ആക്രമിച്ച് രക്ഷപെടാന്‍ ശ്രമം; ഗുണ്ടാനേതാവിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടി വനിതാ എസ്.ഐ

ചെന്നൈ: പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാ നേതാവിനെ വനിതാ എസ്.ഐ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടി. കവർച്ച, എസ്.ഐയെ ആക്രമിക്കൽ തുടങ്ങി ഇരുപതിലധികം കേസുകളിൽ പ്രതിയായ സൂര്യയെ (22) കഴിഞ്ഞ ദിവസം തിരുവള്ളൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ചെന്നൈയിലേക്ക് എത്തിക്കുന്നതിനിടെ ന്യൂ ആവഡി റോഡിൽ എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിൽ നിന്നിറങ്ങിയ സൂര്യ സമീപത്തെ ജ്യൂസ് കടയിൽ നിന്ന് കത്തിയെടുത്ത് ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾമാരായ ശരവണ കുമാർ, അമലുദ്ദീൻ എന്നിവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് വാഹനത്തിൽ നിന്നിറങ്ങിയ വനിതാ എസ്.ഐ മീന ആദ്യം വായുവിൽ വെടിയുതിർക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇത് വകവയ്ക്കാതെ പ്രതി മീനയെയും ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ മീന ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കാലിൽ വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനും കൈക്കും പരിക്കേറ്റ കോൺസ്റ്റബിൾമാരും ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ സൂര്യയും കൂട്ടാളികളായ അജിത്, ഗൗതം എന്നിവരും അയനാവരം എസ്.ഐ ശങ്കറിനെ ആക്രമിച്ചിരുന്നു. സൂര്യയും മറ്റ് മൂന്ന് പേരും ഒരു ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കൈകാണിച്ചിട്ടും നിർത്താൻ വിസമ്മതിച്ച ഇവരെ പിന്തുടരാൻ ശ്രമിച്ചപ്പോൾ ഇരുമ്പ് വടി ഉപയോഗിച്ച് എസ്.ഐയെ ആക്രമിക്കുകയായിരുന്നു. മീനയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തിരുവള്ളൂരിലെ സഹോദരിയുടെ വീട്ടിൽ നിന്ന് സൂര്യയെ പിടികൂടിയത്. അജിത്തും ഗൗതമും നേരത്തെ അറസ്റ്റിലായിരുന്നു.

K editor

Read Previous

ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്കാരം; മത്സര പട്ടികയില്‍ ഇടംനേടി ജൂനിയര്‍ എന്‍ടിആറും രാംചരണും

Read Next

ഡൽഹിയില്‍ ബൈക്ക് ടാക്സി നിരോധിച്ച് സർക്കാർ; ലംഘിച്ചാൽ 10000 രൂപ വരെ പിഴയും ജയിൽ ശിക്ഷയും