ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സ്വർണ്ണവ്യാപാരി എം. ബൽരാജിന്റെ ഭാര്യ വന്ദനാറാവു ഇത്തവണ വാർഡ് 14-ൽ നിന്ന് സ്വതന്ത്രയായി നഗരസഭയിലേക്ക് മൽസരിക്കും. പഴയ കൈലാസ് തിയേറ്ററിന് മുന്നിൽ റെയിൽപ്പാളം വരെയും, തെക്ക് ഹൊസ്ദുർഗ്ഗ് കോട്ട വരെയും, കെഎസ്ടിപി റോഡിന് പടിഞ്ഞാറു ഭാഗം വരെയുമുള്ള വാർഡ് 14 ഇത്തവണ വനിതയ്ക്ക് നീക്കി വെച്ചതാണ്.
നിലവിൽ സ്വതന്ത്രൻ എച്ച്. റംഷീദാണ് പ്രതിനിധി. ബിജെപി ജില്ലാ ജനറൽ സിക്രട്ടറിയായ എം. ബൽരാജ് സ്വർണ്ണ വ്യാപാരി എം. നാഗരാജിന്റെ ഇളയ സഹോദരനാണ്. നഗരസഭയിൽ കഴിഞ്ഞ രണ്ടു തവണയും ബിജെപി കൗൺസിലറാണ് ബൽരാജ്. ഇത്തവണ ചെമ്മട്ടംവയൽ എൻജിഒ ക്വാർട്ടേഴ്സ് വാർഡിൽ നിന്ന് ബൽരാജ് വീണ്ടും ജനവിധി തേടും.
മൊത്തം 43 വാർഡുകളിൽ 6 വാർഡുകൾ ഇത്തവണ ബിജെപി ഉറപ്പിച്ചിട്ടുണ്ട്.ശേഷിച്ച 37 വാർഡുകളിൽ 18 വാർഡ് യുഡിഎഫിനും, 18 വാർഡ് എൽഡിഎഫിനും ലഭിക്കുകയാണെങ്കിൽ, എൽഡിഎഫിന്റെയോ, യുഡിഎഫിന്റെയോ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിക്കുന്ന വന്ദന റാവുവിന് നഗരസഭ അധ്യക്ഷപദവി വീണു കിട്ടുമെന്ന രാഷ്ട്രീയ കണക്കുകൂട്ടലാണ്, വന്ദനയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി കളത്തിലിറക്കാൻ നാഗരാജ്- ബൽരാജ് ബിജെപി കുടുംബം തീരുമാനിച്ചത്.
18-18 തുല്ല്യ നില വന്നുചേർന്നാൽ ഒരു വനിതാ അധ്യക്ഷ ഇരുമുന്നണികൾക്കും നഗരഭരണത്തിൽ അനിവാര്യമാണ്. ബിജെപി കുടുംബിനി ആണെങ്കിലും, നാമനിർദ്ദേശപ്പത്രികയിൽ സ്വതന്ത്ര എന്ന് രേഖപ്പെടുത്തി മൽസരിച്ചു വിജയിച്ചാൽ, ഇടതു മുന്നണിക്കും, യുഡിഎഫിനും വന്ദനയെ പിന്തുണക്കാൻ പ്രത്യക്ഷത്തിൽ തടസ്സങ്ങളില്ല.
ബിജെപിയുെട 6 കൗൺസിലർമാരുടെ പുറത്തു നിന്നുള്ള പിന്തുണയും, വന്ദയ്ക്ക് നൽകാൻ കഴിയുമെങ്കിലും, ഇത്തരമൊരു നഗരഭരണത്തിന് മാനം പണയം വെച്ച് ഇടതുമുന്നണി സമ്മതം മൂളുമെന്ന് കരുതുന്നില്ല. തൽസമയം ലീഗ് അടക്കമുള്ള 18 യുഡിഎഫ് അംഗങ്ങളുടെയും 6 ബിജെപി അംഗങ്ങളുടെയും വോട്ടെടുപ്പിൽ വന്ദനയ്ക്ക് അധ്യക്ഷ പദവിയിലെത്താൻ കഴിയും.
18- യുഡിഎഫ് , 6 – ബിജെപി = 24 ഒപ്പം വന്ദനയുടെ അംഗത്വവും ചേരുമ്പോൾ 25 അംഗ ഭൂരിപക്ഷത്തിൽ നഗരഭരണം സ്വർണ്ണ വ്യാപാര കുടുംബത്തിന്റെ കൈകളിൽ ഭദ്രമാകും. ഒപ്പം വന്ദനയുടെ ഭർത്താവ് എം. ബൽരാജും നഗരഭരണ അധികാരത്തിന്റെ ഭാഗമായി പിന്നിൽ പ്രവർത്തിക്കുകയും ചെയ്യാം.