കുതിരക്കച്ചവടം നടക്കാത്തിടത്ത് ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ മെരുക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുതിരക്കച്ചവടം നടക്കാത്തതിനാൽ ഗവർണറെ ഉപയോഗിച്ച് സർക്കാരുകളെ മെരുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുതിരക്കച്ചവടം എന്നൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല. വില വല്ലാതെ ഉയർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെ കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നു. രാജ്യത്തിന്റെ മർമ്മ പ്രധാന സ്ഥലങ്ങളിൽ പോലും സ്വകാര്യവത്ക്കരണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരുകൾക്കുകൂടി അർഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾ സംസ്ഥാനത്തെ അറിയിക്കാതെ കേന്ദ്രം വിൽക്കുന്നു. കോർപ്പറേറ്റുകൾ ബഹിരാകാശ മേഖലയിലേക്കും വരികയാണ്. സ്വകാര്യ മേഖലയിൽ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണ്.” മുഖ്യമന്ത്രി പറഞ്ഞു.

വിവാദ വിഷയങ്ങളിൽ പൊതുചർച്ചയ്ക്ക് തയ്യാറാണോയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സി.പി.എമ്മിനെ വെല്ലുവിളിച്ചിരുന്നു. രാജ്ഭവനിലേക്കുള്ള മാർച്ച് താൻ സ്ഥലത്തുണ്ടായിരുന്ന ദിവസം നോക്കി തീരുമാനിച്ചാൽ പൊതുചർച്ചയ്ക്ക് തയ്യാറാണെന്നും ഗവർണർ പറഞ്ഞു. സിപിഎം കേരളത്തിൽ ഭരണഘടനാത്തകർച്ച സൃഷ്ടിക്കാനുള്ള ശ്രമം തുടങ്ങിയതായി ആരോപിച്ച ഗവർണർ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാനും ധൈര്യമുണ്ടെങ്കിൽ രാജ്ഭവനിലേക്കു തള്ളിക്കയറാനും റോഡിൽവച്ചു തന്നെ കൈകാര്യം ചെയ്യാനും വെല്ലുവിളിച്ചു. ഭരണഘടനാത്തകർച്ചയെന്ന വാക്ക് ശ്രദ്ധാപൂർവം ആലോചിച്ചു പറയുന്നതാണെന്നു ഗവർണർ എടുത്തു പറഞ്ഞിരുന്നു.

K editor

Read Previous

വി.എസ്.സുനില്‍കുമാറിനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ ഉൾപ്പെടുത്തിയില്ല

Read Next

ശ്രീനിവാസന്‍ വധക്കേസ്; തീവ്രവാദ ബന്ധമുണ്ടെന്ന് റിപ്പോർട്ട്