ ബങ്കളം ടൗണിലെ ടിപ്പർ  ഡ്രൈവർ രൂപേഷിന്റെ പരാതിയിലാണ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്.

LatestDaily

Read Previous

ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കി, ജാഗ്രത

Read Next

മൻസൂർ ആശുപത്രിക്കെതിരെ വ്യാജ പ്രചരണം