ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഭരണമുന്നണിക്കുള്ളിൽനിന്നുപോലും ശക്തമായ എതിർപ്പുണ്ടായതിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടക്കുന്നെന്ന പത്രവാർത്ത എത്രമാത്രം വിശ്വാസയോഗ്യമാണെന്നറിയില്ല. പക്ഷേ, അതിനെ പാടെ അവഗണിക്കാനാവില്ല. കാരണം, കേരളത്തിെൻറ നിലനിൽപിനെ ബാധിക്കുന്ന വിഷയമാണത്. വാർത്തയുടെ ആധികാരികതയെക്കുറിച്ചുള്ള സംശയത്തിെൻറ കാരണം ആദ്യം വ്യക്തമാക്കട്ടെ. ഇതുസംബന്ധിച്ച റിപ്പോർട്ടിൽ സ്രോതസ്സിനെക്കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ല. അത് വായനക്കാരെ അറിയിക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്ന് മിക്ക മലയാള പത്രങ്ങളും വിശ്വസിക്കുന്നില്ല. അല്ലയോ വായനക്കാരാ, വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്തോളൂ എന്ന മട്ടിലാണ് അവർ വിവരങ്ങൾ നൽകുന്നത്.
പത്രവാർത്ത ഉത്ഭവിച്ചിരിക്കുന്നത് കണ്ണൂരിലാണ്. ഈ വിഷയത്തിൽ ആധികാരികമായ വിവരം നൽകാനാകുന്ന സംസ്ഥാന സർക്കാറോ വൈദ്യുതിമന്ത്രിയോ ഇലക്ട്രിസിറ്റി ബോർഡോ അവിടെയല്ല. പക്ഷേ, എൽ.ഡി.എഫ് സർക്കാറിനെ നയിക്കുന്ന പാർട്ടിയുടെ ശക്തികേന്ദ്രമാണത്. അതുകൊണ്ട് വാർത്തയുടെ ഉറവിടം ഏതെങ്കിലും പാർട്ടി നേതാവാകാനാണിട. അപ്പോൾ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ പാർട്ടിതലത്തിൽ നീക്കങ്ങൾ നടക്കുന്നതായി അനുമാനിക്കാം. സ്ഥിതിക അവബോധമുള്ള നേതാക്കൾ കുറവായ പാർട്ടിയാണ് സി.പി.എം. വർഷങ്ങൾക്കുമുമ്പ് വൈദ്യുതിമന്ത്രിയായിരുന്ന കാലം മുതൽ അതിരപ്പിള്ളി പദ്ധതിയിൽ താൽപര്യമെടുത്തിട്ടുള്ളയാളാണ് പിണറായി വിജയൻ. ആ താൽപര്യം ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രിയായശേഷം നിയമസഭയിൽ നടത്തിയ പ്രസ്താവത്തിൽനിന്ന് മനസ്സിലാക്കാം.
പരിസ്ഥിതി നശിപ്പിച്ചുകൊണ്ടാണെങ്കിലും ‘വികസനം’ നടത്തണമെന്ന കാര്യത്തിൽ സി.പി.എമ്മിനെക്കാളും വാശിയുള്ള പാർട്ടിയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്രത്തിെൻറ അനുമതി തേടിയിരുന്നു. യു.പി.എ സർക്കാർ പാസാക്കിയ വനാവകാശനിയമം നടപ്പാക്കുന്നതിനുമുമ്പ് പദ്ധതിക്ക് അനുമതി നൽകുന്നതിനെ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് പഠനം നടത്തിയ സമിതിയുടെ അധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി.
യു.പി.എ സർക്കാറിൽ പരിസ്ഥിതിമന്ത്രിയായിരുന്ന ജയറാം രമേശും പദ്ധതിക്കെതിരായിരുന്നു. അങ്ങനെ അതുമായി മുന്നോട്ടുപോകാൻ സംസ്ഥാനത്തിന് കഴി ഞ്ഞില്ല. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷം കേന്ദ്ര സമീപനത്തിൽ മാറ്റമുണ്ടായി. നദീതട വൈദ്യുതി പദ്ധതികൾ വിലയിരുത്താനുള്ള വിദഗ്ധസമിതി പദ്ധതിക്ക് അംഗീകാരം നൽകി. ഇതേ കമ്മിറ്റി നാലു കൊല്ലം മുമ്പ് അതിരപ്പിള്ളിയെ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഉൾക്കൊള്ളിച്ചിരുന്നു. പരിസ്ഥിതി പ്രവർത്തകരുടെയും പദ്ധതിപ്രദേശത്തെ ആദിവാസികളുടെയും എതിർപ്പ് പദ്ധതി നടപ്പാക്കുന്നതിന് പ്രതിബന്ധമായി.
പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവത്തിൽ അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ സമവായത്തിന് ശ്രമിക്കുമെന്ന് പറയുകയുണ്ടായി. വൈദ്യുതി മന്ത്രി എം.എം. മണി ഈ വിഷയത്തിൽ മാറ്റിയും മറിച്ചും പലതും പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തിെൻറ സഹകരണത്തോടുകൂടി മാത്രമേ സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്ന് അദ്ദേഹവും പറഞ്ഞു. സമവായം ഉണ്ടാക്കുന്നതിന് ഒരു ശ്രമവും നടത്താതെ, പ്രതിപക്ഷത്തിെൻറ സഹകരണം ഉറപ്പാക്കാൻ ഒരു നടപടിയും എടുക്കാതെ, അദൃശ്യകേന്ദ്രങ്ങൾ നടത്തുന്ന പ്രവർത്തനത്തിൽ അപകടം മണക്കുന്നുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ വിശദമായി പഠിച്ചിട്ടുള്ള വി.എസ്. വിജയൻ, പരേതയായ എ. ലത തുടങ്ങിയ പരിസ്ഥിതി പ്രവർത്തകർ ഈ പദ്ധതിമൂലമുണ്ടാകാവുന്ന ദോഷങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവ സർക്കാർ തുറന്നമനസ്സോടെ പരിശോധിക്കണം. സാങ്കേതികതകളിലേക്ക് കടക്കാതെ ചില കാര്യങ്ങളിലേക്ക് പൊതുജനശ്രദ്ധ ആകർഷിക്കാൻ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്. അപൂർവ മത്സ്യസമ്പത്തുള്ള ചാലക്കുടി നദിയിലാണ് അതിരപ്പിള്ളി പദ്ധതിക്കായി അണ കെട്ടേണ്ടത്.
സിംഹവാലൻ കുരങ്ങിനുവേണ്ടി സൈലൻറ് വാലി പദ്ധതി ഉപേക്ഷിക്കണമോ എന്ന് ചോദിച്ചവരുടെ പിന്മുറക്കാർ ഇപ്പോഴും അധികാരകേന്ദ്രങ്ങളിലുണ്ട്. അവരെ ജീവജാലങ്ങളുടെ പാരസ്പര്യതയെക്കുറിച്ച് ബോധവാന്മാരാക്കാൻ എളുപ്പമല്ല. അതുകൊണ്ട് തൽക്കാലം നമുക്ക് ഈ അപൂർവത മാറ്റിവെക്കാം. ഒരു വലിയ പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനും കൃഷിക്കും ചാലക്കുടി നദിയെ ആശ്രയിക്കുന്നുണ്ട്. അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ തടസ്സമില്ലാത്ത രീതിയിൽ പദ്ധതി നടപ്പാക്കാനാകുമെന്ന് അധികൃതർ അവകാശപ്പെടുന്നു. ഇത് അനുഭവങ്ങളുമായി ഒത്തുപോകുന്ന വാദമല്ല. ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ഈ നദിയിലാണ്. അതിന് ആ പ്രദേശത്തെ ജനജീവിതത്തിൽ ഒരു പങ്കുണ്ട്. പദ്ധതി അതിനെ അട്ടിമറിക്കും. ഇത് ഒഴിവാക്കാനാകുമെന്ന അധികൃതരുടെ വാദവും മുഖവിലക്കെടുക്കാനാകില്ല. പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നു പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. നിരന്തരം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കേരള സർക്കാർ അവരുടെ വാക്കുകൾ കേൾക്കണം.
കേരളത്തിലെ വൈദ്യുതി ബോർഡിനു ജലവൈദ്യുതിക്കപ്പുറം ഒന്നിലും ഇപ്പോഴും വലിയ താൽപര്യമില്ല, അതേറ്റെടുത്തിട്ടുള്ള മറ്റു പദ്ധതികൾ വളരെ വേഗം പരാജയപ്പെട്ടിട്ടുള്ളതായി കാണാം. ബ്രഹ്മപുരം, കായംകുളം പദ്ധതികൾ ഉദാഹരണം. വിദ്യാഭ്യാസരംഗത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാൻ കാട്ടുന്ന വ്യഗ്രത ഈ രംഗത്ത് കാണാത്തതെന്താണ്? കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ വൈദ്യുതി ഉൽപാദന മാതൃകകൾ നമ്മുടെ അയൽപക്കത്തുതന്നെ കാണാൻ കഴിയും. പരിസ്ഥിതിക്ക് യോജിക്കാത്ത രീതിയിൽ വികസിച്ചതിെൻറ ഫലമായി ഒരു പ്രളയദുരന്തം അനുഭവിച്ചതിെൻറ ഓർമ മങ്ങുംമുമ്പ് ഈ പദ്ധതി കുത്തിപ്പൊക്കാൻ തീരുമാനിച്ചവർ സദുദ്ദേശ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.