ആസാദ് കശ്മീർ പാകിസ്ഥാൻ ഭാഷ; മുഖ്യമന്ത്രിയുടെ മൗനം അപകടകരമെന്ന് എം.ടി രമേശ്

കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരമാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. കെ.ടി ജലീലിന്‍റെ നിലപാട് രാജ്യദ്രോഹമാണെന്ന് എം.ടി രമേശ് വിമർശിച്ചു. ആസാദ് കശ്മീർ പാകിസ്ഥാന്‍റെ ഭാഷയും ശൈലിയുമാണ്. വിവാദത്തിൽ ഉറച്ചുനിൽക്കുന്ന കെ.ടി ജലീലിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും എം.ടി രമേശ് ചോദിച്ചു.

കേരളത്തിലെ ഒരു എം.എൽ.എക്ക് ഇതെങ്ങനെ പറയാൻ കഴിയും? പാകിസ്ഥാൻ വാദത്തെ എം.എൽ.എ ന്യായീകരിക്കുന്നുവെന്നത് വിചിത്രമായ വസ്തുതയാണ്. ജലീൽ അങ്ങനെ പറഞ്ഞതിൽ അതിശയിക്കാനില്ല. എം.എൽ.എയുടെ പ്രസ്താവനയേക്കാൾ അപകടകരമാണ് മുഖ്യമന്ത്രിയുടെ മൗനമെന്ന് എം.ടി രമേശ് ആരോപിച്ചു. ഇടതുമുന്നണിയോ സി.പി.എമ്മോ ഇതുവരെ ജലീലിനെ തള്ളിപ്പറഞ്ഞിട്ടില്ല. ജലീലിനെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം കെ.ടി ജലീൽ മാപ്പ് പറയണമെന്നും നിയമനടപടി നേരിടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. വിവാദ പരാമർശം പിൻവലിച്ചതോടെ പ്രശ്നം അവസാനിക്കുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

K editor

Read Previous

‘സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നു’

Read Next

ഗാന്ധിജിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ല ; എം.വി ഗോവിന്ദൻ