ഔഫ് കൊലക്കേസ്സിൽ ലീഗ് ഗൂഢാലോചന അന്വേഷിക്കണം: ഐഎൻഎൽ, ലീഗ് ദേശീയ സമിതിയംഗത്തിന്റെ ഇടപെടൽ സംശയാസ്പദം

കാഞ്ഞങ്ങാട്: സുന്നി സംഘടനയുടെയും ഡിവൈഎഫ്ഐയുടെയും സജീവ പ്രവർത്തകനായ പഴയ കടപ്പുറത്തെ അബ്ദുറഹിമാൻ ഔഫിനെ നീചമായി കൊലപ്പെടുത്തിയ സംഭവം തുല്യതയില്ലാത്ത ക്രൂരതയെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രഫ. ഏ.പി. അബ്ദുൾ വഹാബ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്്ലീം ലീഗിനേറ്റ തിരിച്ചടിയിൽ പ്രകോപിതരായ ലീഗ് നേതാക്കളാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രതികാര ലഹരിയിൽ ആട്ടിൻകുട്ടിയെ കൊല്ലുന്ന ലാഘവത്തോടെയാണ് അബ്ദുറഹിമാൻ ഔഫിനെ കൊലപ്പെടുത്തിയത്.  കൊലപാതകം യാദൃശ്ചിക സംഭവമല്ല. ബോധപൂർവ്വമായ ആസൂത്രണത്തിലൂടെയാണ് കൊല നടത്തിയതെന്ന് വഹാബ് ആരോപിച്ചു. ഔഫ് വധത്തിൽ ഗൂഢാലോചന മുഴുവനായും പുറത്തു കൊണ്ടുവരണം. മുസ്്ലീം ലീഗ് ദേശീയ സമിതിയംഗത്തിന് ഗൂഢാലോചനയിൽ പങ്കുണ്ട്. കൊലയാളിക്ക് ഗുരുതരമായ പരിക്കുണ്ടെന്ന ലീഗ് നേതാവിന്റെ സന്ദേശം ഗൗരവമുള്ളതാണ്.

സംയുക്ത മുസ്്ലീം ജമാഅത്തിന്റെ ഭാരവാഹികൂടിയായ ലീഗ് നേതാവ്, കൊല്ലപ്പെട്ട ഔഫിന്റെ ഘാതകരെ സംരക്ഷിക്കാൻ ശ്രമിച്ചതായും ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് ആരോപിച്ചു. കൊലയുടെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സാധ്യമാവണം. മുസ്്ലീം ലീഗിന്റെ ഫണ്ടിംഗ് ഏജൻസിയായ കെഎംസിസിയും ഘാതകരെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനായി എത്ര പണം വേണ്ടി വന്നാലും, മുടക്കാമെന്ന് സൂചന നൽകുന്ന വാട്സ്ആപ്പ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തണമെന്ന പ്രഫ. അബ്ദുൾ വഹാബ് ആവശ്യപ്പെട്ടു.

മനുഷ്യത്വത്തിന് ചേരാത്ത ക്രൂരമായ നിലപാടെടുക്കുന്നവരെയും കൊലപാതികകൾക്ക് സംരക്ഷണം ഒരുക്കുന്നവരെയും പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ഐഎൻഎൽ ജില്ലാ പ്രസിഡണ്ട് മൊയ്തീൻകുഞ്ഞി കളനാട്, ജനറൽ സിക്രട്ടറി അസീസ് കടപ്പുറം, നഗരസഭ ഉപാധ്യക്ഷൻ ബിൽടെക്ക് അബ്ദുല്ല, ഇഖ്ബാൽ പോപ്പുലർ, എം.ഏ. ഷെഫീഖ്, ഷംസുദ്ധീൻ, എൻ.കെ. അബ്ദുൽ അസീസ്, സി.പി. നാസർകോയ തങ്ങൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

LatestDaily

Read Previous

ഇർഷാദിനെ കസ്റ്റഡിയിൽ വിട്ടു ആയുധം കണ്ടെടുക്കാനാവാത്തത് വീഴ്ചയെന്ന് കോടതി

Read Next

കൃത്രിമ വോട്ടർ പട്ടിക നിർമ്മിച്ചത് നഗരസഭ ഒാഫീസിൽ നഗരസഭ സിക്രട്ടറി പ്രതിക്കൂട്ടിൽ