ശ്രദ്ധ വോൾക്കർ കൊലപാതകം; 3000 പേജുള്ള കുറ്റപത്രം തയാറാക്കി അന്വേഷണ സംഘം

ന്യൂഡൽഹി: ശ്രദ്ധ വോൾക്കർ വധക്കേസിൽ 3000 പേജുള്ള കുറ്റപത്രം തയാറാക്കി അന്വേഷണ സംഘം. 100 പേരുടെ സാക്ഷിമൊഴികൾ, ഇലക്ട്രോണിക്, ഫോറൻസിക് തെളിവുകൾ, പ്രതി അഫ്താബ് പൂനവാലയുടെ കുറ്റസമ്മത മൊഴി, നര്‍ക്കോട്ടിക് പരിശോധനാ ഫലങ്ങൾ എന്നിവ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരട് കുറ്റപത്രം ഇപ്പോൾ നിയമവിദഗ്ദ്ധരുടെ പരിശോധനയിലാണ്. തുടർന്ന് കോടതിയിൽ സമർപ്പിക്കും.

2022 മെയ് 18നാണ് അഫ്താബ് തന്‍റെ പങ്കാളി ശ്രദ്ധ വോൾക്കറെ കൊലപ്പെടുത്തിയത്. മൃതദേഹം 35 കഷ്ണങ്ങളായി മുറിച്ച് മൂന്നാഴ്ച ഫ്രിഡ്ജിൽ സൂക്ഷിച്ചു. ദുർഗന്ധം തടയാൻ ചന്ദനത്തിരികളും റൂം ഫ്രഷ്നറുകളും ഉപയോഗിച്ചു. 18 ദിവസം കൊണ്ട് നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ വാൾക്കർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മുംബൈയിലെ ഒരു കോൾ സെന്‍ററിൽ ജോലി ചെയ്യുന്നതിനിടെ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ ബന്ധം വീട്ടുകാർ അംഗീകരിക്കാതായതോടെ ഇവർ ഡൽഹിയിലേക്ക് താമസം മാറി. അഫ്താബിനെ വിവാഹം കഴിക്കാൻ ശ്രദ്ധ പതിവായി നിർബന്ധിച്ചിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്.

K editor

Read Previous

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ നീക്കണമെന്ന് ബിജെപി

Read Next

‘ആരാണ് ഷാരൂഖ് എന്നറിയില്ല’; പിന്നാലെ രാവിലെ 2ന് അസം മുഖ്യമന്ത്രിയെ വിളിച്ച് താരം