മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം

മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം. മൂന്ന് ബിജെപി എംഎൽഎമാരിൽ നിന്ന് 100 കോടി രൂപ ആവശ്യപ്പെട്ട നാല് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ സർക്കാർ മാറി രണ്ടാഴ്ച കഴിഞ്ഞിട്ടും മന്ത്രിസഭാ വിപുലീകരണം നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് എം.എൽ.എയെ മന്ത്രിയാക്കാൻ പ്രലോഭിപ്പിച്ച് വൻ തുക തട്ടിയെടുക്കാൻ ചില ഗുണ്ടകൾ ഗൂഢാലോചന നടത്തിയത്.

ഷിൻഡെ സർക്കാരിൽ എം.എൽ.എയെ മന്ത്രിയാക്കുമെന്ന വാഗ്ദാനവുമായാണ് ഇവർ എത്തിയത്. ജൂലൈ 12ന് പ്രതികളിലൊരാൾ ബിജെപി എംഎൽഎ രാഹുൽ കുലുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രതികരിക്കാതിരുന്നപ്പോൾ എം.എൽ.എയുടെ പേഴ്സണൽ അസിസ്റ്റന്‍റുമായി സംസാരിച്ചു. എം.എൽ.എ.യെ കാണാനാണ് ഡൽഹിയിൽ നിന്ന് വന്നതെന്ന് ഇവർ പി.എ.യോട് പറഞ്ഞു. പിന്നീട് നരിമാൻ പോയിന്‍റിൽ എം.എൽ.എയെ കാണാൻ ധാരണയായി.

യോഗത്തിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയും ഇതിനായി 90 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. നിശ്ചിത തുകയുടെ 20 ശതമാനം (18 കോടി രൂപ) മുൻകൂറായി നൽകണം. ബാക്കി സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നൽകണമെന്നും പറഞ്ഞു. പിന്നീട് കരാർ പ്രകാരം ഹോട്ടലിലെത്തിയ പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എംഎൽഎയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയിൽ റിയാസ് ഷെയ്ഖ്, യോഗേഷ് കുൽക്കർണി, സാഗർ സാങ്വായി, ജാഫർ ഉസ്മാനി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികളെ ഫോർട്ട് കോടതി മെയ് 26 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.

K editor

Read Previous

‘താൻ വിവാഹിതയാകുന്നുവെന്ന വാർത്തകൾ വ്യാജം’

Read Next

‘പത്രപ്രവർത്തകനോട് എഴുതരുതെന്ന് പറയുന്നതിന്‍റെ ഔചിത്യമെന്താണ്’; ആള്‍ട്ട് സഹസ്ഥാപകനെതിരായ ഹർജിയിൽ കോടതി