അട്ടപ്പാടി മധു കേസ്; ജാമ്യം തേടി വീണ്ടും പ്രതികളുടെ ഹർജി

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ ജാമ്യം തേടി 11 പ്രതികളും കോടതിയിൽ ഹർജി നൽകി. പാലക്കാട് മണ്ണാർക്കാട് വിചാരണക്കോടതിയിലാണ് ഹർജി സമർപ്പിച്ചത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെയാണെന്ന കാരണം പറഞ്ഞാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ഓഗസ്റ്റ് 20ന് വിചാരണക്കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. പ്രതികൾ സാക്ഷികളെ നേരിട്ടും ഇടനിലക്കാർ മുഖേനയും സ്വാധീനിക്കാൻ ശ്രമിച്ചതായി വിചാരണക്കോടതി കണ്ടെത്തി. വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ 12ാം പ്രതിക്ക് മാത്രമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 19നാണ് 11 പ്രതികൾ വിചാരണക്കോടതിയിൽ കീഴടങ്ങിയത്.

സാക്ഷികളെ പ്രതികൾ സ്വാധീനിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാലക്കാട്ടെ പ്രത്യേക കോടതി മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെയാണ് 12 പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ കീഴ്‌ക്കോടതിക്ക് കഴിയില്ലെന്നായിരുന്നു വാദം. എന്നാൽ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടായാൽ വിചാരണക്കോടതിക്ക് തുടർനടപടി സ്വീകരിക്കാമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ച ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചു.

K editor

Read Previous

മുഖ്യമന്ത്രിക്കെതിരായ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകും

Read Next

ബോളിവുഡ് നടി ആശാ പരേഖിന് ഫാല്‍ക്കെ പുരസ്‌കാരം