ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാനെ യൂത്ത് ലീഗ് പ്രവർത്തകർ കുത്തിക്കൊന്ന കേസ്സിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കൊല നടന്ന് 90 ദിവസം പൂർത്തിയാക്കാൻ ഒരു ദിവസം അവശേഷിക്കെയാണ് അന്വേഷണ സംഘം ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദങ്ങൾ അവസാനിക്കുന്നതിന് മുമ്പേയാണ് സുന്നി കാന്തപുരം അനുയായിയും, ഡിവൈഎഫ്ഐ പ്രവർത്തകനുമായ ഔഫ് അബ്ദുൾ റഹ്മാനെ കല്ലൂരാവി മുണ്ടത്തോടിൽ മൂന്ന് പേരടങ്ങുന്ന യൂത്ത് ലീഗ് സംഘം കുത്തിക്കൊലപ്പെടുത്തിയത്. 2020 ഡിസംബർ 23-ന് രാത്രിയാണ് സംഭവം നടന്നത്.
ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സുഹൃത്തിനോട് പണം കടം വാങ്ങി ബൈക്കിൽ തിരികെ പോകുമ്പോഴാണ് മുസ്ലീം യൂത്ത് ലീഗ് മുൻസിപ്പൽ സിക്രട്ടറി പി. എം. ഇർഷാദ്, മുണ്ടത്തോട് തലയില്ലത്ത് ഹസ്സൻ, മുണ്ടത്തോട് ഹാഷിർ, എന്നിവർ ചേർന്ന് ഔഫിനെ തടഞ്ഞു നിർത്തി കുത്തി വീഴ്ത്തിയത്. നെഞ്ചിനേറ്റ ഒറ്റക്കുത്ത് തന്നെ ഔഫിന്റെ മരണ കാരണമായി. ഔഫിനെ കുത്തിക്കൊന്ന പി. എം. ഇർഷാദ് വ്യാജ ഏറ്റുമുട്ടൽ കഥയുണ്ടാക്കി മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നുവെങ്കിലും ഇത് വ്യാജമാണെന്ന് തെളിഞ്ഞു. ഒന്നാം പ്രതിയെ ഗൾഫിലേക്ക് കടത്താനുള്ള ലീഗ് നേതാക്കളുടെ ശ്രമം ഹൊസ്ദുർഗ്ഗ് പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പൊളിഞ്ഞിരുന്നു.
കേരളത്തിലാകെ കോളിളക്കമുണ്ടാക്കിയ ഔഫ് കൊലപാതകക്കേസ്സ് അന്വേഷണം ലോക്കൽ പോലീസിൽ നിന്നും ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ജോയി നയിക്കുന്ന സംഘമാണ് ഔഫ് വധക്കേസ്സിന്റെ തുടരന്വേഷണം നടത്തിയത്. കൊലയ്ക്കുപയോഗിച്ച കത്തിയടക്കമുള്ള തെളിവുകൾ ക്രൈംബ്രാഞ്ച് നേരത്തെ തന്നെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഔഫ് വധക്കേസ്സിന്റെ വിചാരണയ്ക്കായി നിക്കോളാസ് ജോസഫിനെ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.
കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയതിനാൽ മൂന്ന് പ്രതികളും ഇപ്പോഴും റിമാന്റ് തടവിലാണ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്ന സാഹചര്യത്തിൽ പ്രതികളുടെ ജയിൽമോചനം ഇനിയും നീളും. ജാമ്യത്തിന്റെ കാര്യത്തിൽ കോടതി കനിഞ്ഞില്ലെങ്കിൽ പ്രതികൾ കേസ്സിന്റെ വിചാരണ തീരുന്നതുവരെ തടവിൽ കഴിയേണ്ടി വരും. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന്റെ ഉറച്ച സീറ്റ് നഷ്ടമായതിന്റെ വൈരാഗ്യമാണ് ഔഫ് അബ്ദുൾ റഹ്മാന്റെ കൊലയിലേക്ക് കലാശിച്ചത്. ഔഫ് അബ്ദുൾ റഹ്മാന്റെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്ഐ കുടുംബസഹായനിധി സ്വരൂപിച്ച് സഹായം കൈമാറിയിട്ടുണ്ട്.