ഔഫ് കൊലക്കേസ് പ്രതി ഇർഷാദിനെ വെള്ളപൂശി പള്ളി ഖത്തീബിന്റെ സന്ദേശം

കാഞ്ഞങ്ങാട് : സുന്നി കാന്തപുരം അനുയായിയും, ഡിവൈഎഫ്ഐ പ്രവർത്തകനുമായ പഴയ കടപ്പുറത്തെ ഔഫ് അബ്ദുൾ റഹ്മാനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തിയ യൂത്ത് ലീഗ് നേതാവിനെ വിശുദ്ധനാക്കി അവതരിപ്പിച്ച് പള്ളി ഖത്തീബ് പുറത്തിറക്കിയ വാട്സ് ആപ്പ് സന്ദേശത്തിനെതിരെ നവമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം. മീനാപ്പീസ് കടപ്പുറം ജുമാ മസ്ജിദ് ഖത്തീബ് ശാകിർ ദാരിമി വളക്കൈയാണ് ഔഫ് കൊലക്കേസ് പ്രതി ഇർഷാദിനെ നിരപരാധിയാക്കി വാട്സ് ആപ്പിൽ സന്ദേശം പ്രചരിപ്പിച്ചത്.

ഇർഷാദ് ഉപകാരിയായ മനുഷ്യനാണെന്നും, ഇത്രയൊക്കെ ഉപകാരിയായ യുവാവ് കൊലപാതകം ചെയ്യാൻ സാധ്യതയില്ലെന്നും, വരുത്തിത്തീർക്കാനാണ് ഖത്തീബിന്റെ ശ്രമം. കാന്തപുരം വിഭാഗത്തിൽപ്പെട്ട ആവിയിൽ സ്വദേശിയുടെ സഹോദരിയുടെ വിവാഹച്ചടങ്ങിന് പണം സ്വരൂപിക്കാൻ മുൻപന്തിയിൽ നിന്നയാളാണ് ഇർഷാദ് എന്നാണ് ഖത്തീബിന്റെ സന്ദേശം. ഇർഷാദിലായിരുന്നു ആവിയിലെ കുടുംബത്തിന്റെ പ്രതീക്ഷയെന്നും ഇദ്ദേഹം സമർത്ഥിക്കുന്നു. എന്നാൽ, ഇത് സാങ്കല്പിക കഥയാണെന്നാണ് കാന്തപുരം വിഭാഗത്തിലെ പ്രവർത്തകൻ സുബൈർ സഅദി നവമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ശാക്കിർ ദാരിമി പറയുന്ന തരത്തിലുള്ള ഒരാൾ സഅദി സ്ഥാപനങ്ങളിൽ പഠിച്ചിട്ടില്ലെന്നും, ഖത്തീബിന്റെ കഥയിൽപ്പറയുന്നയാൾ സുന്നി ഇ. കെ. വിഭാഗത്തിന്റെ സ്ഥാപനമായ നീലേശ്വരം മർക്കസിൽ പഠിച്ചയാളാണെന്നും സുബൈർ സഅദി പറയുന്നു. കൊലക്കേസ് പ്രതിയെ രക്ഷിക്കാൻ നടത്തുന്ന അപഹാസ്യ നീക്കമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. അതേ സമയം, ഒൗഫ് കൊലക്കേസ് പ്രതി ഇർഷാദിന്റെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കുന്ന വിധത്തിൽ മൂവാരിക്കുണ്ട് സഖാക്കൾ പുറത്തുവിട്ട വാട്സ് ആപ്പ് സന്ദേശവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വർഷങ്ങൾക്കുമുമ്പ് നടന്ന കാഞ്ഞങ്ങാട് കലാപക്കേസിലെ പ്രതിയാണ് ഇർഷാദെന്നും, ഇടതു സ്ഥാനാർത്ഥികളുടെ വിജയാഹ്ലാദ പ്രകടനത്തിന് നേരെ സോഡാക്കുപ്പിയും കല്ലുമെറിയാൻ നേതൃത്വം കൊടുത്തയാളാണ് ഇർഷാദെന്നുമാണ് മൂവാരിക്കുണ്ട് സഖാക്കളുടെ ആരോപണം.

ലീഗ് അധർമ്മം പഠിപ്പിക്കുന്ന സ്കൂളും, നേതാക്കൾ അധ്യാപകരും, അണികൾ വിദ്യാർത്ഥികളുമെന്നാണ് മൂവാരിക്കുണ്ട് സഖാക്കൾ പുറത്തുവിട്ട സന്ദേശത്തിന്റെ കാതൽ. ഇർഷാദിന്റെ കേസ് നടത്തിപ്പിന് വേണ്ടി പണപ്പിരിപ്പിവ് നടത്തുന്ന ലീഗ് നേതൃത്വത്തിനെതിരെ സന്ദേശത്തിൽ ശക്തമായ ഭാഷയിൽ വിമർശനമുണ്ട്. ഔഫ് കൊലക്കേസ് പ്രതിയെ മഹത്വവത്ക്കരിച്ചുകൊണ്ട് പള്ളി ഖത്തീബ് പുറത്തിറക്കിയ സന്ദേശത്തിന് പിന്നിൽ ലീഗ് നേതാക്കളുടെ സ്വാധീനമുണ്ടെന്ന് സംശയമുയർന്നിട്ടുണ്ട്. ന്യായീകരണത്തിന് കൂടുതൽ വിശ്വാസ്യത വരുത്താനാണ് ഖത്തീബിനെക്കൊണ്ട് തന്നെ സന്ദേശം പുറപ്പെടുവിപ്പിച്ചതെന്നാണ് സംശയം.  സമുദായത്തിലും പാർട്ടിയിലും ബഹുമാന്യത ലഭിക്കുന്ന ഒരാളെക്കൊണ്ട് ഇത്തരത്തിൽ ഒരു സന്ദേശം പുറത്തിറക്കിയത് കൂടുതൽ വിശ്വാസ്യതയുണ്ടാകുമെന്ന കുടില ബുദ്ധിയാണ് ലീഗിനെ സന്ദേശത്തിന് പ്രേരിപ്പിച്ചതെന്നാണ് ആരോപണം.

ഒൗഫിന്റെ കൊലപാതകത്തെത്തുടർന്നുണ്ടായ ജനവികാരം തണുപ്പിക്കുകയെന്ന ലക്ഷ്യമാണ് പള്ളി ഖത്തീബിനെക്കൊണ്ട് ഇർഷാദിനെ മഹത്വവത്കരിക്കാൻ നടത്തിയ നീക്കമെന്നും സംശയമുണ്ട്. നിഷ്ഠൂരമായ കൊലപാതകത്തിൽ ഇരയുടെ കുടുംബത്തിന്റെ വേദനകളിൽ പങ്ക് ചേരുന്നതിന് പകരം കൊലയാളിയെ വെള്ള പൂശാനാണ് മീനാപ്പീസ് കടപ്പുറം ജുമാമസ്ജിദ് ഖത്തീബ് ശാക്കിർ ദാരിമി വളക്കൈ ശ്രമിച്ചത്.

LatestDaily

Read Previous

കാഞ്ഞങ്ങാട് നഗരസഭ കുടിവെള്ള വിതരണത്തിൽ 6. 56 ലക്ഷത്തിെൻറ അഴിമതി

Read Next

ഭീഷണിമൂലം കത്തി കരുതി: ഇർഷാദ് രണ്ട് പ്രതികളെ ക്കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു