എ.ടി.എം രക്ഷയ്ക്കെത്തി; കാണാതായ യുവാവിനെ ഹോട്ടൽ മുറിയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: കാണാതായ യുവാവിനെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത് എ.ടി.എം. രാജപുരം പൂടംങ്കല്ലിൽ മാത്യുവിന്റെ മകൻ സജിയെ 40 കണ്ടത്താനാണ് രാജപുരം പോലീസിന് സ്വകാര്യ ബാങ്കിന്റെ എ.ടി.എം തുണയായത്.

നവമ്പർ 8– ാം തീയ്യതി മുതലാണ് സജിയെ കാണാതായത്. പരിയാരം വിളയാങ്കോട്ടെ ഭാര്യ വീട്ടിലെത്തി, മകനെ കണ്ടശേഷം മടങ്ങിയ യുവാവിനെ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. സെൽ ഫോൺ സ്വിച്ച് ഓഫായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം വഴിമുട്ടി. തുടർന്നാണ് പോലീസ് യുവാവിന് അക്കൗണ്ടുള്ള ബാങ്കിലെ ജീവനക്കാരുടെ സഹായം തേടിയത്.

ഇന്നലെ വൈകീട്ട് സജി പയ്യന്നൂർ ബസ്റ്റാന്റിനടുത്തുള്ള എ.ടി.എമ്മിൽ നിന്നും പണം പിൻവലിച്ച വിവരം ബാങ്കധികൃതർ പോലീസിനെ അറിയിച്ചു. ഉടൻ പോലീസ് പയ്യന്നൂരിലെത്തുകയും, പണം പിൻവലിച്ച എ.ടി.എമ്മിന്റെ പരിസരത്തുള്ള ലോഡ്ജിൽ യുവാവ് മുറിയെടുത്തിരിക്കാമെന്ന ധാരണയിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് ലോഡ്ജ് മുറിയിൽ സജിയെ കണ്ടെത്തിയത്.

ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിനാൽ 4 വയസ്സുള്ള ഏക മകൻ, പരിയാരത്തെ ഭാര്യ വീട്ടിലാണ് താമസം. മകനെ ഒപ്പം താമസിപ്പിക്കാൻ കഴിയാത്ത സജി ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവിനെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

പെൺകെണിക്കേസ്സിൽ ലാലാ കബീറിന്റെ ഭാര്യ സബീന റിമാന്റിൽ

Read Next

നീലേശ്വരത്ത് ജ്വല്ലറി കവർച്ചക്ക് ശ്രമിച്ചത് പ്രൊഫഷണൽ സംഘം